പച്ചക്കറിക്കടയിൽ നിന്നു കൊണ്ട് ഞാൻ തക്കാളി പരതി നോക്കുന്നതിനിടയിൽ അയാളുടെ കൈകൾ എന്റെ സാരി വിടവിലൂടെ പള്ളയിലേക്ക് തിരുകി നിരങ്ങിയപ്പോൾ ഞാനുച്ചത്തിൽ അലറി
” ഛീ മാറി നിൽക്കെടൊ , അത്രക്ക് കഴപ്പാണെങ്കിൽ നിന്റെയൊക്കെ അമ്മേടേം പെങ്ങൾടെയും പള്ളയിൽ പോയി തോണ്ടെടോ ”
എന്റെ കാറിപ്പൊളിക്കണ ശബ്ദം കവലയാകെ മുഴങ്ങിയിട്ടും ഒരുത്തനും തിരിഞ്ഞു നോക്കിയ പോലുമില്ല, ഏവരുടെയുo നോട്ടം മാറിക്കിടക്കുന്ന ചുവപ്പുസാരിയുടെ ഒഴിഞ്ഞുകിടന്ന പള്ളയിലെ വെള്ളയിലേക്കായിരുന്നു
സ്ഥലത്തെ പ്രധാനിയായ വർക്കി മുതലാളിക്കു നേരെ വിരലനക്കാനവിടെ ഒരുത്തനും ധൈര്യമുണ്ടായില്ല എന്നതാണ് സത്യം
പൈസയും കൊടുത്ത് അതിന്റെ ബാക്കിയും വാങ്ങി അപമാനിതയായി തലയും കുനിച്ചവിടെ നിന്നും തിരിച്ചു പോരുമ്പോൾ എന്റെ ഇരു മിഴികളും തോരാതെ പെയ്തിറങ്ങുന്നുണ്ടായായിരുന്നു
” നിന്നെ ഞാനെടുത്തോളാടി പുന്നാര മോളെ, നാളെ നീ ഒരുത്തനു വേണ്ടിയൊരു രാവു ചിലവഴിക്കുന്നുണ്ടെങ്കിൽ അതീ വർക്കി മുതലാളിയുടെ മണിയറയിലെ പട്ടുമെത്തയിൽ മാത്രമായിരിക്കും ”
അത് പറയുമ്പോഴും എനിക്ക് ചുറ്റും ഒരുപാട് സ്ത്രീകൾ അണിനിരന്നിരുന്നു, ഒരാൾ പോലും പ്രതികരിച്ചില്ലെന്ന് മാത്രമല്ല ആശ്വാസ വാക്കുകൊണ്ടെന്നെ ഒന്ന് സമാധാനിപ്പിക്കുവാൻ പോലും ആരും തയ്യാറായില്ല എന്നതാണ് എന്നെ വല്ലാതെ വേദനപ്പെടുത്തിയതും
എന്റെ മനുവേട്ടൻ ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു, ഒരുമിച്ച് ജീവിച്ച് കൊതി തീരും മുൻപേ സുഖമില്ലാത്ത അമ്മയേയും എന്നെയേൽപ്പിച്ച് അദ്ദേഹം ഈ ലോകം വിട്ട് പോകുമ്പോൾ വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമേ തികഞ്ഞിട്ടുണ്ടായിരുന്നുള്ളോ
അതിനു ശേഷം ഒരു വിധവയെന്ന് പോയിട്ട് പെണ്ണെന്ന പരിഗണന പോലും സമൂഹം എനിക്ക് തന്നിട്ടില്ലെന്നുള്ളതാണ് പരമമായ സത്യം
മുനയും കൊമ്പും വെച്ചുള്ള ഓരോരുത്തരുടെ അർത്ഥം വെച്ചുള്ള നോട്ടത്താലവർ മുണ്ടു മുഴപ്പിക്കുന്നതിനൊപ്പം അസഭ്യ വാക്കുകളാലെന്നെ ആകർഷിക്കാൻ ശ്രമിക്കാറുള്ളപ്പോൾ ഒരു വേശ്യയുടെ പ്രതിരൂപമായാണോ അവരെന്നെ കാണുന്നത് എന്ന് വരെ തോന്നിപ്പോയിയാ നിമിഷം
