നുണ പറയുന്നോടീ ഒ രു മ്പെട്ടോളെ , നീ കാരണമല്ലേടീ ഞാനച്ഛനോട് വഴക്കിട്ടിട്ടുള്ളത്

Malayalam kadha,Short story

 


നുണ പറയുന്നോടീ ഒ രു മ്പെട്ടോളെ , നീ കാരണമല്ലേടീ ഞാനച്ഛനോട് വഴക്കിട്ടിട്ടുള്ളത് “

 

“എന്ത് പറഞ്ഞാലും ശരി എനിക്കവളില്‍ നിന്നും ഡിവോഴ്സ് കിട്ടിയേ തീരുള്ളൂ സാര്‍”

 

കുടുംബകോടതിയില്‍ നിന്നും ജഡ്ജിയോട് രാമകൃഷ്ണന്‍ തീര്‍ത്ത് പറഞ്ഞു.

 

“അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ രാമകൃഷ്ണാ , ശക്തമായ ഒരു കാരണമുണ്ടെങ്കിലേ എനിക്ക് ഡിവോഴ്സ് നല്കാനാകൂ ”

 

മധ്യവയസ്കനായ ജഡ്ജി രാമകൃഷ്ണനെയും ഭാര്യ അംബികയെയും മാറി മാറി നോക്കിക്കൊണ്ട് ഗൗരവത്തോടെ പറഞ്ഞു.

 

“ഇവള്‍ കാരണമാണ് എന്റെ അച്ഛന്‍ മരിച്ചത് , ആ പാവത്തിന് ജീവിച്ചിരിക്കുമ്പോള്‍ ഒരു മനസ്സമാധാനവും ഇവള്‍ കൊടുത്തിട്ടില്ല ”

 

അംബികയെ അരിശം തീരാത്ത മട്ടില്‍ നോക്കിക്കൊണ്ട് രാമകൃഷ്ണന്‍ ജഡ്ജിയോട് പറഞ്ഞു.

 

” ഞാനിങ്ങേരുടെ അച്ഛനോട് വഴക്കിനൊന്നും പോയിട്ടില്ല സാര്‍ , അച്ഛനോട് മിക്കവാറും വഴക്കുണ്ടാക്കുന്നത് ഇങ്ങേര്‍ തന്നെയാണ് ”

 

അംബിക വിട്ടുകൊടുക്കാത്ത മട്ടില്‍ ജഡ്ജിയോട് പറഞ്ഞിട്ട് സാരിത്തലപ്പെടുത്ത് മൂക്ക് ചീറ്റിത്തുടച്ചു.

 

” നുണ പറയുന്നോടീ ഒ രു മ്പെട്ടോളെ , നീ കാരണമല്ലേടീ ഞാനച്ഛനോട് വഴക്കിട്ടിട്ടുള്ളത് ”

 

രാമകൃഷ്ണന്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടവനെ പോലെ ആക്രോശിച്ചു.

 

” വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം രാമകൃഷ്ണാ , നിങ്ങള്‍ തോന്നിയതെല്ലാം വിളിച്ച് പറയാനുള്ളതല്ല കോടതി മുറി , എന്നാലും ഒരവസരം കൂടി നല്കുന്നു ,

 

എന്താണ് ശരിക്കും സംഭവിച്ചതെന്ന് ചുരുക്കി പറയണം , എന്നിട്ട് ഞാന്‍ തീരുമാനിച്ചോളാം ഡിവോഴ്സ് നല്കണോ വേണ്ടയോ എന്ന് ”

 

ജഡ്ജി കടുത്ത ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് കണ്ണടയൂരി തൂവാല കൊണ്ട് തുടച്ചിട്ട് വീണ്ടും വെച്ചു.

 

രാമകൃഷ്ണന്‍ ഒരു നിമിഷം ആലോചിച്ചിട്ട് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി .

 

“ദേ മനുഷ്യാ നിങ്ങടപ്പനെ വേണമെങ്കില്‍ വേഗം വേറെ പെണ്ണ് കെട്ടിച്ചോണം , അല്ലെങ്കില്‍ വല്ല വൃദ്ധസദനത്തിലും കൊണ്ട് വിട്ടേക്കണം ”

 

ജോലി കഴിഞ്ഞ് സന്ധ്യാ സമയം വീട്ടിലെത്തിയ രാമകൃഷ്ണനോട് അംബിക ദേഷ്യത്തില്‍ പറഞ്ഞു.

