പ്രെഗ്നൻസിയുടെ തുടക്കം മുതൽ ഞങ്ങൾ പറയുന്നതാ കുട്ടിക്ക് നല്ല റസ്റ്റ് വേണമെന്ന്. ഇതിപ്പോ എട്ടാം മാസമാണ്. ബെഡ് റസ്റ്റ് തന്നെ ഇനി വേണ്ടി വരും. പ്രസവം വരെ നന്നായി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അമ്മയോ കുട്ടിയോ ആരും ഉണ്ടാവില്ല.
ഡോക്ടർ നീരസത്തോടെ നീനുവിന്റെ ഭർത്താവിനോട് പറഞ്ഞു.
“അവൾ നന്നായി റസ്റ്റ് എടുക്കുന്നുണ്ട് ഡോക്ടർ. പിന്നെ അല്ലറ ചില്ലറ ചെറിയ പണികളൊക്കെ ചെയ്ത് അമ്മയെ അടുക്കളയിൽ സഹായിക്കും. അമ്മയ്ക്ക് കാലിനു നീരുണ്ടേ.
വിവേക് തല ചൊറിഞ്ഞു.
“അമ്മയ്ക്ക് കാലിൽ നീരുണ്ടോ ഇല്ലയോ എന്നത് ഇവിടുത്തെ വിഷയം അല്ല. നിങ്ങൾ സ്വന്തം ഭാര്യയുടെ കാലിലേക്ക് ഒന്ന് നോക്ക് രണ്ട് കാലും മന്ത് വന്നത് പോലെ വീർത്തിരിക്കുന്നത് കണ്ടോ. കണ്ണൊക്കെ ഉറക്കം കിട്ടാതെ കുഴിഞ്ഞു താന്നു. ഇനിയും ഈ കുട്ടിക്ക് വേണ്ടത്ര റസ്റ്റ് കിട്ടിയില്ലെങ്കിൽ നോർമൽ ഡെലിവറി നടക്കില്ല. സിസ്സേറിയൻ ചെയ്യേണ്ടി വരും. അതും അമ്മയോ കുട്ടിയോ ആരെങ്കിലും ഒരാളെ കാണു.
ഡോക്ടർ പരുഷമായി പറഞ്ഞു കൊണ്ട് മരുന്ന് എഴുതി നൽകി അടുത്ത പേഷ്യന്റിനെ വിളിച്ചു.
ഡോക്ടർ പറഞ്ഞതൊക്കെ കേട്ട് നീനുവിന് ആധിയായി. ചെറിയൊരു ഉത്കണ്ട അവനുള്ളിലും ഉണ്ടായിരുന്നു. ഡോക്ടർ ഇത്ര കാര്യമായി പറഞ്ഞത് കൊണ്ട് അവളെ കൊണ്ട് ഇനി അധികം പണി ചെയ്യിപ്പിക്കണ്ട എന്നായിരുന്നു അവന്റെ മനസ്സിൽ.
“ഏട്ടാ. ഡോക്ടർ പറഞ്ഞത് കേട്ടല്ലോ. അല്ലെ തന്നെ നിങ്ങളെ വീട്ടിലെ പണി മുഴുവനും എടുത്തു നടു ഒടിഞ്ഞു ഇരിക്കാ. എന്നേം കുഞ്ഞിനേം ജീവനോടെ വേണോങ്കി ഇനിയെങ്കിലും എനിക്ക് കുറച്ചു റസ്റ്റ് തരാൻ അമ്മയോടും ചേച്ചിയോടും പറ.
“ബെഡ് റസ്റ്റ് എന്ന് പറഞ്ഞു മുഴുവൻ നേരോം കട്ടിലിൽ കേറി കിടക്കാതെ ചെറിയ പണി എന്തെങ്കിലും ഒക്കെ ചെയ്തോ.
