മുഷിഞ്ഞവസ്ത്രങ്ങളുമായി കയറിയ അവർക്കു വേണ്ടി ആരും സീറ്റ് നൽകിയില്ല
അച്ഛാ… അമ്മ എന്താ വരാത്തത്.വേഗം വരുമെന്ന് പറഞ്ഞുപോയതല്ലേ.എന്നിട്ടും അമ്മ വരുന്നില്ലല്ലോ.. ഉണ്ണിക്ക് വിശക്കുന്നുണ്ടല്ലോ.
എന്താ അച്ഛാ.. അമ്മ വരാത്തത്?
മുറിയിൽ എന്തൊക്കയോ ചിന്തകളുമായി മല്ലിടുകയായിരുന്ന കൃഷ്നുണ്ണി തലയുയർത്തി മകനെ നോക്കി…. ആ കുഞ്ഞുകണ്ണുകൾ നിറഞ്ഞൊഴുകുന്നു… ചുണ്ടുകൾ ഒരു തേങ്ങലിൽ വിതുമ്പുന്നു…
അമ്മ.. ഇനി വരില്ലടാ മുത്തേ.. അമ്മ പോയി.
അമ്മയ്ക്ക് നമ്മളെ വേണ്ട.. ഇനി അമ്മ വരില്ല.
അച്ഛൻ കള്ളം പറയല്ലേ.അമ്മ വരും.. ഉണ്ണിയോട് പറഞ്ഞിട്ട് പോയതാ.. മരുന്നിനു പോയിട്ട് വരാം.. ഉണ്ണി നല്ലകുട്ടിയായി അച്ഛന്റെ കൂടെ ഇരിക്കണം. ഉണ്ണിക്ക് കഴിക്കാൻ ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട് അച്ഛനെ ശല്യം ചെയ്യരുത് എന്നൊക്കെ..
എന്നിട്ട് അമ്മ വരാതിരിക്കോ.ഇല്ല.വരും..
എന്തുമറുപടി പറയണമെന്നറിയാതെ കൃഷ്ണുണ്ണി മകന്റെ മുഖത്തേക്ക് നോക്കി.ഓർമ്മകൾ കൂടുവിട്ടലയുന്ന കിളിക്കളെ പോലെ അയാളുടെ ചുറ്റും പറന്നു.
ഹലോ.. ഇത് ലേഡീസ് സീറ്റാണെന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടുക്കൂടെ.. ഒന്ന് മാറിയേ.എനിക്ക് കാലു വേദനിക്കുന്നു..
ബസിൽ ഇരിക്കുന്ന കൃഷ്ണനുണ്ണി പെൺശബ്ദം കേട്ടു നോക്കി.സീറ്റിൽ ഇരിക്കാൻ വന്ന ഈ പെൺകുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. അവളെ തന്നെ നോക്കി ആലോചിച്ചു..
ഡോ.ഒന്ന് എഴുന്നേൽക്കാവോ.. പറഞ്ഞത് കേട്ടില്ലേ…
വീണ്ടും അവളുടെ ശബ്ദം.. കൃഷ്ണനുണ്ണി എഴുന്നേറ്റ് മാറിക്കൊടുത്തു..
ആ മാഷിനെ എഴുന്നേൽപ്പിച്ചോ ഈ കൂട്ടി..
ടിക്കറ്റ് കൊടുക്കാൻ വന്ന കണ്ടക്ക്ട്രർ ചോദിച്ചു..
ഈ കുട്ടിക്ക് സീറ്റ് വേണം.ആരെങ്കിലും ഇരിക്കുന്നത് കണ്ടാൽ എഴുന്നേല്പിക്കും.നമ്മുടെ പിഷാരടിയുടെ മകൾ ആണ്.. കോളേജിൽ പഠിക്കുവാ..
അത് കേട്ട് അവൾ അയാളെ ഒന്ന് നോക്കി.ചുണ്ടുകൾ കൂർപ്പിച്ചു.. അരികിലേക്ക് വന്നു ടിക്കറ്റ് കൊടുത്ത ദാമുവിനോട് പറഞ്ഞു.എല്ലാം എന്തിനാ മറ്റുള്ളവരോട് പറയണേ.. നിക്ക് ഇഷ്ടം അല്ലാട്ടോ..
എന്റെ മോളെ.അത് ഇവിടെ പുതുതായി വന്ന മാഷാണ്. നിങ്ങളുടെ വാടകക്കാരൻ.മോള് കണ്ടിട്ടില്ലേ.. അത് കൊണ്ട് പറഞ്ഞതാ..