 

” അച്ഛന്‍ എന്ത് ചെയ്തെന്നാടീ നീയീ കിടന്ന് കാറുന്നത് ? അമ്മ മരിച്ചതില്‍ പിന്നെ എന്നെയും പെങ്ങളെയും ഒറ്റാന്തടിയായി നിന്ന വളര്‍ത്തിയ അച്ഛനെ കുറിച്ച് ഈ നാട്ടിലിന്ന് വരെ ആരും മോശമായി പറഞ്ഞിട്ടില്ല ”

 

അംബിക പറഞ്ഞത് ഇഷ്ടപ്പെടാത്തമട്ടില്‍ പറഞ്ഞുകൊണ്ട് രാമകൃഷ്ണന്‍ ഷര്‍ട്ടൂരി ഹാംഗറില്‍ തൂക്കി.

 

” ഓ നിങ്ങളുടെ അച്ഛന്‍ വലിയൊരു പുണ്യാളന്‍ , ഈ പോക്കാണേല്‍ ഞാന്‍ മൂന്നാമതും പ്രസവിക്കും പക്ഷേ കൊച്ചിന്റെ തന്ത നിങ്ങളായിരിക്കില്ല നിങ്ങളുടപ്പനായിരിക്കും, അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അങ്ങേരെ നിലയ്ക്ക് നിര്‍ത്തിക്കോണം ”

 

പറഞ്ഞുകൊണ്ട് അംബിക മുഖം വെട്ടിത്തിരിച്ച് മുറിക്കുള്ളിലേക്ക് കയറി പോയി. അംബിക പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കിയ രാമകൃഷ്ണന്റെ മുഖം രോഷം കൊണ്ട് വലിഞ്ഞ് മുറുകി.

 

“അച്ഛാ , അച്ഛാ” ഉറക്കെ വിളിച്ചുകൊണ്ട് രാമകൃഷ്ണന്‍ അച്ഛന്റെ മുറിയിലേക്ക് കയറി.

 

” എന്താ രാമാ എന്തിനാ ഇത്രയും ഒച്ചയെടുക്കുന്നത് ”

 

മുറിക്കുള്ളിലിരുന്ന് പഴയ ഏതോ പുസ്തകം കണ്ണടയുടെ സഹായത്തോടെ വായിക്കുകയായിരുന്ന അറുപത്തെട്ടുകാരനായ വാസുദേവന്‍ പുസ്തകം കട്ടിലിന്റെ തലപ്പത്തേക്ക് വെച്ചിട്ട് കണ്ണടയൂരി മാറ്റിക്കൊണ്ട് രാമകൃഷ്ണനെ നോക്കി.

 

” അച്ഛന്‍ അംബികയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നുവെന്ന് കുറേ കാലമായി ഞാന്‍ കേള്‍ക്കുന്നുണ്ട് , കാ മ പ്രാന്ത് മൂത്താല്‍ വീട്ടീന്നങ്ങിറങ്ങി പൊക്കോണം , അതല്ലെങ്കില്‍ തന്തയാണെന്നൊന്നും ഞാന്‍ നോക്കില്ല ”

 

വാസുദേവന്റെ മുഖത്തിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് രാമകൃഷ്ണന്‍ അലറി.

 

“അംബികയോട് ഞാന്‍ മോശമായി പെരുമാറിയെന്നോ ? നിനക്ക് വല്ല ഭ്രാന്തായോടാ , നീയവളെയിങ്ങോട്ട് വിളിച്ചേ ഞാനൊന്ന് ചോദിക്കട്ടെ ”

 

അറുപത്തെട്ടായെങ്കിലും ആരുടെ മുന്നിലും തലകുനിച്ച് ശീലിച്ചിട്ടില്ലാത്ത വാസുദേവന്‍ രാമകൃഷ്ണന്റെ മുന്നിലും തലയുയര്‍ത്തിക്കൊണ്ട് തന്നെ കട്ടിലില്‍ നിന്നെഴുന്നേറ്റു.

 

“അവളെ വിളിക്കണോ വേണ്ടയോന്ന് ഞാന്‍ തീരുമാനിച്ചോളാം , അച്ഛന്‍ കൂടുതലൊന്നും പറയാന്‍ നില്കണ്ട , നിവര്‍ത്തികെട്ടാല്‍ പിടിച്ച് വീട്ടീന്നിറക്കി വിടും ” രാമകൃഷ്ണന്‍ വീണ്ടും വാസുദേവന് നേരെ വിരല്‍ ചൂണ്ടി.

 

“ഓഹോ നീയെന്നെ വീട്ടീന്നിറക്കി വിടുമെന്നോ ? ഈ വീടും സ്ഥലവും ഞാനുണ്ടാക്കിയതാണെടാ , നിന്റെ പെങ്ങള്‍ക്ക് കൊടുക്കേണ്ടതെല്ലാം കൊടുത്ത് തന്നാ വിട്ടത് , നിനക്ക് ആവശ്യമായ വിദ്യാഭ്യാസവും തന്നു , ഇറങ്ങി പോകേണ്ടത് നീയാണ് ”

 

വാസുദേവന്‍ കൂസലില്ലാതെ പറഞ്ഞു.