നീനുവിന്റെ വീട് കുറെ ഉള്ളിലേക്കാണ്. അടുത്തൊന്നും നല്ല ആശുപത്രി പോലുമില്ല. തന്റെ കുഞ്ഞ് നല്ല ഹോസ്പിറ്റലിൽ തന്നെ ജനിക്കണമെന്ന് വിവേകിന് ആഗ്രഹം ഉണ്ട്. അതുപോലെ വല്ല കാട്ടുമുക്കിലും പോയി കിടന്നിട്ട് പ്രസവ സമയത്ത് കൃത്യ സമയത്ത് ആശുപത്രിയിൽ എത്താൻ പറ്റാതെ മകന്റെ കുഞ്ഞിന് വല്ലോം സംഭവിച്ചാലോ എന്ന് പറഞ്ഞ് അമ്മായി അമ്മയും അവളെ വീട്ടിൽ പോയി നിൽക്കുന്നത് വിലക്കി.
ഗർഭിണി ആയത് കൊണ്ട് ഒത്തിരി ദൂരം യാത്ര ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് വീട്ടിൽ പ്രെഗ്നന്റ് ആയ ശേഷം നീനു വീട്ടിൽ പോയിട്ടല്ല. അച്ഛനും അമ്മയും അനിയനും ഇങ്ങോട്ട് വന്ന് കണ്ടിട്ട് പോകും.
വിവികിന്റേം നീനുവിന്റേം കല്യാണം കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞു കിട്ടുന്ന കുഞ്ഞാണ്. ഗർഭിണി ആകാൻ വൈകിയപ്പോ മുതൽ നീനുവിനെ സദാ പഴി ചാരികൊണ്ടിരുന്നു അമ്മായി അമ്മയും നാത്തൂനും. അവളെ കൊണ്ട് വീട്ടിലെ പണി മുഴുവൻ ചെയ്യിക്കും. അവസാനം ഗർഭിണി ആയപ്പോൾ ഡോക്ടർ റസ്റ്റ് പറഞ്ഞെങ്കിലും അതിനും സമ്മതിച്ചില്ല.
അനങ്ങാതെ മൂലയ്ക്ക് ഇരുന്നാൽ ഓപ്പറേഷൻ ചെയ്ത് കുഞ്ഞിനെ എടുക്കേണ്ടി വരുമെന്നും അതിന് ലക്ഷങ്ങൾ ചിലവാകുമെന്നും പറഞ്ഞ് നീനുവിനെ വിശ്രമിക്കാൻ ആരും സമ്മതിച്ചിട്ടില്ല. തന്റെ കുഞ്ഞിനെ കുഴപ്പം കൂടാതെ തരണേ എന്നുള്ള പ്രാർത്ഥനയോടെ അവൾ സകല പണികളും ചെയ്തു കൊണ്ടിരുന്നു.
“ഡോക്ടർ ഇപ്പ്രാവശ്യം കുറച്ചു ദേഷ്യത്തിൽ ആയിരുന്നു. അവൾക്ക് ബെഡ് റസ്റ്റ് വേണമെന്ന്. അല്ലെങ്കിൽ ഓപ്പറേഷൻ ആയിപ്പോകും. അവളെ കാലിലെ നീര് കണ്ടോ അമ്മ.
വീട്ടിൽ എത്തിയപ്പോൾ വിവേക് അമ്മയോടും ചേച്ചിയോടും പറഞ്ഞു.
“ഡോക്ടർ അങ്ങനെ പലതും പറയും. ഞാനും രണ്ട് പെറ്റതാ. അതും ഈ വീട്ടിൽ. ഇപ്പഴത്തെ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത്. പ്രസവിക്കുന്നതിന് അര മണിക്കൂർ മുൻപ് വരെ എല്ലാ ജോലിയും ചെയ്തിരുന്നു. അതുകൊണ്ട് എന്താ വേദന വന്നതും അറിഞ്ഞില്ല നിന്നെ പെറ്റതും അറിഞ്ഞില്ല. നിന്റെ ചേച്ചിയും ഒന്ന് പ്രസവിച്ചതല്ലേ. അവളോട് ഡോക്ടർ റസ്റ്റ് ഒന്നും പറഞ്ഞതുമില്ല അവളും ജോലിയൊക്കെ ചെയ്യേം ചെയ്തു.