എനിക്കൊന്നുറക്കെ പറയണമായിരുന്നു വിധവ എന്നാൽ അതിനർത്ഥം വേശ്യ എന്നല്ല എന്ന്
ഭർത്താവു മരിച്ചു കഴിഞ്ഞാൽ രതിമൂർച്ചയിൽ സംതൃപ്തി കണ്ടെത്താൻ പരപുരുഷനു പായ വിരിക്കുന്നവരുടെ കൂട്ടത്തിലല്ല എല്ലാ വിധവമാരും എന്ന്
ഇന്നിവരെല്ലാം എന്നോടിങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ അതിന്റെ കാരണം മറ്റൊന്നുമല്ലെന്നെനിക്ക് മനസ്സിലായി,
നിധിൻ,
അവനാണിപ്പോൾ സംസാര വിഷയം, ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു വളർന്നവരാണ് ഞങ്ങൾ, ഏട്ടൻ മരിച്ചതിൽ പിന്നെ ഞങ്ങളുടെ എല്ലാ കാര്യങ്ങൾക്കും ഓടിയെത്താറുള്ളയവനെ എന്റെ ജാരനായിട്ടാണവർ ചിത്രീകരിച്ചത്
എങ്കിലും ഒരിക്കൽപ്പോലും ഒരു സൗഹൃദം എന്ന രീതിയിലല്ലാതെ ഞാനവനെ കണ്ടിട്ടില്ല, പക്ഷെ കഴിഞ്ഞയാഴ്ച്ച എന്നെയവൻ അവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉടലെടുത്തിരുന്നു
ഒരിക്കൽപ്പോലും അതിരുവിട്ടെന്നോട് പെരുമാറിയിട്ടില്ലാത്ത അവൻ ചെറുപ്പം മുതൽക്കേ എന്നോട് കടുത്ത പ്രണയമായിരുന്നെന്ന് പറഞ്ഞപ്പോൾ, ഇടനെഞ്ചിലൊരു കൊള്ളിയാൻ മിന്നി മറിഞ്ഞു
അവനുത്തരം നൽകാതെ ഞാനവിടെ നിന്നും ഇറങ്ങിപ്പോരുമ്പോൾ മനസ്സിൽ ശരിയേത് തെറ്റേത് എന്ന സമസ്യയുണർന്നു വന്നിരുന്നു
ഇന്നലെയവൻ വീണ്ടുമെന്നെ കാണാൻ വന്നപ്പോൾ ഒരിക്കൽപ്പോലുമവന്റെ മുഖത്തു നോക്കാനെനിക്ക് ശക്തി കിട്ടിയില്ല,
” ദക്ഷ, ഞാൻ ഇന്നലെപ്പറഞ്ഞ കാര്യത്തിനൊരു മറുപടി തരണം, നിന്റെ അവസ്ഥയിൽ സഹതപിച്ചു കൊണ്ട് നിന്നെത്തേടി വന്നതല്ല ഞാൻ, ഉത്തരം യെസ് ആയാലും നോ ആയാലും നീ ഇപ്പോൾ തന്നെ പറയണം എന്തൊക്കെത്തന്നെയായാലും നമ്മുടെയീ സൗഹൃദത്തിനൊരൽപ്പം കോട്ടം പോലും തട്ടില്ല”
എന്റെ മൗനം അന്നും അവന് ഇഷ്ട്ടമല്ലായിരുന്നു വാതോരാതെയുള്ളയെന്റെ കള്ളക്കഥകൾ ഒരു കുഞ്ഞു കൊച്ചിന്റെ ലാഘവത്തിലവൻ കേട്ടു നിക്കാറുണ്ട് , ആ സമയത്ത് ഒരാൺ തുണ ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്നത് സത്യം തന്നെയായിരുന്നു, ചിന്തയിൽ മുഴുകിയിരുന്നയെന്നെയവനാ ചോദ്യം കൊണ്ടെന്നെ തട്ടിയുണർത്തി
” എന്തു കൊണ്ടിത് അന്നു പറഞ്ഞില്ല എന്ന് നീ ഓർക്കുന്നുണ്ടാവും അല്ലേ ദക്ഷ” ?
