കാലെടുത്തു വെച്ചത് കുലം മുടിക്കാൻ ആയിരുന്നോ ” എന്ന് അമ്മായിഅമ്മ മുഖത് നോക്കി

Malayalamstory, kadhakal,


വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുംമുന്നേ ഭർത്താവ് മരിച്ച ഹതഭാഗ്യയായ പെണ്ണായി മാറി ജാനകി.

 

“കാലെടുത്തു വെച്ചത് കുലം മുടിക്കാൻ ആയിരുന്നോ ” എന്ന് അമ്മായിഅമ്മ മുഖത് നോക്കി ചോദിച്ചപ്പോൾ ഇനിയുള്ള അവിടുത്തെ ജീവിതം ദുസ്സഹമാണെന്ന് മനസ്സിലാക്കി ആ പടിയിറങ്ങി.

 

കെട്ടിക്കേറിയ വീട് ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് വരുമ്പോൾ അമ്മ നിറകണ്ണുകളോടെ ആണ് സ്വീകരിച്ചത്.

 

” എന്റെ മോൾക്ക് ഈ ഗതി വന്നല്ലോ ” എന്നും പറഞ്ഞ് കരയുന്ന അമ്മയെ വെറുതെ നോക്കിനിൽകുമ്പോൾ വാതിക്കൽ നിന്ന് പുറത്തേക്കെത്തിനോക്കിയ ഏട്ടത്തിയമ്മ മുഖം കറുപ്പിച്ചുകൊണ്ട് ഉൾവെലിയുന്നത് കണ്ടു.

 

“മോള് പോയി കുളിച്ചിട്ട് വാ, അമ്മ ചായ എടുക്കാം ” എന്ന് പറയുമ്പോൾ പതിയെ തലയാട്ടി അകത്തേക്ക് നടന്നു ജാനകി. ഏട്ടന്റെ മുറിക്ക് മുന്നിലെത്തുമ്പോൾ ഉള്ളിൽ നിന്ന് ഏട്ടത്തിയമ്മയുടെ മുറുമുറുപ്പ് കേൾക്കാമായിരുന്നു.

 

” ദേ, കയ്യിലൊരു ബാഗുമായി വന്നുകേറിയിട്ടുണ്ട് അനിയത്തി. കെട്ടിച്ചുവിട്ടപ്പോൾ അതങ്ങ് പോയെന്ന് കരുതിയതാ.

 

സ്വന്തം കെട്യോന്റെ കാലനായി ദേ, കേറി വന്നിരിക്കുന്നു നിങ്ങടെ പുന്നാരപെങ്ങൾ. കെട്യോൻ ചത്താലും ഇനി അതാണ് അവള്ടെ വീട്. അവിടെ ഏതേലും റൂമിൽ ഒതുങ്ങിക്കൂടിയാൽ പോരെ അവൾക്ക്. ”

 

കെട്യോൾടെ മുറുമുറുപ്പ് കേൾക്കുമ്പോൾ ജനകന് ദേഷ്യം വരുന്നുണ്ടായിരുന്നു. ഒരിറ്റ് ദയപോലും ഇല്ലാതെ എങ്ങനെ ഇവൾക്കിങ്ങനെ സംസാരിക്കാൻ കഴിയുന്നു എന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും.

 

ആരോട് എന്ത് പറയണമെന്നൊ, എങ്ങനെ പെരുമാറണമെന്നോ അറിയാത്ത ഒരു മരക്കഴുതയാണല്ലോ തന്റെ ഭാര്യ എന്നോർക്കുമ്പോൾ പുച്ഛമൊക്കെ തോന്നാറുണ്ട്.

 

കുറെ പണമുള്ളതിന്റെ അഹങ്കാരം മാത്രം തലയ്ക്ക് പിടിച്ചുനടക്കുന്നവൾ. ഏത് സമയത്ത് ആണാവോ ഇതിനെ തലയിൽ ചുമക്കാൻ തോന്നിയത് എന്നോർത്തുകൊണ്ടായിരുന്നു ജനകൻ മുഖമുയർത്തിയത്.

