അവളിൽ വികാരത്തെ ഉണർത്താൻ കഴിയാതെവരുമ്പോൾ കണ്ണുകൾ ഒന്നുകൂടെ ചുമന്നതാകും
മദ്യ ലഹരിയിൽ ശരീരത്തിൽ ഇഴയുന്ന വിരലുകളൾക്കും മദ്യം മണക്കുന്ന ചുണ്ടുകൾ സമ്മാനിക്കുന്ന ചുംബനങ്ങൾക്കും അവളിൽ വികാരത്തെ ഉണർത്താൻ കഴിയാതെവരുമ്പോൾ കണ്ണുകൾ ഒന്നുകൂടെ ചുമന്നതാകും.
ഭർത്താവെന്ന അധികാരത്തിൽ ശരീരത്തെ കീഴ്പെടുത്തി അവളിൽ വിജയിക്കാനുള്ള അവന്റെ ശ്രമത്തിന്റെ ഇടയിലും അവന്റെ വിയർപ്പിൽ വേറെയൊരു പെണ്ണിന്റെ ഗന്ധം.
പെണ്ണിനും പൊന്നിനും മണ്ണിനും വേണ്ടിയുള്ള യു ന്ധം മനുഷ്യൻ ഉണ്ടായ കാലം മുതൽ തുടങ്ങിയതാണ്. ഭൂമിയിലെ ആദ്യ കൊലപാതകം പെണ്ണിന് വേണ്ടിയായിരുന്നു.
സജിത ഭർത്താവിനെ തിരിച്ചു കിട്ടാനുള്ള യുന്ധത്തിലാണ്. മദ്യത്തിന്റെയും പെണ്ണിന്റെയും ലഹരിയിൽ മയങ്ങിയ അച്ചുവിനെ തിരിച്ചു കിട്ടാനുള്ള കണ്ണീരോഴക്കി പ്രാർത്ഥനയോടെയുള്ള നിശ്ശബദ പോരാട്ടം.
“ഉമ്മച്ചിക്ക് ഇത്താത്തനോടാ കൊറേ ഇഷ്ടം ”
സജി മോള് ഉമ്മയോട് പരാതി പറഞ്ഞ് തുടങ്ങിയത് അഞ്ച് വയസ്സിൽ. ആ പരാതി ആവർത്തിച്ചപ്പോൾ ഉമ്മ പറഞ്ഞു.
“ഉമ്മിക്ക് രണ്ടാളും ഒരുപോലെയാട്ടോ മുത്തേ. ഉമ്മിച്ചിടെ രണ്ട് കണ്ണാണ് മോളും ഇത്താത്തയും.”
അതായിരുന്നു സത്യം. ഇനിയൊരു ആൺ കുട്ടി ഉണ്ടായാൽ മക്കളോടുള്ള സ്‌നേഹം കുറഞ്ഞുപോയാലോ എന്ന് കരുതി പ്രസവം നിർത്തിയ ഉമ്മയുടെ സജി മോളുടെ ജീവിതം വലിയൊരു നൊമ്പരമായി.
സജിയെ കെട്ടിച്ചു വിട്ടപ്പോൾ വീട് ഉറങ്ങി. വാപ്പയുടെ സുന്ദരി കുട്ടിയുടെ ചിരിയും കളിയും ഇല്ലാത്ത വീട് എങ്ങിനെയാ ഉണർന്നിരിക്കുക .
“എന്റെ മോള് ഇറങ്ങിപോയപ്പോൾ വല്ലാത്ത ശൂന്യത പോലെ. വിളിക്കുമ്പോൾ അവളോട് ഇടക്കിടെ വരാൻ പറയണം.അവളെ കാണാതിരിക്കാൻ കഴിയുന്നില്ല പാത്തു. എന്റെ മക്കൾ വളരണ്ടായിരുന്നു ല്ലെ..? ”
വാപ്പയും ഉമ്മയും മക്കൾക്ക് നല്ലൊരു ജീവിതം കിട്ടിയ ആശ്വാസത്തിൽ മറ്റു വിഷമങ്ങൾ മറന്നു തുടങ്ങിയ സമയത്താണ് ഒരു കുറ്റവും കുറവും ഇല്ലാത്ത സജിയുടെ ഭർത്താവ് ബാറിൽ തല്ലുണ്ടാക്കി പോലീസ് പിടിച്ച വിവരം അറിയുന്നത്.
കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സജിയുടെ അച്ചുക്കയുടെ കൈയിലിരിപ്പ് സജിത അറിഞ്ഞു തുടങ്ങി.
ആദ്യമൊക്കെ കരഞ്ഞും വാശി പിടിച്ചും എതിർത്ത് നോക്കി. അതിന്റെ പ്രതികാരം തീർത്തത് മണിയറയിൽ ഇരുന്ന് മദ്യപാനം. അതിന് ശേഷം സജി മൗനം പാലിച്ചു.