ഉം. ഞാൻ കണ്ടിട്ടില്ല.. ന്നാലും ആരോടും പറയാൻ നിൽക്കണ്ട എന്റെ ജാതകം കേട്ടോ..
ഓ.. ആയിക്കോട്ടെ.ഞാൻ ഒന്നും പറയാനില്ല..
അതായിരുന്നു തുടക്കം.പിന്നെ കണ്ടുമുട്ടൽ പതിവായി.പക്ഷെ ഒരിക്കൽ പോലും അവളെ വീടിനടുത്തൊന്നും കണ്ടില്ല.. അയാൾ താമസിക്കുന്നത് അവളുടെ വീടിനടുത്തു തന്നെ… എന്നിട്ടും കാണാൻ ആഗ്രഹിച്ചിട്ട് പോലും കാണാൻ കഴിഞ്ഞില്ല..
ഒരു ദിവസം വരുമ്പോൾ പതിവ് പോലെ അവൾ ഇരിക്കുന്നതിനു പുറകിലായി അയാൾ ഇരുന്നു തളർന്നുറങ്ങുന്ന ഒരു കുഞ്ഞുമായി ഒരുസ്ത്രീ കയറി.മുഷിഞ്ഞവസ്ത്രങ്ങളുമായി കയറിയ അവർക്കു വേണ്ടി ആരും സീറ്റ് നൽകിയില്ല.. അവൾ എഴുനേറ്റ് അവരോട് അവിടെ ഇരിക്കുവാൻ പറഞ്ഞു.അപ്പോൾ അവൾക്കടുത്തു ഇരുന്നുയാത്ര ചെയ്‌ത സ്ത്രീ സമ്മതിച്ചില്ല.. അവർക്ക് വൃത്തിയില്ല അത് കൊണ്ട് അരികിൽ ഇരുത്തില്ല എന്ന്..
🔻
പെണ്ണിന്റ കണ്ണുകൾ കോപത്താൽ ചുവന്നു. അതെന്താ അവർ മനുഷ്യസ്ത്രീ അല്ലെ.ചിലപ്പോൾ അവർക്ക് നല്ല വസ്ത്രം ഇല്ലായിരിക്കും.ഒരു അമ്മ അല്ലെ അവർ.അവരുടെ ചുമലിൽ തളർന്നു കിടക്കുന്ന കുഞ്ഞിനെ നിങ്ങൾ കണ്ടില്ലേ.. നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇരിക്കണ്ട.അവർക്ക് സീറ്റ് കൊടുത്തേപറ്റു..
അവളുടെ വാക്കുകളുടെച്ചുട് അറിഞ്ഞിട്ടാവണം അവർ എഴുന്നേറ്റുമാറി .അമ്മയും കുഞ്ഞും അവിടെ ഇരുന്നു.അവൾ അവരോട് എന്തൊക്കയോ ചോദിച്ചു.കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ടുപോകുകയാണവർ. കയ്യിൽ നിന്നും കുറച്ചു പൈസ അവർക്കു നൽകി അവൾ ഇറങ്ങിപ്പോയി..
അവൾ മനസ്സിൽ കയറുകയായിരുന്നു.. നാട്ടിൽ പോയി തിരിച്ചു വന്നപ്പോൾ മുതൽ അവളെ കണ്ടില്ല.. ബസിൽ തിരക്കിയപ്പോൾ അവളുടെ കല്യാണം ആണെന്ന് പറഞ്ഞു.സ്വപ്നങ്ങൾ വാടിക്കരിയുന്നത് അയാൾ അറിഞ്ഞു.. തന്റെ മനസ്സ് അവളോട് തുറന്നു പറയാൻ കഴിയാതെ പോയതോർത്തു വിഷമിച്ചു…. എന്തോ നഷ്ടബോധം മനസ്സിനെ ഉലച്ചു..
പിന്നീട് അറിഞ്ഞു.അവളുടെ കല്യാണം മുടങ്ങിയത്.കല്യാണചെറുക്കൻ ഏതോ ആക്സിഡന്റിൽ ഹോസ്പിറ്റലിൽ ആയി.
.അയാളെ തിരക്കി മറ്റൊരു പെൺകുട്ടി വന്നു.അയാളുടെ ഭാര്യഎന്നലേബലിൽ…
അങ്ങനെ വന്നു കല്യാണം മുടങ്ങിയെന്നറിഞ്ഞപ്പോൾ സത്യത്തിൽ അയാൾക് സന്തോഷം ആയിരുന്നു.ഇനിയും താമസിക്കാതെ അവളുടെ അച്ഛനെ കണ്ടു അവളെ കല്യാണം കഴിച്ചു തരുമോ എന്ന് ചോദിക്കണം.. അയാൾ തീരുമാനിച്ചു..