 

” തര്‍ക്കുത്തരം പറഞ്ഞാല്‍ തന്തയാണെന്നൊന്നും നോക്കില്ല തല്ലിക്കൊന്ന് കെട്ടിത്തൂക്കും കിളവാ ” രാമകൃഷ്ണന്‍ വാസുദേവന്റെ തൊട്ട് മുന്നിലെത്തി .

 

“എങ്കില്‍ നീയതങ്ങ് ചെയ്യെടാ , ധൈര്യമുണ്ടേല്‍ ചെയ്യ് , നീ നോക്കിക്കോ എനിക്കുള്ളതെല്ലാം അനാഥാലയത്തിലേക്ക് എഴുതി കൊടുത്താലും നിനക്കൊരു തരി മണ്ണ് തരില്ല ” മകന്റെ മുന്നില്‍ നെഞ്ചും നിവര്‍ത്തി നിന്ന് വാസുദേവന്‍ പറഞ്ഞു.

 

” കിളവാ തന്നെ ഞാന്‍ ” നിയന്ത്രണം തെറ്റിയ രാമകൃഷ്ണന്‍ വാസുദേവനെ പിടിച്ച് തള്ളി. നിലതെറ്റിപ്പോയ വാസുദേവന്‍ കട്ടിലിലേക്ക് വീണ് പോയി.

 

” ഇതിനൊക്കെ നീ അനുഭവിക്കുമെടാ ”

 

അത് പറഞ്ഞപ്പോള്‍ വാസുദേവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.

 

” ഇതുപോലെ പല സംഭവങ്ങളാണ് സാര്‍ ഉണ്ടായിട്ടുള്ളത് , ഇവളോരോ കുറ്റങ്ങള്‍ അച്ഛനെ കുറിച്ച് പറയും , സ്വത്തിന്റെ അവകാശം ചോദിച്ച് വഴക്കിടാന്‍ പറയും , എല്ലാം കഴിഞ്ഞിട്ട് ഒന്നുമറിയാത്തവളെ പോലെ നല്ലവളുമാകും ”

 

രാമകൃഷ്ണന്‍ ഒരു സംഭവം ഓര്‍ത്തെടുത്ത് ജഡ്ജിയോട് പറഞ്ഞുകൊണ്ട് അംബികയുടെ നേരെ വിരല്‍ ചൂണ്ടി.

 

“രാമകൃഷ്ണന്‍ പറഞ്ഞതൊക്കെ ശരിയാണോ അംബികാ ” ജഡ്ജി അംബികയെ തറപ്പിച്ച് നോക്കി. അംബിക മറുപടിയൊന്നും പറയാതെ തലകുനിച്ചു.

 

” കണ്ടില്ലേ സാര്‍ അവളുടെ അഹങ്കാരം , ലോകത്തില്ലാത്ത സകല നുണകളും അച്ഛനെ കുറിച്ച് പറഞ്ഞ് എന്നില്‍ വൈരാഗ്യമുണ്ടാക്കിയവളാണിവള്‍ , ഇങ്ങനുള്ളൊരുത്തിയോടൊപ്പം എനിക്കിനി ജീവിക്കണ്ട ” രാമകൃഷ്ണന്‍ കത്തിക്കയറി.

 

“അല്ല രാമകൃഷ്ണാ അച്ഛന്റെ ഭാഗത്തായിരുന്നു ശരിയെന്ന് രാമകൃഷ്ണനെങ്ങനെയാ മനസ്സിലാക്കിയത് ” ജഡ്ജി പുച്ഛം കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു .

 

” അച്ഛന്റെ സ്വത്ത് മുഴുവന്‍ എന്റെ പേരില്‍ നേരത്തെ തന്നെ വില്പത്രം തയ്യാറാക്കി വെച്ചിരുന്നു , അച്ഛന്‍ മരിച്ചതിന് ശേഷം വക്കീലാണ് അത് എന്റെ കൈയ്യില്‍ തന്നത് ,

 

ജീവിച്ചിരിക്കുമ്പോള്‍ തന്നെ അച്ഛനത് എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഇവള്‍ പറയുന്ന നുണക്കഥകള്‍ കേട്ട് അച്ഛനെ ഞാന്‍ വല്ല വൃദ്ധസദനത്തിലുമാക്കുമെന്ന് അദ്ദേഹം വല്ലാതെ ഭയപ്പെട്ടിരുന്നു ,

 

അങ്ങനെ സംഭവിച്ചാല്‍ അതച്ഛന് താങ്ങാനാകില്ലെന്നൊക്കെ വക്കീല്‍ പറഞ്ഞറിഞ്ഞപ്പോള്‍ നെഞ്ച് തകര്‍ന്ന് പോയി സാറേ ” രാമകൃഷ്ണന്റെ തൊണ്ടയിടറിപ്പോയി.