“അള്ളാഹുവേ ഞാൻ സഹിച്ചു ജീവിക്കും. എന്റെ കണ്ണീർ വറ്റും വരെ. ഉമ്മിച്ചിയും വാപ്പയും ഇതൊന്നും അറിയാതിരിക്കട്ടെ . അവർക്ക് സഹിക്കാൻ കഴിയില്ല. ”
ഇപ്പൊ അവരും അറിഞ്ഞു .
“നാള് കൂറേയായി എന്റെ മോളുടെ മുഖത്തെ ചിരി ഇല്ലാതായിട്ട്. സജി മോള് ആരോടും ഒന്നും പറയാതെ സഹിക്കുകയല്ലേ പാത്തു. ”
ഉമ്മ മറുപടിയൊന്നും പറയാതെ തട്ടം കൊണ്ട് കണ്ണ് തുടച്ചു. കണ്ണാണ് ഉമ്മയുടെ മക്കൾ. ആ മക്കളുടെ സങ്കടം ഉമ്മയുടെ മനസ്സിനെ കുത്തി നോവിച്ചു.
വളർത്തിയതും വളർന്നതും വിശ്വാസങ്ങൾ പാലിച്ചു കൊണ്ടുതന്നെയാണ്. മദ്യം എല്ലാ തിന്മകൾക്കുള്ള താക്കോലാണ്.
“പക്ഷെ റബ്ബേ…. അച്ചുക്ക വേറെയൊരു പെണ്ണിന്റെ ഒപ്പം ശരീരം പങ്ക് വെച്ച് ഒന്നുമറിയാത്ത പോലെ എന്റെ അരികിൽ വന്ന് കിടക്കുമ്പോൾ മനസ്സ് കൊണ്ട് അറപ്പ് തോന്നുന്നു . ”
അഞ്ച് മാസമായ വയറും വെച്ച് അച്ചുവിനെ സജി ചോദ്യം ചെയ്തു. കണ്ണീർ ഉരുണ്ടു വീണ് ഒലിച്ചു. ആ നിമിഷം പാതാളത്തിലേക്ക് താഴ്ന്നു പോയെങ്കിലെന്ന് ആഗ്രഹിച്ചുപോയി .
രോഷവും സങ്കടവും മരണത്തിലേക്ക് കൊണ്ടുപോയി മനസ്സിനെ . പക്ഷെ ഒന്നുമറിയാത്ത ജീവിന്റ തുടിപ്പുകൾ തുടങ്ങിയ ഒരു കൊച്ചു ജീവൻ വയറ്റിൽ ഉള്ളത് പിന്നെയും ചിന്തിപ്പിച്ചു.
സഹിച്ചും ക്ഷമിച്ചും സ്‌നേഹിച്ചും ജീവിതം തുടർന്നു. മാറ്റങ്ങളില്ലാതെ അച്ചുവും. കുട്ടികൾ രണ്ടായി. ഇപ്പൊഴും കണ്ണീർ ഉണ്ട് ഒഴുക്കി കളയാൻ. നിസ്ക്കാരപ്പായയിൽ പടച്ചവന്റെ മുൻപിൽ സങ്കടങ്ങളുടെ കെട്ടഴിച്ചു.
ഉമ്മയും വാപ്പയും സജിയോട് ഒന്നും ചോദിക്കാറില്ല. കണ്ണീർ ഒളിപ്പിച്ച പുഞ്ചിരിയുടെ പിന്നിൽ കടല് പോലെ ഇരുമ്പുന്ന സങ്കടങ്ങൾ തൊട്ടറിയുണ്ട് സജി പറയാതെ തന്നെ അവർ.
ജീവിതം മുന്നോട്ടു പോകും. കിതച്ചും കുതിച്ചും പ്രതീക്ഷിക്കാതെ നടക്കുന്ന വിധിയുടെ വരവുകളുമായി.
എങ്കിലും അച്ചുക്കയെ ജീവിതത്തിലെ സന്തോഷത്തിലേക്ക് നല്ലൊരു വാപ്പയായി തിരിച്ചു കൊണ്ടുവരാൻ വേണ്ടി ശ്രമത്തിൽ തന്നെയാണ് സജി .
ഒരിക്കൽ എല്ലാം മാറും. സങ്കടങ്ങൾ ഇല്ലാതെയാകും. കണ്ണീർ ഒളിപ്പിക്കാതെ ചിരിക്കാൻ കഴിയും .
ആ ദിവസങ്ങൾ അകലെയാണങ്കിലും കാത്തിരിക്കാൻ കഴിയുന്ന മനസ്സും വാപ്പയുടെയും ഉമ്മയുടെയും പ്രാർത്ഥനയും അകലം ഇല്ലാതാക്കും