വീട്ടിൽ നിന്നും അമ്മയുമായി അയാൾ പോയി അവളുടെ അച്ഛനോട് സംസാരിച്ചു.അവളും ചേച്ചിയും മാത്രമാണ് മക്കൾ.ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് അവർ അവിടെ തന്നെ താമസം.. അവളുടെ അച്ഛനും സമ്മതിച്ചു.പിന്നെ കല്യാണം.. അപ്പോഴും അവളുടെ സമ്മതം അയാൾക് കിട്ടിയില്ല.അവൾ അയാളോട് ഒന്നും സംസാരിച്ചില്ല..
കല്യാണരാത്രിയിൽ അവളെയും കാത്തിരുന്ന മുറിയിലേക് അവൾ എത്തി.. അയാൾ അണിയിച്ച താലിമാല അണിഞ്ഞു നെറ്റിയിൽ സീന്ധുരം ചാർത്തി.അയാളുടെ ഭാര്യ ആയിതന്നെ… എനിക്ക് ഒരു കാര്യം പറയാനുണ്ട് മാഷിനോട്.. മുഖവുര കൂടാതെ അവൾ പറഞ്ഞു..
ഗായത്രി.അതായിരുന്നു അവളുടെ പേര്.എന്തായാലും പറഞ്ഞോളു.. അയാൾ പറഞ്ഞു..
എനിക്ക് മാഷിന്റെ ഭാര്യയാവാൻ മനസുകൊണ്ട് അൽപ്പം സമയം വേണം. മുൻപത്തെ ആലോചന മനസ്സിൽ ഉള്ളതുകൊണ്ടല്ല.പക്ഷെ ഒരു വിഷമം ഉണ്ട് . ഇപ്പോഴും.പറ്റിക്കപ്പെട്ടു എന്നോർത്തിട്ട് എന്നാൽ അയാളോട് പ്രേമം ഒന്നും അല്ല..
മാഷിന്റെ ആലോചന വന്നപ്പോൾ അച്ഛന്റെ നിർബന്ധം കാരണം സമ്മതിച്ചു.മാഷിന് എന്നെ മനസിലാക്കാൻ പറ്റുമെന്ന് തോന്നി..
അവളുടെ തുറന്നു പറച്ചിലിൽ അവളോട് ബഹുമാനം കൂടി.. അവിടെ മുതൽ അവർ നല്ല സുഹൃത്തുക്കൾ ആയി.കുറച്ചു ദിവസങ്ങൾക്കുശേഷം നല്ല ദമ്പതികളായി ഉണ്ണിക്കുട്ടൻ പിറന്നു.ജീവിതം സന്തോഷത്തോടെ പോയി.പക്ഷെ..
ഈശ്വരനു അസൂയ തോന്നിയിട്ടുണ്ടാവും അവരുടെ ജീവിതത്തിൽ.കൃഷ്ണനുണ്ണി ഒരു ദിവസം ക്ലാസ്സിൽ തലകറങ്ങിവീണു.. ഹോസ്പിറ്റലിൽ എത്തിച്ചു വിശദപരിശോധന.. കരൾ തകരാറു കണ്ടുപിടിച്ചു.എത്രയും വേഗം
ദാതാവിനെ കണ്ടുപിടിച്ചു കരൾ മാറ്റിവെയ്കൽ മാത്രമാണ് പോംവഴി.
ജീവിതത്തിൽ കാർമേഘം മൂടി.പലവഴിക്കും ശ്രമിച്ചിട്ടും ചേരുന്ന കരൾ കണ്ടെത്താൻ പറ്റിയില്ല.. ഒടുവിൽ ഗായത്രി തന്നെ അവളുടെ കരൾ കൊടുക്കുവാൻ തീരുമാനിച്ചു. ഈശ്വരൻ കൂടെ നിന്നു .അവളുടെ കരൾ ചേരുമെന്ന് അറിഞ്ഞു.പിന്നെ താമസിച്ചില്ല.തന്റെ ജീവിതം തന്നെ കൊടുക്കുവാൻ അവൾക് സമ്മതം ആയിരുന്നു.. ഓപ്പറേഷൻ കഴിഞ്ഞു രണ്ടുപേരും വീട്ടിൽ വന്നു.
ജീവിതം പഴയരീതിയിൽ മുന്നോട്ട് പോയി.ഉണ്ണികുട്ടന് 3 വയസ്സ് കഴിഞ്ഞു.