 

” അവള് വന്നത് അവളുടെ കൂടെ വീട്ടിലേക്ക് ആണ് . അതിന് നിനക്ക് എന്താ? അവൾക്കിവിടെ താമസിക്കാൻ നിന്റ അനുവാദം വേണോ ശുഭേ? അളിയൻ മരിച്ചപ്പോൾ അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരേണ്ടത് നമ്മളാണ്.

 

അതിന് പകരം ജീവിതം തുടങ്ങുംമുൻപ് വലിയ ഒരു നഷ്ട്ടം സഹിക്കേണ്ടി വന്ന അവളെ പിന്നെയും നോവിക്കാൻ ആണോ നീ ശ്രമിക്കുന്നത്? നീയൊക്കെ ഒരു സ്ത്രീ ആണോ..”

 

” അല്ല, ഞാൻ സ്ത്രീ അല്ല.. ന്തേ…. എന്റെ കയ്യിലെ കാശ് മുടക്കിയാണ് അവളെ ഇവിടെ നിന്ന് ഒന്ന് പറഞ്ഞ് വിട്ടത്. അല്ലാതെ നിങ്ങൾ സമ്പാദിച്ച കാശ് കൊണ്ടൊന്നും അല്ലല്ലോ.

 

എന്നിട്ട് ഇപ്പോൾ ഇനീം അവളുടെ കാര്യം നോക്കണം എന്നൊക്കെ പറഞ്ഞാൽ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്.

 

ഇനി നിങ്ങൾ സമ്പാദിക്കുന്ന കാശ് കൊണ്ട് നോക്കിക്കൊള്ളാം എന്ന് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. എന്റെ മക്കൾ അനുഭവിക്കേണ്ടത് മറ്റൊരാൾ അങ്ങനെ അനുഭവിക്കണ്ട കെട്ടി മൂന്ന് മാസം തികഞ്ഞില്ല, അപ്പോഴേക്കും കെട്യോൻ ചത്തില്ലേ.

 

അത്ര ഉണ്ട് അവളുടെ രാശി. ഇനി നിങ്ങൾ എന്താണെന്ന് വെച്ചാ തീരുമാനിച്ചോ. പക്ഷേ, അവളെ ഇവിടെ തന്നെ നിർത്താൻ ആണ് ഉദ്ദേശമെങ്കിൽ ഞാൻ എന്റെ പാട്ടിന് പോകും മക്കളേം കൊണ്ട്. പറഞ്ഞില്ലെന്നു വേണ്ട. ”

 

അവള് കലിതുള്ളി വാതിൽ തുറക്കുമ്പോൾ എല്ലാം കേട്ട് നിറകണ്ണുകളുമായി നിൽക്കുകയായിരുന്നു ജാനകി.

 

” കണ്ടില്ലേ, എല്ലാം ഒളിഞ്ഞുനിന്ന് കേൾക്കുന്നത്. എന്നിട്ട് ആളെ കാണുമ്പോൾ ഒരു കള്ളക്കരച്ചിലും”

 

ശുഭ ജാനകിയെ പരിഹസിച്ചുകൊണ്ട് പുറത്തേക്ക് പോകുമ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുകയായിരുന്നു ജനകൻ.

 

അന്ന് രാത്രി ജാനകി കിടക്കുന്ന മുറിയിലേക്കവൻ ചെന്നു. അവിനെ കണ്ട മാത്രയിൽ കിടക്കയിൽ നിന്നവൾ എഴുന്നേൽക്കുമ്പോൾ അവൾക്കരികിൽ ചെന്നിരുന്നു അവൻ.

 

” മോൾക്ക്‌ വിഷമായല്ലേ. നിനക്കറിയാലോ അവള്ടെ സ്വഭാവം. അതുകൊണ്ട് ഇതൊന്നും നീ കാര്യമാക്കണ്ട ”

 

അയാൾ അവളുടെ മുടിയിലൂടെ ഒന്ന് തലോടി.