“പറഞ്ഞാൽ നീ വിശ്വസിക്കില്ല, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് നിന്നോട് പ്രണയം തോന്നിത്തുടങ്ങിയതാണ് , അന്നു നിന്നോടത് പറയാൻ പേടിയായിരുന്നു, ചെറുപ്പം മുതലെ എന്നെയൊഴികെ മറ്റു ആൺകുട്ടികളെ നിനക്ക് കണ്ണെടുത്താൽ കണ്ടൂടായിരുന്നു, അതിന്റെ കാരണം ഞാനൊരിക്കലും നിന്നോട് തിരക്കിയിട്ടില്ല, ഞാനെന്റെ ഇഷ്ട്ടം പറഞ്ഞാൽ അവരുടെ കൂട്ടത്തിൽ നീയെന്നെയും തള്ളി വിടുമോ എന്ന കലശലായ ഉൾഭയം എന്റെ തൊണ്ടക്കുഴിയെ തലോടി വലിക്കാറുണ്ടായിരുന്നു, നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മൂന്നും കൽപ്പിച്ച് ഞാനത് നിന്നോട് തുറന്ന് പറയാൻ വന്നതും, അപ്പോഴേക്കും നീ മനുവുമായി ഒരുപാട് അടുത്തിരുന്നു ഞാനറിയാതെത്തന്നെ ”
” എല്ലാം …….! എല്ലാമീ നെഞ്ചിൻ കൂട്ടിൽ കുഴിച്ചു മൂടിയിട്ടതാണ് ദക്ഷ…………”
” എനിക്കറിയില്ല ദക്ഷ ഞാനീ പറയുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും, ഒന്നെനിക്കറിയാം ഇപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് എന്റെ ചോരത്തുടിപ്പിനേക്കാളേറെ ”
അവനതു പറഞ്ഞു നിർത്തുമ്പോഴേക്കുo എന്റെ കണ്ണുകൾ ചുവന്നു തുടുത്തു കണ്ണീരിനാൽ താടിത്തുമ്പ് തളം കെട്ടി നിന്നപ്പോൾ നിറകണ്ണിൽ നേർത്ത പുഞ്ചിരിയുമായവനാ കർച്ചീഫ് എനിക്ക് നേരെ നീട്ടി
കണ്ണുകൾ തുടച്ചു കൊണ്ട് ഞാനവനോടായ് പറഞ്ഞു, ഇക്കുറി അവന്റെ മുഖത്തേക്ക് നോക്കാൻ മടിയൊന്നുo തന്നെയുണ്ടായില്ല
” നിധിൻ, ഏട്ടനെന്നെ ഒരുപാട് ബാധ്യതകൾ ഏൽപ്പിച്ചിട്ടാണ് പോയത്, ഇന്നു ഞാൻ ആർക്ക് വേണ്ടിയെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ , അത് ഏട്ടന്റെ അമ്മ, അല്ലാ എന്റെ അമ്മയ്ക്ക് വേണ്ടിയാണ്, അനുവാദം വാങ്ങേണ്ടത് എന്നോടല്ല ആ അമ്മയോടാണ് ”
ഒരക്ഷരം മിണ്ടാതെയവൻ ഇന്നലെയവിടെ നിന്നും ഇറങ്ങിപ്പോയപ്പോൾ ഒരിക്കലും തിരിച്ചു വരില്ലെന്നു തന്നെയാണ് ഞാനും കരുതിയത്
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയപ്പോൾ വീടിന്റെ ഉമ്മറത്തവന്റെ കാറു കിടക്കുന്നത് കണ്ടപ്പോൾ ഈ വഴി വന്നപ്പോൾ വെറുതെയൊന്ന് കേറിയതാണെന്നാണ് ഞാൻ കരുതിയതും