.ഇടയ്കിടയ്ക് ഗായത്രി വയറുവേദന പറയാൻ തുടങ്ങി.ഹോസ്പിറ്റലിൽ പോകുവാൻ അവൾക്ക് മടിയായിരുന്നു.കൃഷ്ണനുണ്ണി നിർബന്ധപൂർവം കൊണ്ടുപോയി.കുറച്ചു ടെസ്റ്റുകൾ.കരൾ പകുത്തു കൊടുത്താൽ സാധാരണ രീതിയിൽ പ്രശ്നം ഒന്നും ഉണ്ടാവാറില്ല.പക്ഷെ ഗായത്രികു കരൾ കുഴപ്പക്കാരനായി.. ഇൻഫെക്ഷൻ കൂടി.. ഒരു സർജറി ഫിക്സ് ചെയ്തു..
അതിനുവേണ്ടിയുള്ള ടെസ്റ്റുകൾ നടത്തി അവർ വീട്ടിൽ പോന്നു.സർജറിഡേറ്റിന്റെ മുൻപ് അഡ്മിറ്റാവാൻ തീരുമാനിച്ചു.
പിന്നെ അവൾക്ക് തിരക്കുപ്പിടിച്ച ജോലി ആയിരുന്നു.. മകനും ഭർത്താവിനും ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചു.ഓരോദിവസവും ഓരോന്ന് എടുക്കണം എന്ന് പറഞ്ഞേല്പിച്ചു.ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അച്ഛനും മകനും ബുദ്ധുമുട്ട് അറിയരുത്..
ഉണ്ണികുട്ടന് ചില ഇഷ്ടങ്ങൾ ഉണ്ട്.അത്പോലെ കൊടുത്താൽ മാത്രമേ അവൻ കഴിക്കു പിന്നെ മാഷിനും.. അവൾക് അവരുടെ കാര്യം മാത്രമേ ഓർമ്മയിൽ ഉണ്ടായിരുന്നുന്നു..
സർജറി സക്സസ് ആയിരുന്നു.. പിറ്റേന്ന് റൂമിലേക്ക് മാറ്റി.. പക്ഷെ പെട്ടന്നുള്ള ഒരു നെഞ്ചുവേദന അവളെ കൊത്തിയെടുത്തു പറന്നു.. അവളുടെ മാഷിനോട് ഉണ്ണിയോടും ഒന്നും പറയാതെ.. ഒരു വാക്ക് മിണ്ടാതെ…
അച്ഛാ.. അച്ഛനെന്തിനാ കരയുന്നത്.അമ്മ എന്താ വരാത്തത്.അമ്മുമ്മ പറഞ്ഞല്ലോ അമ്മ ഈശ്വരസന്നിധിയിൽ പോയി എന്ന്.. അച്ഛനും ഉണ്ണികുട്ടനും വേണ്ടിപ്രാർഥിക്കുന്നുണ്ടെന്ന്.. രാത്രിയിൽ ആകാശത്തു നോക്കിയാൽ നക്ഷത്രമായി വന്നു കണ്ണുചിമ്മും എന്ന്.. ആണോ അച്ഛാ.. അത് എന്റെ അമ്മയാണോ
അമ്മ ഇവിടെ ഉണ്ട് മോനെ.അമ്മ നമ്മുടെ കൂടെ.നമ്മെ വിട്ടുപോവാൻ അമ്മയ്ക്കു പറ്റില്ല.അമ്മയുടെ സ്നേഹം ഇപ്പോഴും എന്റെ മോൻ കഴിക്കുന്നില്ലേ.അമ്മ ഉണ്ടാക്കിയ ഫുഡ് മോൻ കഴിച്ചില്ലേ.അത് പോലെ എപ്പോഴും നമ്മുടെ കൂടെ ഉണ്ട്.മോൻ വിഷമിക്കണ്ട.അമ്മ മോന്റെ കൂടെ ഉണ്ട് കേട്ടോ..
എന്നിട്ടെന്താ അച്ഛാ മോൻ വിളിച്ചിട്ട് അമ്മ മുന്നിൽ വരാത്തത്.കാണാൻ പറ്റാത്തത്..
ആ കുഞ്ഞിനോട് എന്താ പറയേണ്ടതെന്നറിയാതെ മകനെ കെട്ടിപിടിച്ചു ആ അച്ഛൻ നിന്നു.ഏതോ ഓർമ്മതെറ്റ്പോലെ..
അപ്പോഴും അമ്മയുടെ സ്നേഹം പല പാത്രങ്ങളിൽ ഫ്രിഡ്ജിൽ നിറഞ്ഞിരുന്നു.അങ്ങകലെ ഒരു താരകം മിഴിചിമ്മിയോ