 

“ഏട്ടാ… എനിക്കൊരു ജോലി ശര്യാക്കിത്തരോ? ”

 

അവള് ചോദിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നി ജനകന് . അത്യാവശ്യം പഠിപ്പുണ്ട്, ഈ അവസ്ഥയിൽ ഇങ്ങനെ ചടഞ്ഞിരുന്നാൽ മനസ്സ് പിന്നെയും കൈവിട്ട് പോകുകയേ ഉള്ളൂ. അതിന്റ കൂടെ ശുഭയുടെ കുത്തുവാക്ക് കൂടി ആകുമ്പോൾ ചിലപ്പോൾ..

 

അതിൽ നിന്നെല്ലാം ഒരു മാറ്റത്തിന് ഇപ്പോൾ ഒരു ജോലി നല്ലതാണ്. എന്തെങ്കിലും കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞാൽ മനസ്സൊന്നു ശാന്തമാകും.

 

” ഞാൻ ശ്രമിക്കാം മോളെ… പിന്നെ നീ ഇങ്ങനെ റൂമിൽ തന്നെ ചടഞ്ഞിരിക്കരുത്. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് കരുതണ്ട. , ഇത് നിന്റ വീടാണ്. കേട്ടല്ലോ. പണ്ടാരോ പറഞ്ഞുകേട്ടിട്ടില്ലേ.. കുരക്കും പട്ടി കടിക്കില്ല എന്ന്. അത്രേ ഉള്ളൂ നിന്റ ഏട്ടത്തിയമ്മ. ”

 

അവൻ ചിരിയോടെ അവളുടെ മുടിയിലൂടെ ഒന്നുകൂടി തലോടിക്കൊണ്ട് റൂം വിട്ട് പുറത്തിറങ്ങി.

 

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീഴുമ്പോൾ കുറെ ഒക്കെ മാറിയിരുന്നു ജാനകി. ഏട്ടത്തിയമ്മ ഓരോന്ന് കുത്തി കുത്തി പറയുമ്പോഴും മൗനം പാലിച്ചവൾ മാറി നില്കും.

 

നോട്സ്സിലെ ന്തെങ്കിലും സംശയം ചോദിക്കാനായി ജാനകിക്കരികിൽ വരുന്ന കുട്ടികളെ പോലും ശുഭ അകറ്റിനിർത്താൻ തുടങ്ങി.

 

” അവര് ചെറിയ കുട്ടികളല്ലേ ശുഭേ, നീയെന്തിനാ അവരെ കൂടി നിന്റ സ്വഭാവം പഠിപ്പിക്കുന്നത്. ”

 

അവളെ കളിയാക്കുന്ന ജനകനെ ശുഭ വെറുപ്പോടെ നോക്കി.

 

” അല്ലേലും എന്റെ സ്വഭാവം മോശമാണല്ലോ. സഹിക്കാൻ പറ്റില്ലെങ്കിൽ എന്നെ എന്റെ വീട്ടിൽ കൊണ്ടുവിട്ടേക്ക്. ഇവിടത്തേക്കാൾ സന്തോഷം കിട്ടും അവിടെ. ന്തേ, കൊണ്ടുവിടുന്നില്ലേ? ”

 

അവള് പുച്ഛത്തോടെ ചോദിക്കുമ്പോൾ അവൻ പുഞ്ചിരിച്ചുകൊണ്ട് തല താഴ്ത്തി. കുറെ ആയി കേൾക്കുന്നതാണ് ഇതെല്ലാം. അവളുടെ അപ്പൻ തന്ന കാശ് കൊണ്ട് ഒരു ബിസിനസ് തുടങ്ങിയത് മുതൽ എല്ലാം അവളുടെ കാൽകീഴിൽ ആണെന്ന വിചാരം.

 

അന്ന് രാത്രി കിടക്കുന്നതിന് മുന്നേ മക്കളെ അടുത്ത് വിളിച്ചു ജനകൻ.

