ലുലു ഗ്രൂപ്പില്‍ അവസരം: ജോലി ചെയ്യേണ്ടത് കൊച്ചിയിലും പാലക്കാടും കോട്ടയത്തും; വേണ്ടത് ഈ യോഗ്യത
സ്വകാര്യ മേഖലയേക്കാള്‍ സർക്കാർ ജോലികള്‍ക്കാണ് കേരളത്തിലെ ഉദ്യോഗാർത്ഥികള്‍ പൊതുവെ പ്രധാന്യം നല്‍കാറുള്ളത്. ശമ്പളം കുറവാണെങ്കില്‍ പോലും തൊഴില്‍ സുരക്ഷിതത്വം, പെന്‍ഷന്‍, കൃത്യമായ അവധി തുടങ്ങിയ ആനുകൂല്യങ്ങളാണ് സർക്കാർ ജോലിയുടെ ആകർഷണീയത് വർധിപ്പിക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി നോക്കുകയാണെങ്കില്‍ തന്നെ റെപ്യൂട്ടഡായിട്ടുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും മുന്‍ഗണന.
സ്വകാര്യ മേഖലയില്‍ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും അധികം റെപ്യൂട്ടഡായിട്ടുള്ള സ്ഥാപനങ്ങളിലൊന്നാണ് ലുലു ഗ്രൂപ്പ്. അടുത്തിടെ കേരളത്തിന് അകത്തും പുറത്തുമുള്ള തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വലിയ രീതിയിലുള്ള റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ മോഷന്‍ ഗ്രാഫിക് ഡിസൈനർ തസ്തികതയിലേക്കും ലുലു അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് മുതല്‍ നാല് വർഷത്തെ പ്രവർത്തന പരിചയമുണ്ടായിരിക്കണം. എതെങ്കിലും ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. ആകർഷകമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കണം. ആഫ്റ്റർ ഇഫക്‌റ്റ്സ്, ബ്ലെൻഡർ, ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റർ, പ്രീമിയർ പ്രോ എന്നിവയെക്കുറിച്ചുള്ള മികച്ച അറിവും അനിവാര്യമാണ്.
കൊച്ചി, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ ലുലു മാളുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കേണ്ടി വരിക. അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവർക്ക് ലുലു മാള്‍ ഇന്ത്യ എന്ന ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം.
അതേസമയം, വിവിധ സർക്കാർ വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഏതാനും ഒഴിവുകളുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു.
ഇ.ഇ.ജി ടെക്നീഷ്യന്‍ ഒഴിവ്
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.ഇ.ജി ടെക്നീഷ്യന്റെ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നവംബര്‍ 1 ന് 40 വയസ്സ് കവിയരുത്. ന്യൂറോ ടെക്നോളജിയില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ നേടിയവരായിരിക്കണം. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി/ജനറല്‍ ആശുപത്രി/ജില്ലാ ആശുപത്രി/ മറ്റ് സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മിനിമം ആറുമാസത്തെ പ്രവര്‍ത്തിപരിചയം വേണം.
https://forms.gle/2hzudsFXT9KLP8ui9 എന്ന ലിങ്ക് വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഇമെയിലില്‍ ലഭിക്കുന്ന അപേക്ഷയുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ. ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഡിസംബര്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖാന്തിരമോ എത്തിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഔട്ടും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പും ഓഫീസില്‍ ലഭിച്ചില്ലെങ്കില്‍ ഓണ്‍ലൈനായി നല്‍കിയ അപേക്ഷ പരിഗണിക്കുന്നതല്ല. ഫോണ്‍: 0477-2282021.
ഹോമിയോ ആശുപത്രിയില്‍ നിയമനം
തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്‍ഡര്‍, ഫാര്‍മസി അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ എച്ച്എംസിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ലാബില്‍ ജോലി ചെയ്ത പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹോമിയോ ഫാര്‍മസി കൈകാര്യം ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
രണ്ടു തസ്തികകള്‍ക്കും പ്രായപരിധി 40 വയസ്സ്. ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 5 ന് രാവിലെ 10 നും ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 7 ന് രാവിലെ 10 നും നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിച്ചേരണം. ഫോണ്‍: 0487 2389065.