വിവാഹം കഴിഞ്ഞ് 8 10 വർഷം കഴിഞ്ഞിട്ടും അവൾക്ക് കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല.

Malayalamstory

 


വിവാഹം കഴിഞ്ഞ് 8 10 വർഷം കഴിഞ്ഞിട്ടും അവൾക്ക് കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല.


” എന്റെ മുന്നിൽ നിന്ന് എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ നീ..? നിന്റെ മുഖം കാണുന്ന ഓരോ നിമിഷവും പിടഞ്ഞു മരിക്കുന്ന എന്റെ കുഞ്ഞിനെയാണ് എനിക്ക് ഓർമ്മ വരുന്നത്.. ”

 

കൂടപ്പിറപ്പിന്റെ വാക്കുകൾ കേട്ടപ്പോൾ നിശ്ചലമായി പോയിരുന്നു എന്റെ ചുവടുകളും..!

 

അവളുടെ കണ്മുന്നിൽ നിന്ന് ഒഴിഞ്ഞുമാറി പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ, പെറ്റമ്മയുടെയും അച്ഛന്റെയും മുഖത്ത് പോലും എന്നോടുള്ള ദേഷ്യവും വെറുപ്പും മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ..!

 

മുറിയിലേക്ക് കയറി വാതിൽ വലിച്ചടക്കുമ്പോൾ, ഉള്ളിലുള്ള സങ്കടം എങ്ങനെ അടക്കി വയ്ക്കണം എന്നറിയാതെ വീർപ്പുമുട്ടുകയായിരുന്നു ഞാൻ..

 

ചുവരിൽ പതിപ്പിച്ചിരിക്കുന്ന ആ കുഞ്ഞു മുഖം കാണവേ, അത്രയും നേരം അടക്കിപ്പിടിച്ച കണ്ണീര് മുഴുവൻ അനുവാദം ചോദിക്കാതെ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.

 

അവൾ കല്ലു..ഈ വീടിന്റെ വിളക്ക് തന്നെ അവളായിരുന്നു.. ആ വിളക്ക് എന്നന്നേക്കുമായി കെടുത്തിക്കളഞ്ഞ അപരാധിയാണ് ഞാൻ..!

 

ആ ചിന്ത എന്നെ ചുട്ടെരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

 

ഞാൻ രഞ്ജിത്ത്.. പ്രിയപ്പെട്ടവരൊക്കെ രഞ്ജു എന്ന പേരിൽ എന്നെ വിളിച്ചിരുന്നു.

 

എന്നാൽ എന്റെ പ്രിയപ്പെട്ടവരായിരുന്ന എല്ലാവരും ഇന്ന് എന്നെ ഒരു കുറ്റവാളിയെ പോലെയാണ് നോക്കുന്നത്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിലും ചെയ്തു പോയത് വലിയൊരു അപരാധം തന്നെയായിരുന്നു.

 

എന്റെ വീട്ടിൽ ചേച്ചി രാജിയും അമ്മയും അച്ഛനും ഒക്കെയുണ്ട്. ചേച്ചി വിവാഹിതയാണ്. വിവാഹം കഴിഞ്ഞ് 8 10 വർഷം കഴിഞ്ഞിട്ടും അവൾക്ക് കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല. അതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ അവൾ ഒരുപാട് കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്.

 

“എന്നെക്കൊണ്ട് ഇനി ഇവിടെ പിടിച്ചു നിൽക്കാൻ പറ്റില്ല.. ഇനിയും ഞാൻ ഈ വീട്ടിൽ നിന്നാൽ ഒരുപക്ഷേ നിങ്ങൾ എന്റെ ശവമായിരിക്കും കാണുക..”

 

ഒരു ദിവസം വൈകുന്നേരം അവൾ ഫോണിൽ വിളിച്ച് എന്നോട് പറഞ്ഞത് കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു തോന്നിയത്.

 

” നീ ഒന്നുകൊണ്ടും പേടിക്കേണ്ട. നിനക്ക് അവിടെ നിന്ന് എന്താണ് എടുക്കാനുള്ളത് എന്ന് വെച്ചാൽ അതും എടുത്ത് തയ്യാറായി നിന്നോ.. ഞാൻ വന്നോളാം അവിടേക്ക്.. ”

 

അവളോട് അത് പറയാനുള്ള ധൈര്യം ആ സമയത്ത് എനിക്ക് എവിടെ നിന്ന് കിട്ടി എന്ന് എനിക്കറിയില്ല.