നിന്റെ ഭാര്യയ്ക്ക് മാത്രം മേലനങ്ങാൻ പാടില്ല. ഈ എട്ട് മാസം പണി എടുത്തിട്ട് അവൾക്ക് ഒരു കുഴപ്പോം വന്നില്ലല്ലോ. പിന്നെ കാലിന് നീര് മിക്കവാറും എല്ലാ ഗർഭിണികൾക്കും വരും. പിറന്ന് വീഴാൻ പോകുന്നത് നിന്റെ കൊച്ച. അതിന് ആരോഗ്യം വേണോങ്കി ഞാൻ പറഞ്ഞത് പോലെ ചെയ്യണം. ഡോക്ടർ പറയണത് കേട്ടാൽ കൊച്ചിനെ ജനിച്ച പാടെ ആരോഗ്യ കുറവുണ്ടെന്നും തൂക്ക കുറവുണ്ടെന്നും പറഞ്ഞ് ആശുപത്രിയിൽ കുറെ കിടത്തി നല്ല പൈസ പിടുങ്ങും.” വിവേകിന്റ അമ്മ വത്സല എന്തോ മഹാ കാര്യം പറഞ്ഞത് പോലെ നെടുവീർപ്പിട്ടു.
“അമ്മ പറഞ്ഞത് ശരി. വെറുതെ ഭാര്യേടെ വാക്ക് കേട്ട് തുള്ളുന്ന പെൺ കോന്തൻ ആവല്ലേ. ഇനി പണി എടുക്കാൻ മടിച്ചു ഇവൾ ആണോ നിന്നെ കൊണ്ട് ബെഡ് റസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞുവെന്ന് പറയാൻ പറഞ്ഞെ.
വിവേകിന്റെ ചേച്ചി വരുണിയാണ്.
“ദേ ചേച്ചി ഇല്ലാത്തത് പറയല്ലേ. ഡോക്ടർ സത്യമായിട്ടും പറഞ്ഞ കാര്യമാണ്. ഇവിടുത്തെ പണിയെടുക്കാൻ ഞാൻ എന്നെങ്കിലും മടി കാട്ടിയിട്ടുണ്ടോ?
നീനുവിന്റെ കണ്ണ് നിറഞ്ഞു.
“നീ നിന്ന് പൂങ്കണ്ണീർ പൊഴിക്കണ്ട. പോയി രാത്രിയിലേക്ക് എന്തെങ്കിലും ഉണ്ടാക്കി വയ്ക്ക്. ഇന്ന് രതീഷേട്ടൻ വരും ഇങ്ങോട്ട്.
വരുണിയുടെ ഭർത്താവാണ് രതീഷ്. റിയൽ എസ്റ്റേറ്റ് ആണ് പണി. പൂത്ത കാശുണ്ട്. മിക്കവാറും ദിവസം യാത്രയിലാകും. അയാളുടെ അമ്മയുമായി ചേരാത്ത കൊണ്ട് വരുണി സ്വന്തം വീട്ടിൽ തന്നെയാണ് താമസം.
തന്നെ പിന്തുണയ്ക്കാൻ ആരുമില്ലല്ലോ എന്നോർത്ത് അവൾ വയ്യായ്ക സഹിച്ചു കൊണ്ട് രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കി വച്ച് എല്ലാം കാസറോളിൽ വിളമ്പി പോയി കിടന്നു. ക്ഷീണം കാരണം അവൾ അപ്പൊ തന്നെ ഉറങ്ങി.
അളിയന്റെ ഒപ്പം ഫുഡ് കഴിച്ചു മദ്യ സൽക്കാരവും കഴിഞ്ഞു രാത്രി ഏറെ വൈകിയാണ് വിവേക് കിടക്കാൻ എത്തിയത്.
കിടക്കയിൽ ചരിഞ്ഞു കിടക്കുകയായിരുന്നു നീനു. മദ്യ ലഹരിയിൽ അവനിലെ പൌരുഷം അവളെ കണ്ടപ്പോൾ ഉണർന്നു.
വിവേക് നീനുവിന് അരികിൽ ചേർന്ന് കിടന്ന് അവളുടെ കഴുത്തിനു പിറകിൽ ഉമ്മ വച്ചു. പിന്നെ പതുക്കെ കൈവിരലുകൾ കൊണ്ട് അവളെ തഴുകി ഉണർത്താൻ ശ്രമിച്ചു. മുഖത്തും കഴുത്തിലും മാറിലുമൊക്കെ എന്തോ ഇഴയുന്ന പോലെ തോന്നി നീനു ഞെട്ടി കണ്ണ് തുറന്നു നോക്കുമ്പോ കണ്ടത് ആലസ്യത്തോടെ തന്നെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന വിവേകിനെയാണ്.
