എന്നാലും.. എന്താവും അങ്ങനെ..?
അതി കഠിനമായ ചിന്തയിൽ ആയിരുന്നു താൻ. കാരണം മറ്റൊന്നുമല്ല, തന്റെ ഭർത്താവ് കുറച്ചു ദിവസങ്ങൾ ആയി എന്തൊക്കെയോ മറക്കുന്ന പോലെയുള്ള ഒരു തോന്നൽ..
അത് ശരിയാണോ എന്ന് ആലോചിച്ചു ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഒടുവിൽ അവനോടൊപ്പം ഓഫീസിൽ ജോലി ചെയ്യുന്ന അവന്റെ ആത്മാർത്ഥ സുഹൃത്തിനെ വിളിച്ചു കാര്യം അന്വേഷിക്കാം എന്ന് കരുതി.
” ഹലോ മനു..”
അവൻ ഫോൺ എടുക്കുന്നത് വരെയും ഒരു വെപ്രാളം ആയിരുന്നു.ഫോൺ എടുത്ത് ഉടനെ ആകാംക്ഷയോടെ വിളിച്ചു.
” എന്താ ഹിമ..?”
അവൻ അന്വേഷിച്ചു.
” എനിക്ക് ഒരു കാര്യം പറയാനുണ്ട് മനു.ഞാൻ പറയുന്നത് നീ സീരിയസായി തന്നെ എടുക്കണം. കാരണം ഇത് എന്റെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്.”
പതിവില്ലാതെ ഗൗരവത്തോടെയുള്ള എന്റെ സംസാരം അവനെ ഞെട്ടിച്ചു എന്നുറപ്പാണ്.
“എന്താ കാര്യം..? ”
ആകാംക്ഷയോടെ അവൻ അന്വേഷിച്ചു.
” എടാ.നിനക്കറിയാമല്ലോ ഞാനും അവനും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഞങ്ങൾക്കിടയിൽ ഇന്നുവരെ യാതൊരു രഹസ്യങ്ങളും ഉണ്ടായിട്ടില്ല. നല്ല രീതിയിൽ തന്നെയാണ് ഞങ്ങളുടെ റിലേഷൻ മുന്നോട്ടു പോകുന്നത്.”
ഒരു ആമുഖം പോലെ ഞാൻ പറഞ്ഞു തുടങ്ങി.
” ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യമല്ലേ.. ഒന്നുമില്ലെങ്കിലും കഴിഞ്ഞ 10 -15 വർഷമായി അവനുമായി ബന്ധമുള്ള ആളല്ലേ ഞാൻ..”
മനു പറഞ്ഞപ്പോൾ അത് ശ്രദ്ധിക്കാതെ തുടർന്ന് പറയാനാണ് തനിക്ക് തോന്നിയത്.
” കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത് ആദ്യമായിട്ടാണ് ഞങ്ങൾക്കിടയിൽ ഒരു പ്രശ്നം ഉണ്ടാകുന്നത്. ചെറിയൊരു പ്രശ്നമല്ല.”
അവനോട് കാര്യങ്ങളൊക്കെ തുറന്നു പറയണമെന്ന് തോന്നിയെങ്കിലും ചെറിയൊരു ബുദ്ധിമുട്ട് താൻ അനുഭവിക്കുന്നുണ്ടായിരുന്നു.
” കാര്യം എന്താണെന്ന് വെച്ചാൽ തുറന്നു പറയൂ..”
അവൻ പ്രോത്സാഹിപ്പിച്ചു.
” ഇപ്പോൾ ഈയിടെയായി അവന്റെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. മുൻപൊക്കെ ഓഫീസ് നിന്ന് വീട്ടിലേക്ക് വരാൻ അവന് വല്ലാത്തൊരു തിടുക്കമായിരുന്നു.
പക്ഷേ ഇപ്പോൾ എത്രത്തോളം വൈകി വരാമോ അത്രത്തോളം വൈകി മാത്രമേ അവൻ വീട്ടിലേക്ക് വരുന്നുള്ളൂ.അഥവാ വന്നാലും എന്നോടൊന്നു സംസാരിക്കാൻ പോലും അവൻ താൽപര്യം കാണിക്കുന്നില്ല.
വന്ന് കുളി കഴിഞ്ഞ് ആഹാരവും കഴിച്ച് നേരെ പോയി കിടന്നുറങ്ങും. മിക്കവാറും അവന്റെ കുളിയൊക്കെ കഴിഞ്ഞ് വരുമ്പോൾ കുട്ടികൾ ഉറങ്ങിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ അവനു അവരോടൊപ്പം പോലും സമയം ചെലവഴിക്കേണ്ടി വരുന്നില്ല.