 

ഒരുപക്ഷേ അവളെ അന്ന് അവിടെ നിന്ന് കൊണ്ടു വന്നില്ലായിരുന്നെങ്കിൽ അവളുടെ ശവം കാണേണ്ടി വരും എന്നുള്ള ഭീഷണി തന്നെയായിരിക്കണം കാരണം.

 

സഹിക്കാവുന്നതിന്‍റെ പരമാവധി അവൾ ആ വീട്ടിൽ സഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയായിരിക്കണം അവൾ അങ്ങനെ ഒരു വാചകം പറഞ്ഞത്.

 

അന്ന് അവളെയും കൂട്ടി വീട്ടിലേക്ക് വന്നു പിറ്റേന്ന് തന്നെ അളിയൻ വീട്ടിൽ വന്നിരുന്നു.

 

“വീട്ടിൽ നടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ട്.പക്ഷേ എനിക്കൊരിക്കലും ഇവളെ സപ്പോർട്ട് ചെയ്ത് അവിടെ ഒന്നും പറയാൻ പറ്റില്ല.

 

അങ്ങനെ പറഞ്ഞാൽ അതിന്റെ പേരിൽ കൂടി ഇവളെ ദ്രോഹിക്കുന്ന രീതിയാണ് എന്റെ അമ്മയുടേത്. ഇപ്പോൾ അവളെ ഇവിടേക്ക് കൊണ്ടു വന്നത് എന്തായാലും നന്നായി. അധികം വൈകാതെ തന്നെ ഞങ്ങൾ ഇവിടെ അടുത്ത് ഒരു വീട് സംഘടിപ്പിക്കാൻ നോക്കാം..”

 

അച്ഛനോടും അമ്മയോടുമായി അളിയൻ പറയുമ്പോൾ അയാളുടെ ദയനീയ അവസ്ഥ വ്യക്തമായും മനസ്സിലാകുന്നുണ്ടായിരുന്നു.

 

” അതിനിപ്പോ പുതിയൊരു വീട് നോക്കേണ്ട ആവശ്യം ഒന്നുമില്ല.. എന്തൊക്കെ പറഞ്ഞാലും ഈ വീട് അവളുടെതും കൂടിയാണ്.. ”

 

അച്ഛന്റെ ആ വാക്കിന്റെ പുറത്ത് അളിയനോട് അവിടെ താമസിക്കാൻ പറയുമ്പോൾ അദ്ദേഹത്തിന് എതിർപ്പുകൾ ഒരുപാടുണ്ടായിരുന്നു.

 

എങ്കിലും ഞങ്ങളുടെയൊക്കെ നിർബന്ധം കൊണ്ട് തന്നെയാണ് അങ്ങനെ ഒരു തീരുമാനം അളിയൻ എടുത്തത്.

 

പിന്നീടുള്ള നാളുകൾ സന്തോഷം തന്നെയായിരുന്നു എന്ന് പറയാം. ആ സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് ചേച്ചിക്ക് വിശേഷം ഉണ്ട് എന്നറിഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെ എങ്ങനെ ആ സന്തോഷം പ്രകടിപ്പിക്കണം എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല.

 

ആ വാർത്ത അറിഞ്ഞപ്പോൾ മുതൽ,ചേച്ചിയെ കൊണ്ട് ഒരു പണിയും ചെയ്യിക്കാതെ അത്രയും ശ്രദ്ധയോടെയാണ് ചേച്ചിയെ പരിചരിച്ചത്.

 

പ്രസവത്തിന്റെ സമയം അടുത്തപ്പോൾ എന്തൊക്കെയോ കോംപ്ലിക്കേഷൻ ഉണ്ട് എന്ന് പറഞ്ഞ് വളരെ നേരത്തെ തന്നെ ചേച്ചിയെ ലേബർ റൂമിലേക്ക് കയറ്റിയിരുന്നു.

 

ആ നിമിഷം മുതൽ ഒടുങ്ങാത്ത പ്രാർത്ഥനകൾ ആയിരുന്നു ഞങ്ങളുടെയൊക്കെയും ചൂണ്ടിൽ നിറഞ്ഞിരുന്നത്.

 

ചേച്ചിയെയും കുഞ്ഞിനെയും ആരോഗ്യത്തോടെ തിരിച്ചു കിട്ടണം എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു ഉണ്ടായിരുന്നത്.