പക്ഷെ അവൻ വന്നത് ഒറ്റയ്ക്കായിരുന്നില്ല, അവന്റെ അമ്മയേയും കൂട്ടിയാണ് വന്നത്, ഏട്ടന്റെ അമ്മയുമായി വിശേഷങ്ങൾ പറയുന്നതിനിടയിൽ അവന്റെ അമ്മയാ ചോദ്യം ഏട്ടന്റെ അമ്മയോടായ് ചോദിച്ചു
” ഇവിടുത്തെ മോളെ ഞാനെടുത്തോട്ടെ, എന്റെ മകന്റെ പെണ്ണായിട്ട് , എന്റെ മരുമോളായിട്ട് ,?” എന്ന്
ചോദ്യം കേട്ടതും അമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, മറുപടിയായ് നിങ്ങടെ മോന് കോടി പുണ്യം കിട്ടും എന്നാണെട്ടന്റെ അമ്മ പറഞ്ഞത് ”
ആ മറുപടിയിൽ ഞാനവിടെക്കണ്ടത് മകളെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സ്വന്തം അമ്മയെത്തന്നെ ആയിരുന്നു, അല്ല എന്നെ പ്രസവിക്കാത്ത എന്റെ സ്വന്തം അമ്മ തന്നെയായിരുന്നു അവർ
വീട്ടുപറമ്പിന്റെ ഉള്ളിൽ കാറു കിടക്കുന്നത് കണ്ടിട്ടാകണം വർക്കിയേട്ടൻ കുറച്ച് ആളുകളുമായി വന്ന് ഉമ്മറത്തു നിന്നുമെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു
പടികയറി വന്നയാൾ വാതിലിൽ മുട്ടി അസഭ്യം പറഞ്ഞപ്പോഴേക്കും നിധിന്റെ സർവ്വ ക്ഷമയും നശിച്ചിരുന്നു , അടുക്കളയിൽ നിന്നും വെട്ടുകത്തിയുമായവൻ പാഞ്ഞു വന്നിട്ട് എന്റെ കൈത്തണ്ടയിൽ പിടിച്ചു വാതിലിനെ ലക്ഷ്യമാക്കി നടന്നു
അവനെ അനുസരിച്ചെന്നോണം കൂടെ ഞാൻ നടന്നു, അവന്റെ കണ്ണുകളിൽ കോപം കത്തി ജ്വലിക്കുന്നുണ്ടായിരുന്നു
വെട്ടുകത്തി നീട്ടിയിട്ട് എന്നെ വർക്കിയുടെ മുൻപിലേക്കിട്ടു കൊടുത്തിട്ട് നിധിനയാളോടായ് പറയുന്നുണ്ടായിരുന്നു
” നീ ഇത്ര നേരം നിന്റെ വായ കൊണ്ട് പറഞ്ഞു ഞങ്ങളത് ഞങ്ങടെ ചെവി കൊണ്ട് കേട്ടു, നീ ഇവളെ എന്തൊക്കെയോ ചെയ്യുമെന്ന് പറയുന്നുണ്ടായിരുന്നല്ലോ, ചങ്കൂറ്റമുണ്ടെങ്കിൽ ഒന്ന് നീ തൊട്ട് നോക്കെടാ, ഇവളിന്നു മുതൽ എന്റെ പെണ്ണാണ്, ഈ നിധിന്റെ പെണ്ണ് ”
വർക്കിയുടെ പിറകോട്ടുള്ള അടി വെയ്പ്പിൽ ഞാനറിയുന്നുണ്ടായിരുന്നു, ഞാനിപ്പോൾ എത്രത്തോളം സുരക്ഷിതയാണെന്നുള്ള സത്യം ഏതൊരു പെണ്ണും ഒരു ആണിൽ നിന്നും ആഗ്രഹിക്കുന്നത് ഇതേ സംരക്ഷണം തന്നെയാണ്, അതിപ്പോൾ ആവോളം ഞാനനുഭവിക്കുന്നുണ്ട്, അല്ല ഇനിയങ്ങോട്ട് അനുഭവിച്ചു കൊണ്ടേ ഇരിക്കും ഞാനത്