രാവിലെ ആണെങ്കിൽ നേരം വൈകി മാത്രമേ എഴുന്നേൽക്കൂ. എഴുന്നേറ്റാൽ ഉടനെ റെഡിയായി ഓഫീസിലേക്ക് പോകാനുള്ള തിടുക്കമാണ്. അതിനിടയിൽ എപ്പോഴെങ്കിലും കുട്ടികളോട് രണ്ടു വാക്ക് സംസാരിച്ചാൽ ആയി.
മുൻപ് രാവിലെ എന്നോടൊപ്പം തന്നെ എഴുന്നേറ്റു അടുക്കളയിൽ എനിക്ക് ചില സഹായങ്ങൾ ഒക്കെ ചെയ്തു തരാറുണ്ടായിരുന്നു. ഇപ്പോൾ യാതൊന്നുമില്ല.
കളിയും ചിരിയും തമാശകളും ഒക്കെ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അകന്നു പോയതു പോലെയാണ്. അവന് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്.
അവന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് മനു ഒന്ന് അന്വേഷിക്കണം. അതുകൊണ്ടാണോ അവൻ എന്നെ ഒഴിവാക്കുന്നത് എന്നറിയില്ലല്ലോ. അങ്ങനെയാണെങ്കിൽ അത് എന്നോട് തുറന്നു പറയാൻ മടിക്കരുത്. ”
അവസാന വാചകം പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇടറുന്നത് അവൻ അറിയാതിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എന്നെക്കാൾ മുന്നേ അവൻ അത് കണ്ടുപിടിച്ചു എന്ന് പിന്നീട് എനിക്ക് മനസ്സിലായി.
” എടോ താൻ വിഷമിക്കാതിരിക്ക്. അവൻ താൻ വിചാരിക്കുന്നത് പോലെ അത്ര മോശം സ്വഭാവം ഉള്ള പയ്യൻ ഒന്നുമല്ല.
അവനെ വർഷങ്ങളായി എനിക്ക് അറിയുന്നതല്ലേ..? തന്നോടുള്ള അവന്റെ പ്രണയം അവൻ ആദ്യം വെളിപ്പെടുത്തിയത് പോലും എന്നോട് ആയിരുന്നു. അന്ന് തന്നോട് എത്ര ഇഷ്ടം ഉണ്ടായിരുന്നോ അത് ഇപ്പോഴും അവനുണ്ട്.
അതിൽ ഒരിത്തിരി പോലും കുറഞ്ഞിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്. പിന്നെ അവൻ ഇങ്ങനെ വിചിത്രമായി പെരുമാറുന്നുണ്ടെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാകും. ഞാൻ അവനോട് ചോദിച്ചിട്ട് പറയാം. ”
മനു പറഞ്ഞപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.
” ഞാൻ ചോദിച്ചതാണെന്ന് പറയേണ്ട. ”
അവനെ ഓർമിപ്പിച്ചു.
“ശരി. താൻ പറഞ്ഞിട്ടാണെന്ന് എന്തായാലും ഞാൻ അവനോട് പറയില്ല. എങ്കിലും ഞാനൊരു സംശയം ചോദിച്ചോട്ടെ.. അവനെക്കുറിച്ച് ഇപ്പോൾ ഇങ്ങനെയൊരു സംശയം തോന്നാൻ എന്താ കാരണം..? ”
ആകാംക്ഷയോടെ അവൻ അന്വേഷിച്ചു. ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇത് അവനോട് മറച്ചു വയ്ക്കേണ്ട എന്ന് തോന്നി.
“അവന്റെ ഓഫീസിലേക്ക് പുതിയൊരു പെൺകുട്ടി വന്നിട്ടുണ്ട്. ഏതു സമയവും ആ പെൺകുട്ടി ഇവനെ ഫോൺ ചെയ്യുന്നത് കാണാം.അതിന് നേരവും കാലവും ഒന്നുമില്ല.
അതുമാത്രമല്ല ഇടയ്ക്ക് അവരുടെ ഓഫീസിൽ നിന്ന് ഒരു ഫാമിലി ട്രിപ്പ് പോയിരുന്നല്ലോ. അന്ന് അവന്റെ ഭാര്യയും കുടുംബവും ഒപ്പം ഉണ്ട് എന്നു പോലും ഓർക്കാതെ ആ പെൺകുട്ടി മുഴുവൻ സമയവും അവനോടൊപ്പം നടക്കാനാണ് താല്പര്യം കാണിച്ചത്.