 

മണിക്കൂറുകൾ നീണ്ടു പോയപ്പോഴാണ്, ഞങ്ങളുടെയൊക്കെ ടെൻഷൻ വർദ്ധിക്കാൻ തുടങ്ങിയത്.

 

പിന്നെയും സമയം കടന്നു പോയപ്പോൾ, ചേച്ചി പ്രസവിച്ചു എന്നും ഒരു പെൺകുട്ടിയാണ് എന്നും ഒരു നേഴ്സ് വന്ന് പറഞ്ഞപ്പോൾ അത് ദൈവം തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നാണ് ഞങ്ങൾക്ക് ഓരോരുത്തർക്കും തോന്നിയത്.

 

ഞങ്ങളിലേക്ക് പിറന്നു വീണ ആ കുരുന്നു ജീവനെ സ്നേഹിക്കാൻ ഞങ്ങൾ ഓരോരുത്തരും മത്സരിക്കുകയായിരുന്നു. അവൾക്ക് ഒരു കുറവും വരുത്താതെ വളർത്തണം എന്നുള്ളത് ഞങ്ങളുടെ ഓരോരുത്തരുടെയും വാശിയായിരുന്നു.

 

ഒരുപാട് കാലം കാത്തിരുന്നു കിട്ടിയ കുഞ്ഞായത് കൊണ്ട് തന്നെ അവളെ സ്നേഹിക്കാനും ലാളിക്കാനും ഞങ്ങൾക്കൊക്കെ ഒരുതരം മത്സരമായിരുന്നു.

 

കല്ലു മോളെ എന്ന് വിളിക്കുമ്പോൾ കൈകൊട്ടിച്ചിരിക്കുന്ന അവൾ എന്നും എപ്പോഴും എനിക്ക് പ്രിയങ്കരിയാണ്.

 

എന്റെ ശബ്ദം എവിടെ കേട്ടാലും അവൾ തിരിച്ചറിയാറുണ്ട്. സാധാരണ കുട്ടികൾ അച്ഛാ അമ്മേ എന്നൊക്കെ വിളിച്ചു തുടങ്ങുമ്പോൾ അവൾ മാമ എന്നാണ് വിളിച്ചു തുടങ്ങിയത്.

 

ഞാനും അവളും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം സ്ട്രോങ്ങ് ആയിരുന്നു എന്ന് അതിൽ നിന്നു തന്നെ മനസ്സിലാക്കാം.

 

അവൾ എന്നെ ഓരോ തവണ മാമാ എന്ന് വിളിക്കുമ്പോൾ അമ്മേ എന്ന് അവളെ കൊണ്ട് വിളിപ്പിക്കാൻ ചേച്ചി ഒരുപാട് ശ്രമിക്കാറുണ്ട്. അത് നടക്കാതെ വരുമ്പോൾ അവൾ മുഖം വീർപ്പിക്കും.

 

” നീ ഇങ്ങനെ കുശുമ്പ് കുത്തിയിട്ട് കാര്യമില്ല. അവൾക്ക് എന്നോടാണ് സ്നേഹം. അവളുടെ ഒരേ ഒരു മാമൻ അല്ലേ ഞാൻ.. ”

 

അഭിമാനത്തോടെ ഞാൻ പറയാറുണ്ടായിരുന്നു.

 

ഞാൻ എപ്പോഴൊക്കെ പുറത്തേക്ക് പോയാലും അപ്പോഴൊക്കെ അവൾക്ക് ചോക്ലേറ്റ് നിർബന്ധമായിരുന്നു.

 

ആദ്യം ചോക്ലേറ്റിൽ ഒതുങ്ങിയിരുന്നു എങ്കിലും പിന്നെ ഞാൻ പുറത്തേക്ക് പോകുമ്പോൾ അവൾ എന്റെ പിന്നാലെ ഓടുകയായിരുന്നു പതിവ്.

 

ഒന്നൊന്നര വയസ്സ് ആയതിനു ശേഷം അവളെ പേടിച്ചിട്ട് പുറത്തേക്ക് ഇറങ്ങാൻ വയ്യാത്ത അവസ്ഥയായി. എങ്കിലും എല്ലായിപ്പോഴും അവൾ എന്റെ പ്രിയങ്കരി തന്നെയാണ്.