 

” മക്കൾക്ക് അച്ഛനെ ആണോ അമ്മയെ ആണോ കൂടുതൽ ഇഷ്ടം? ”

 

കുട്ടികൾ ആലോചിക്കുകപ്പോലും ചെയ്യാതെ മറുപടി പറഞ്ഞിരുന്നു ” അച്ഛനെ ” എന്ന്.

 

അത് കേട്ടതോടെ തൊട്ടപ്പുറത്ത്‌ എല്ലാം കേട്ടിരിക്കുന്ന ശുഭയ്ക്ക് ദേഷ്യം ഒന്നുകൂടി കൂടി.

” ഓഹ്, മക്കളെ എല്ലാം പഠിപ്പിച്ചു വെച്ചേക്കുവാനല്ലേ ” എന്നും പറഞ്ഞവൾ ഒച്ചയെടുത്തപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചുണ്ടിൽ കൈ പതിയെ എന്ന് ആംഗ്യം കാട്ടി.

 

” പിള്ള മനസ്സിൽ കള്ളം ഇല്ല എന്നല്ലേ. നിന്റ ഓരോ പ്രവർത്തിയും അവരെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് ഇപ്പോൾ മനസ്സിലായോ.”

 

അവൻ കുറച്ചു നേരം മൗനം പാലിച്ചു.

പിന്നെ അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു.

 

” ഈ അന്തരീക്ഷം നിനക്ക് പറ്റുന്നില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് നാളെ നമുക്ക് ഒരു യാത്ര പോവാം. ഇവിടെ നിന്നൊന്ന് മാറി നിൽക്കുമ്പോൾ നിന്റ ഈ ദേഷ്യമൊക്കെ ഒന്ന് മാറും. ”

 

അത് അവൾക്കൊരു സന്തോഷം ആയിരുന്നു. ഇതുവരെ തോന്നാത്ത ഒരു കാര്യം ഭർത്താവിന് തോന്നിയല്ലോ എന്ന് ചിന്തിച്ചുകൊണ്ടാണ് അവള് കിടന്നത്.

 

രാവിലെ പോകാൻ റെഡിയായി അത്യാവശ്യം ഉള്ള ഡ്രസ്സ്‌ ഒക്കെ വെച്ച ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ മുന്നിൽ നിൽക്കുന്ന ജാനകിയെ പുച്ഛത്തോടെ നോക്കി ശുഭ.

 

പിന്നെ അമ്മയോട് ” ഞങ്ങളൊരു ടൂർ പോവാ ” എന്നും പറഞ്ഞ് കാറിനടുത്തേക്ക് നടന്നു.

.ഇന്നലെ വരെ അങ്ങനെ ഒരു യാത്രയെ കുറിച്ചൊന്നും ജനകൻ പറയാതിരുന്നതിനാൽ അമ്മ അന്തംവിട്ട് നിൽക്കുകയായിരുന്നു.

 

” ഇതെന്താ മോനെ ആരോടും പറയാതെ പെട്ടന്നൊരു യാത്ര…. ”

 

അവൻ അമ്മയെ ഒന്ന് ചേർത്തുപിടിച്ചു.

 

” ചില യാത്രകൾ അങ്ങനെ ആണമ്മേ.. പറയാതെ ചെയ്യണം.. അനിവാര്യമായ യാത്രകൾ മാറ്റിവെക്കാൻ കഴിയില്ലല്ലോ. ഇന്നലെ രാത്രി ആണ് ഞാനും ഈ യാത്രയ്ക്ക് വേണ്ടി മനസ്സിനെ ഒന്ന് പാകപ്പെടുത്തിയത്. അപ്പൊ ഞാൻ പോയി വരാം…. പോട്ടെ മോളെ ”

 

രണ്ട് പേരോടും യാത്ര പറഞ്ഞ് ജനകൻ കാറിൽ കയറി.

 

കുറെ ദൂരം മുന്നോട്ട് പോയ വണ്ടി അവളുടെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞപ്പോൾ ശുഭ സംശയത്തോടെ അവനെ നോക്കി.