ഞങ്ങളോടൊപ്പം വരാൻ അവനെ അനുവദിച്ചത് പോലുമില്ല. അതൊക്കെ കൂടി കണ്ടപ്പോൾ എനിക്കെന്തോ വല്ലാതെ നെഗറ്റീവ് ആയി തോന്നുന്നു.”
പറയുമ്പോൾ ഒരു വല്ലായ്മ തോന്നുന്നുണ്ടായിരുന്നു. പക്ഷേ മറച്ചു വെക്കുന്നതിൽ കാര്യമില്ല.
” താൻ ടെൻഷൻ ആവണ്ട. അവന്റെ മനസ്സിൽ എന്താണെന്ന് അവനോട് സംസാരിച്ചു കഴിഞ്ഞിട്ട് ഞാൻ തന്നെ വിളിച്ചു പറയാം. താൻ കൂൾ ആയിട്ട് ഇരിക്ക്.. ”
എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ ഫോൺ വെച്ചു. പക്ഷേ ആ വാക്കുകൾ കൊണ്ട് മാത്രം ആശ്വാസം തരാൻ പറ്റുന്നതായിരുന്നില്ല എന്റെ സംശയങ്ങൾ.
കുറച്ചു നാളായി ഭർത്താവായ വിനുവിൽ കാണുന്ന മാറ്റങ്ങൾ എന്നെ വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു. ഓഫീസിലെ സുന്ദരിയായ അസിസ്റ്റന്റിന്റെ സാന്നിധ്യം കൂടിയായപ്പോൾ, അവന് തന്നെ മടുത്തു തുടങ്ങിയോ എന്ന് പോലും താൻ ചിന്തിച്ചു.
അവനോട് സംസാരിക്കാനും അവനോട് അടുക്കാനും ഒരുപാട് ശ്രമിച്ചെങ്കിലും അവൻ ഇതുവരെയും പിടി തന്നിട്ടില്ല
.താൻ റൂമിൽ എത്തുന്നതിനു മുൻപേ ഉറങ്ങുക,അല്ലെങ്കിൽ തന്നെ അവോയ്ഡ് ചെയ്യാൻ വേണ്ടി പാട്ട് കേൾക്കുക, സിനിമ കാണുക ഇതൊക്കെയാണ് അവന്റെ രീതികൾ.
അതിന് പിന്നിലുള്ള കാരണമെന്തായാലും ഇന്ന് തന്നെ അറിയണം. പരിഹരിക്കാൻ പറ്റുന്നത് എന്തെങ്കിലുമുണ്ടെങ്കിൽ പരിഹരിക്കണം.
അതൊക്കെ ചിന്തിച്ചിരിക്കുന്നതിനിടയിൽ മനുവിന്റെ ഫോൺ എന്നെ തേടി എത്തി. ഒരു വിറയലോടെയാണ് ഫോൺ കയ്യിലേക്ക് എടുത്തത്.
താൻ ചിന്തിച്ചത് പോലെയാണ് കാര്യങ്ങൾ എങ്കിൽ ഒരിക്കലും തനിക്ക് സഹിക്കാൻ കഴിയില്ല.
“ഹലോ..”
ഫോണെടുത്ത് വിറയലോടെ ഹലോ പറഞ്ഞപ്പോൾ മറുവശത്തു നിന്ന് ദേഷ്യത്തോടെയുള്ള ഒരു സ്വരമാണ് കേട്ടത്.
” നിനക്ക് എന്തിന്റെ കേടാ ഹിമ..? ഞാനിപ്പോൾ അവനെ വിളിച്ച് സംസാരിച്ചിരുന്നു. അവൻ സംസാരിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായ ഒരു കാര്യം നിന്നോട് പറഞ്ഞു തരാം. ”
അവൻ ഗൗരവത്തോടെ പറഞ്ഞപ്പോൾ ആകാംക്ഷയോടെ ഞാൻ ചെവി കൂർപ്പിച്ചു.
” നീ ഇപ്പോൾ എന്നോട് പരാതി പറഞ്ഞില്ലേ അവൻ വൈകിയാണ് വീട്ടിലേക്ക് വരുന്നത് നേരത്തെ വീട്ടിൽ നിന്ന് പോകുന്നു എന്നൊക്കെ. അതിനുള്ള കാരണം എന്താണെന്ന് നീ ഓർത്തു നോക്കിയിട്ടുണ്ടോ..?
മുൻപ് വീട്ടിലിരിക്കാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അവൻ ഇപ്പോൾ വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്നില്ല എങ്കിൽ അതിനു പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ടാകില്ലേ..? ആ കാരണം എന്താണെന്നോ.. അത് നീയാണ്.. ”
അവൻ പറഞ്ഞപ്പോൾ തനിക്ക് ഒരു അമ്പരപ്പാണ് തോന്നിയത്.