ഏഴാം മാസം ആയെ പിന്നെ നീനു പേടിച്ചിട്ട് ഒന്നിനും സമ്മതിക്കാറില്ല. അതിന്റെ ഒരു നിരാശ അവനിലുണ്ട്.
“ഏട്ടൻ എന്താ ഈ കാണിക്കണേ. എന്നെ വിട്ടേ. ഡോക്ടർ റസ്റ്റ് പറഞ്ഞിട്ടുള്ളപ്പോ ഒന്നും ചെയ്യാൻ പാടില്ലെന്ന് അറിയില്ലേ.
നീനു കുതറി മാറി.
“സുഖ പ്രസവം നടക്കൻ ഇതൊക്കെ ചെയ്യുന്നത് നല്ലതന്ന അളിയൻ പറഞ്ഞെ. അവര് ഒൻപതാം മാസം വരെ ചെയ്തിട്ടുണ്ട്. നീ മാത്രം ആണ് എന്നെ തൊടാൻ സമ്മതിക്കാത്തത്. ഇങ്ങോട്ട് നീങ്ങി കിടക്ക് നീ. ഞാനൊന്ന് ചെയ്‌തെന്ന് വച്ച് നിനക്ക് ഒന്നും സംഭവിക്കാൻ പോണില്ല.
“വല്ലവരും പറയുന്നത് കേട്ട് എന്റെ അടുത്ത് വരാൻ നിക്കണ്ട. ഒന്നും നടക്കാൻ പോണില്ല. എനിക്ക് എന്റെ കുഞ്ഞ വലുത്. എന്റെ സമ്മതമില്ലാതെ എന്നെ തൊട്ട് പോവരുത്. പകൽ മൊത്തം പണി എടുത്തു നടു ഒടിഞ്ഞിരിക്ക അപ്പഴാ കുടിച്ചിട്ട് വന്ന് ഓരോ പേക്കുത്തു.
അവന്റെ കൈകൾ കുടഞ്ഞെറിഞ്ഞവൾ മാറി കിടന്നു.
നിരാശയും ദേഷ്യവും സഹിക്കാൻ പറ്റാതെ വിവേക് വാതിൽ വലിച്ചടച്ചു വെളിയിലേക്ക് പോയി. സമാധാനത്തോടെ നീനു കിടന്നുറങ്ങി.
നാത്തൂന്റെ ഭർത്താവ് ഉണ്ടായിരുന്നത് കൊണ്ട് നാലഞ്ചു ദിവസമായി അടുക്കളയിൽ ഒരേ നിൽപ്പ് നിന്ന് പിടിപ്പത് പണിയായിരുന്നു നീനുവിന്. പണികൾക്കിടയിലും തന്റെ കുഞ്ഞ് വയറ്റിൽ കിടന്ന് ഇളകുന്നുണ്ടോ എന്നവൾ ശ്രദ്ധിക്കും.
രണ്ട് ദിവസമായി അനക്കം നല്ല കുറവാണ്. മൂന്നാം ദിവസം തീരെ അനക്കമില്ലാതായി. നാലാം ദിവസവും അങ്ങനെ ആയപ്പോൾ നീനു ഭയന്നു. വിവേക് അന്നത്തെ രാത്രിയോടെ അവളോട് പിണങ്ങി നടപ്പാണ്. അവളും അവനോട് മിണ്ടാൻ പോയില്ല. കുഞ്ഞിന്റെ കാര്യം വന്നപ്പോൾ നീനു അങ്ങോട്ട് പോയി മിണ്ടി കാര്യം പറഞ്ഞു.
അമ്മയും നാത്തൂനും അത് കേട്ട് ഇതൊക്കെ സാധാരണയാണ്. ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്യുമ്പോ ഡോക്ടർ ഒരു കുഴപ്പോം ഇല്ലെന്നേ പറയൂ. വെറുതെ നിന്റെ കാശ് കളയാൻ അവളോരോന്ന് പറയുമെന്ന് പറഞ്ഞു അവർ അത് നിസ്സാരമാക്കി.