 

” നിന്റ അച്ഛനെ ഒന്ന് കാണേണ്ട കാര്യം ഉണ്ട്. ”

 

കൂടുതൽ ഒന്നും പറയാതെ മുന്നോട്ട് എടുത്ത കാർ അവളുടെ വീടിന്റ ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറിനിന്നു.

 

അവരെ പ്രതീക്ഷിച്ചപ്പോലെ അവളുടെ അച്ഛൻ വേഗം പുറത്തേക്കിറങ്ങി വന്നു.

 

” മോൻ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞല്ലോ. ന്താ അത് ”

 

അയാൾ ആശ്ചര്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ജനകൻ പുഞ്ചിരിയോടെ കാറിലെ പെട്ടിയിൽ നിന്ന് ഒരു കെട്ടെടുത്ത്‌ അയാൾക് നേരേ നീട്ടി.

 

” ഇത് അച്ഛൻ തന്ന കാശ് ആണ്. ഇത് അച്ഛൻ വാങ്ങണം ”

 

അതും പറഞ്ഞവൻ ആ കാശ് അയാളുടെ കയ്യിൽ വെച്ച് കൊടുത്തു.

 

ഇനി ഒന്നുകൂടി ഇവിടെ ഏൽപ്പിക്കാനുണ്ട്. ഒരിക്കൽ എന്റെ കയ്യിൽ പിടിച്ച് ഏൽപ്പിച്ചതാണ്.

അതിപ്പോ വളർന്ന് തലയ്ക്ക് മീതെ ആയി. വെട്ടിമാറ്റാൻ മനസ്സ് പറഞ്ഞതാണ്. പിന്നെ തോന്നി, പറിച് നടുന്നതാണ് നല്ലതെന്ന്. ”

 

അതും പറഞ്ഞവൻ ശുഭയുടെ കൈ പിടിച്ച് അയാളുടെ കയ്യിൽ വെച്ചുകൊടുത്തു.

 

” ബന്ധങ്ങൾ തിരിച്ചറിയാൻ ചില പെണ്ണുങ്ങൾക്ക് കഴിയാറില്ല. പണത്തിനു മീതെ ഒന്നും പറക്കില്ലെന്ന അഹങ്കാരം.

 

പക്ഷേ, സ്നേഹമെന്നത് അതിനേക്കാൾ ഒക്കെ മേലെയാണ്. അതിവൾക്ക് മനസ്സിലാവണമെങ്കിൽ …… ഇല്ല, ഇവൾക്ക് മനസ്സിലാവില്ല. അതുകൊണ്ട് ഇവളിവിടെ നിൽക്കട്ടെ.

 

ആളുകളെ മനസ്സിലാക്കാനും പെരുമാറാനും പഠിക്കുന്ന അന്ന് താല്പര്യം ഉണ്ടെങ്കിൽ ഇവൾക്ക് അങ്ങോട്ട് വരാം , പക്ഷേ വരുമ്പോൾ പണക്കാരി എന്ന അഹങ്കാരം കൊണ്ട് വരരുത്, എന്റെ ഭാര്യയായി വരണം. എല്ലാവരേം സ്നേഹിക്കാൻ കഴിയുന്നവൾ.. ”

 

അവൻ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് മക്കളെയും കൂട്ടി തിരികെ കാറിൽ കയറുമ്പോൾ അവളേക്കാൾ ദേഷ്യത്തോടെ ഒരാള് അതെല്ലാം കണ്ട് അകത്തു നിൽപ്പുണ്ടായിരുന്നു,

 

ശുഭയുടെ അനിയന്റെ ഭാര്യയായ ഹിമ.

 

പുതിയൊരു യുദ്ധത്തിനുള്ള കോപ്പ് കൂടാനെന്നപ്പോലെ അവള് ദേഷ്യത്തോടെ അകത്തേക്ക് നടന്നു സ്വന്തം ഭർത്താവിന്റെ അരികിലേക്ക്……


Post a Comment

© Boldskyz . All rights reserved. Developed by Jago Desain