“ഞാനെന്തു ചെയ്തെന്ന്..”
ചോദിക്കുമ്പോൾ ശബ്ദം വിറച്ചിരുന്നു.
” നീ നേരത്തെ പറഞ്ഞില്ലേ അവന്റെ ഓഫീസിലേക്ക് പുതിയൊരു പെൺകുട്ടി വന്നു എന്ന്. അന്നുമുതൽ നിനക്ക് അവനെ സംശയം ആണ് എന്നാണ് അവൻ പറയുന്നത്.
ആ പെൺകുട്ടി വിളിക്കുന്ന സമയം മുഴുവൻ നീ അവനെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാവും. നീ കരുതുന്നതു പോലെ അവന് ആ പെൺകുട്ടിയോട് യാതൊരു തരത്തിലുള്ള അടുപ്പവും ഇല്ല.
ഇതിപ്പോൾ നീയാണെങ്കിൽ പോലും പുതിയൊരു സ്ഥലത്തേക്ക് ജോലിക്ക് പോയാൽ അവിടത്തെ സീനിയർ ആയ ഒരാളോടൊപ്പം നിന്ന് ജോലികൾ പഠിച്ചെടുക്കാൻ അല്ലേ ശ്രമിക്കുക.
അവരെ ആശ്രയിക്കുക എന്നല്ലാതെ പുതിയൊരു ചുറ്റുപാടിൽ നിനക്ക് മറ്റൊന്നും ചെയ്യാൻ ഉണ്ടാവില്ല. അതുതന്നെയാണ് ആ പെൺകുട്ടിയും ചെയ്യുന്നത്. ഈ നാട്ടിലുള്ളതല്ല ആ കുട്ടി എന്നറിയാമല്ലോ. അവൾക്ക് ഈ നാട്ടിൽ ആകെ പരിചയം അവനെയാണ്.
അതുകൊണ്ടാണ് അന്ന് ടൂറിനു പോയപ്പോൾ പോലും അവനോടൊപ്പം നടക്കാൻ അവൾ താൽപര്യം കാണിച്ചത്. അവൾക്ക് അവൻ ഒരു സഹോദരന്റെ സ്ഥാനത്താണെന്ന് അവൾ പറയാറുണ്ടെന്ന് അവൻ പറഞ്ഞു.
പിന്നെ മറ്റൊരു കാര്യം കൂടി പറഞ്ഞു. അവൾ വന്നതിനു ശേഷം അവളെ കണ്ടോ അവൾ എന്തു പറഞ്ഞു എന്നൊക്കെ ചോദിച്ചു നീ അവനെ സമാധാനം കൊടുക്കാറില്ല എന്ന്.
ഇപ്പോൾ ഓഫീസ് വിട്ടാൽ വീട്ടിലേക്ക് പോകാൻ തോന്നാത്തതു കൊണ്ട് പിന്നെയും കുറെ സമയം ഓഫീസിൽ ഇരുന്ന് ഓവർടൈം ഒക്കെ ചെയ്തിട്ടാണ് അവൻ വരുന്നത്. അത്രത്തോളം അവന് വീട്ടിൽ കയറാൻ മടുപ്പ് തോന്നി തുടങ്ങിയിട്ടുണ്ട്.
നിന്നെപ്പോലെയുള്ള കുറെ ഭാര്യമാരാണ് ഭർത്താക്കന്മാരുടെ സമാധാനം കളയുന്നത്.എന്നിട്ട് അവസാനം കുറ്റം മുഴുവൻ ഭർത്താവിനായിരിക്കും.. ”
അവൻ പറഞ്ഞ വാക്കുകൾ കേട്ട് താൻ സ്തംഭിച്ചു പോയി.
” ഒരു കാര്യം കൂടെ ഞാൻ പറഞ്ഞേക്കാം. അവന് സമാധാനം കൊടുക്കാതെ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി വെച്ചിട്ട് അവസാനം അവൻ കൈവിട്ടു പോകുമ്പോൾ പിന്നെ നെഞ്ചത്തടിച്ചു കരഞ്ഞിട്ട് കാര്യമില്ല.
നിന്റെ സംശയരോഗം അവസാനിപ്പിച്ചാൽ തന്നെ നിങ്ങളുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകും. ”
ഒരു വാണിംഗ് പോലെ പറഞ്ഞുകൊണ്ട് മനു കട്ടാക്കുമ്പോൾ, ശരിക്കും തനിക്ക് തെറ്റു പറ്റിയതാണോ എന്ന് ഓർക്കുകയായിരുന്നു ഞാൻ…