ചൂട് വെള്ളം കുടിച്ച് നോക്കിയും വയറ്റിൽ തൊട്ടും തലോടിയും അമർത്തി നോക്കിയും അവൾ കുഞ്ഞിനെ അനക്കം വയ്പ്പിക്കാൻ ശ്രമിച്ചു. പക്ഷേ കുഞ്ഞിന്റ അനക്കം കിട്ടിയില്ല.
നീനുവും ആകെ വിളറി വെളുത്തു ക്ഷീണിച്ചു തുടങ്ങി. അവളെ കൊണ്ട് ഒന്നിനും പറ്റാത്ത പോലെ. കൈകാലുകൾ കുഴയുകയും അടി വയറ്റിലും നടുവിനും വേദന പടരാനും തുടങ്ങി.
നീനുവിന്റെ അവശത കണ്ട് വിവേക് അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്നു വിചാരിച്ചെങ്കിലും അവന്റെ മനസ്സ് വായിച്ചത് പോലെ അമ്മ, ഇതൊക്കെ അവളുടെ അടവായിരിക്കും നിന്നെ കൊണ്ട് കാശ് കളയിക്കാൻ എന്ന് പറഞ്ഞു. പ്രസവം അടുത്ത് വരുമ്പോ അനക്കം കുറയുന്നതും ക്ഷീണം കൂടുന്നതും സാധാരണ ആണെന്നും വേദന വന്ന് തുടങ്ങുന്നത് സുഖ പ്രസവത്തിന്റെ ലക്ഷണം ആണെന്നും അവർ പറഞ്ഞു വച്ചു.
പക്ഷേ രാത്രിയോടെ നീനുവിന് ബ്ലീഡിങ് ആയി. അതോടെ ആധിയോടെ വിവേക് അവളേം കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയിൽ എത്തുമ്പോൾ നീനുവിന് ബോധം ഉണ്ടായിരുന്നില്ല.
നീനുവിനെ പരിശോദിച്ച ഡോക്ടർ അവളെ ഉടനെ തന്നെ ഓപ്പറേഷന് തിയറ്ററിലേക്ക് മാറ്റി. വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ പൊക്കിൾ കൊടി കഴുത്തിൽ മുറുകി കുഞ്ഞ് മരിച്ചിട്ട് ഒരു ദിവസം തികഞ്ഞിരുന്നു. കുഞ്ഞ് പോയത് നീനുവും അറിഞ്ഞു. തന്റെ ഓമനയ്ക്ക് അന്ത്യ ചുംബനം നൽകിയ ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ ബ്ലീഡിങ് നിലയ്ക്കാതെ നീനുവും മരണം വരിച്ചു.
ഗർഭകാലത്ത് അവൾക്ക് വേണ്ട പരിചരണം കിട്ടാത്തത് കൊണ്ടാണ് ഈയൊരു ദുരന്തം ഉണ്ടായതെന്ന് നീനുവിനെ നോക്കിയ ഡോക്ടർ പറഞ്ഞു. വിവേകിന് കടുത്ത ഭാഷയിൽ അവർ ശകാരിക്കുകയും ചെയ്തു. നീനുവിന്റെ വീട്ടുകാർ അവനും വീട്ടുകാർക്കുമെതിരെ പോലീസിൽ കേസ് കൊടുത്തു..
വിവേകിന്റെ അമ്മയും ചേച്ചിയും ആ ആരോപണം എതിർത്തെങ്കിലും അവൻ ഒന്നും എതിർത്തില്ല. ഭാര്യയും കുഞ്ഞും പോയ ഷോക്കിലായിരുന്നു അവൻ. തങ്ങളുടെ ഭാഗത്തെ കൊടിയ തെറ്റ് കൊണ്ടാണ് രണ്ടു ജീവൻ ഇല്ലാതായതെന്ന സത്യം അവന് ഉൾകൊള്ളാതിരിക്കാൻ കഴിഞ്ഞില്ല. കുറ്റബോധം അവനെ കാർന്നുതിന്നു.
ആ ഷോക്കിൽ നിന്ന് പുറത്ത് വരാൻ കഴിയാതെ ഒരു ഭ്രാന്തനെ പോലെയായിരുന്നു വിവേകിന്റെ തുടർന്നുള്ള ജീവിതം