 

എനിക്ക് എപ്പോഴെങ്കിലും പുറത്തേക്ക് പോകേണ്ടി വരികയാണെങ്കിൽ വണ്ടി പോലും പുറത്തേക്ക് എടുക്കാൻ അവൾ സമ്മതിക്കാറില്ല. അങ്ങനെ ഞാൻ പോകണമെന്നുണ്ടെങ്കിൽ അവളുടെ കണ്ണ് വെട്ടിച്ചു മാത്രമേ എനിക്ക് പോകാൻ കഴിയൂ.

 

അതുകൊണ്ടു തന്നെ ജോലിക്ക് പോകേണ്ട ദിവസങ്ങളിൽ രാവിലെ എഴുന്നേറ്റാൽ ഉടനെ വണ്ടിയെടുത്ത് ഗേറ്റിന് പുറത്തുകൊണ്ടു വയ്ക്കലാണ് എന്റെ ആദ്യത്തെ പണി. പിന്നെ അവളുടെ കണ്ണ് വെട്ടിച്ച് വീടിന്റെ പിന്നാമ്പുറം വഴി ഓടി ഒക്കെയാണ് റോഡിലെത്താറ്..!

 

ഇങ്ങനെയുള്ള പതിവുകൾ തന്നെയായിരുന്നു അവളുടെ ജീവൻ അവസാനിപ്പിച്ചത്.

 

ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഞാൻ. ആ സമയത്താണ് ഒരു സുഹൃത്ത് ഫോൺ ചെയ്തത്.

 

” എടാ നമ്മുടെ അനീഷിന്റെ അമ്മ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.. അത്യാവശ്യമായി കുറച്ച് ബ്ലഡ് അറേഞ്ച് ചെയ്യണം..

 

നോക്കിയപ്പോൾ നിന്റെ ബ്ലഡ് ഗ്രൂപ്പുമായി അത് മാച്ച് ചെയ്യുന്നുണ്ട്.. നീ അത്യാവശ്യമായി ആശുപത്രിയിലേക്ക് ഒന്ന് വരണം.. ”

 

സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ റെഡിയായി അമ്മയോട് മാത്രം വിവരം പറഞ്ഞു വേഗത്തിൽ പുറത്തേക്കിറങ്ങി.

 

വണ്ടി സ്റ്റാർട്ട് ചെയ്തു ഞാൻ ഗേറ്റ് കടന്ന് മുന്നോട്ടേയ്ക്ക് പോവുകയും ചെയ്തു. പക്ഷേ ആ സമയത്തൊന്നും എന്റെ പിന്നാലെ ഓടിവന്ന കല്ലു മോളെ ഞാൻ കണ്ടിരുന്നില്ല.

 

എന്റെ വണ്ടി മുന്നോട്ടു പോയി കഴിഞ്ഞ് കുറച്ചു നിമിഷങ്ങൾക്കപ്പുറം ഒരു നിലവിളിയും ബഹളവും കേട്ടിട്ടാണ് ഞാൻ വണ്ടി സ്ലോ ചെയ്ത് തിരിഞ്ഞു നോക്കുന്നത്.

 

അപ്പോഴേക്കും എന്റെ പിന്നാലെ വന്ന കാർ കല്ലു മോളെ ഇടിച്ചു തെറിപ്പിച്ചിരുന്നു.

 

അവളുടെ മരണം നടന്ന അന്നു മുതൽ വീട്ടുകാർക്കൊക്കെയും ഞാൻ ശത്രുവാണ്.

 

എന്റെ ശ്രദ്ധ കുറവ് ഒന്നുകൊണ്ടു മാത്രമാണ് കുഞ്ഞിന് ഇങ്ങനെയൊരു അപകടം സംഭവിച്ചത് എന്ന് ഓരോരുത്തരും മാറിമാറി പറയുമ്പോൾ, അറിയാതെ പറ്റിപ്പോയ കൈപ്പിഴയുടെ കുറ്റബോധത്തിൽ ഉഴറുകയായിരുന്നു ഞാൻ..!!

 

കല്ലു മോളും അവനും മാത്രമുള്ള ലോകത്തിൽ അവൻ വിഹരിക്കുമ്പോൾ സ്വബോധത്തിനും ഭ്രാന്തനും ഇടയിലുള്ള ഒരു നൂൽപാലത്തിലൂടെ അവൻ സഞ്ചരിക്കുകയാണെന്ന്, അവനെ ആട്ടിയോടിക്കുന്ന വീട്ടുകാരാരും അറിഞ്ഞതുമില്ല

Post a Comment

© Boldskyz . All rights reserved. Developed by Jago Desain