 

” ഓഹോ , സ്വത്തെല്ലാം കിട്ടി അച്ഛനും പോയതിന് ശേഷം മറ്റൊരാള്‍ പറഞ്ഞാണ് രാമകൃഷ്ണന് സ്വന്തം അച്ഛനെ മനസ്സിലാക്കാനായത് , അല്ലേ ?

 

നാല്പത് വയസ്സായ രാമകൃഷ്ണന് അച്ഛന്‍ വിദ്യാഭ്യാസം തന്നെങ്കിലും മനുഷ്യരെ തിരിച്ചറിയാനുള്ള വിവേകം പഠിപ്പിച്ച് തന്നില്ലെന്ന് മനസ്സിലായി ,

 

ആട്ടെ രാമകൃഷ്ണന് എത്ര മക്കളാണ് ”

 

” രണ്ട് ആണ്‍മക്കളാണ് സാര്‍ , ഒരാള്‍ ആറിലും മറ്റേയാള്‍ നാലിലും പഠിക്കുന്നു ” രാമകൃഷ്ണന്‍ അഭിമാനത്തോടെ പറഞ്ഞു.

 

“എന്തായാലും രാമകൃഷ്ണന് ഡിവോഴ്സ് നല്കാന്‍ ഞാനുദ്ധേശിക്കുന്നില്ല , അതല്ല ഡിവോഴ്സ് കിട്ടിയേ തീരുവെന്നാണെങ്കില്‍ രണ്ടുപേര്‍ക്കും ഡിവോഴ്സ് വാങ്ങി ജയിലിലേക്ക് പോകാം , അത്രയ്ക്കുണ്ടല്ലോ അച്ഛനോട് കാണിച്ച നീതികേട് , എന്താ ഡിവോഴ്സ് വേണോ ഇനി ”

 

ജഡ്ജി കണ്ണടയൂരി മാറ്റിക്കൊണ്ട് ഇരുവരെയും തറപ്പിച്ച് നോക്കി.

 

” അയ്യോ വേണ്ട സാര്‍ ” രണ്ടുപേരും പറഞ്ഞത് ഒരുമിച്ചായിരുന്നു.

 

” അതാണ് , വയസ്സ് നാല്പതല്ലേയായിട്ടുള്ളൂ രാമകൃഷ്ണന് , അംബികയ്ക്കെത്രയാ മുപ്പത്താറും ശരിയല്ലേ ” ജഡ്ജി ടേബിളിലിരുന്ന ഡിവോഴ്സ് പെറ്റീഷന്‍ പേപ്പര്‍ നോക്കിക്കൊണ്ട് ഇരുവരോടും ചോദിച്ചു .

 

” അതെ സാര്‍ ” ഇരുവരും മറുപടി പറഞ്ഞു.

 

” ജീവിതം അതിന്റെ പ്രാരംഭഘട്ടത്തിലെന്ന് പറയാവുന്ന പ്രായം , എന്തായാലും രണ്ടുപേര്‍ക്കും കൂടി രണ്ടാണ്മക്കളല്ലേ , ജീവിതമിങ്ങനെ മുന്നോട്ടും കിടക്കുകയല്ലേ ?

 

വിതച്ചതേ കൊയ്യുള്ളുവെന്നൊരു ചൊല്ലുണ്ട് , ഇനിയധികനേരം ഇവിടെ നിന്ന് കോടതിയുടെ വിലപ്പെട്ട സമയം കളയാതെ വേഗം സ്ഥലം വിട്ടോ ”

 

മുഖത്ത് ചിരി വരുത്തിക്കൊണ്ട് ജഡ്ജി പറഞ്ഞ് നിറുത്തി.

 

ജഡ്ജി പറഞ്ഞതിന്റെ യഥാര്‍ത്ഥ പൊരുള്‍ രാമകൃഷ്ണനും അംബികയ്ക്കും പെട്ടെന്ന് മനസ്സിലായില്ലെങ്കിലും കോടതി മുറിയുടെ ചുവരുകള്‍ക്ക് പോലും പൊരുള്‍ പിടികിട്ടിയിരുന്നു..

Post a Comment

© Boldskyz . All rights reserved. Developed by Jago Desain