ശങ്കരേട്ടൻ്റെ മോളെ കല്യാണാലോചിച്ച് വന്നവരോട് വഴീന്ന് ആരോ പറഞ്ഞതാണ്…
ചായയും, പഴം പുഴുങ്ങിയതും, കായുപ്പേരിയും കരുതി പെണ്ണ് കാണാൻ വരുന്നവരെ നോക്കിയിരുന്ന ശങ്കരേട്ടനും വീട്ടുകാരും മുഷിഞ്ഞു…
പതിവ് പോലെ ഇതും മുടങ്ങിയത് കേട്ട് ആ പെണ്ണ് മുറിയിലെ ജനാലയിൽ നഖമുരസി പുറത്തേക്ക് വെറുതെ അങ്ങനെ നോക്കി നിന്നു…
ഏഴ് വയസുള്ളപ്പോ കൂട്ടാരുടെ കൂടെ ചാലില് തോർത്ത് വിരിച്ച് മീൻ പിടിക്കാൻ പോയപ്പോ വിറച്ച്, വിറങ്ങലിച്ച് വീണതാണ് അവള്…അന്ന് മുതലാണത്രെ സൂക്കേടാണെന്ന് ആശൂത്രീന്ന് പറഞ്ഞത്…
“നിനക്കിത് മൂടി വെച്ച് കല്യാണം നടത്തിക്കൂടെ ശങ്കരാ” എന്ന് നാട്ടാരും ബന്ധുക്കളും പറയണത് കേട്ട് ശങ്കരൻ ആവലാതി കൊണ്ട് പറഞ്ഞു,
“കെട്ടാണ്ട് നിക്കണെങ്കി അവള് നിക്കട്ടേന്ന്, എന്നാലും നൊണ പറഞ്ഞ്, അവരേം പറ്റിച്ച് എൻ്റെ മോളെ കരയിക്കാൻ വയ്യ…”
കൊറേ പുസ്തകങ്ങളോടും, പൂക്കളോടും മാത്രം മിണ്ടാറുള്ള, ചിരിക്കാറുള്ള ആ പെണ്ണിന് നല്ലോണം പഠിക്കാൻ മിടുക്കായിരുന്നു…
കക്ഷത്ത് മുറി പുസ്തകവും തിരുകി വരണ ദല്ലാളിനോട് മോൾക്ക് പറ്റിയ കൂട്ടരുണ്ടോ എന്ന് ചോദിക്കുമ്പോ അയാള് പറയും,
“സൂക്കേട് മൂടി വെച്ച് കെട്ടിക്കാനാണെങ്കി ഒന്ന് നോക്കാം ഞാൻ….അല്ലാണ്ട് പിന്നെ ഒന്നേ ഉള്ളൂ വഴി, ഈ വീടും പറമ്പും എഴുതി കൊടുത്താ കെട്ടാൻ പറ്റിയ കൂട്ടരുണ്ട്…”
അയാള് പറയണത് കേട്ട് ശങ്കരൻ ഒന്ന് നെടുവീർപ്പിടും, ഒന്ന് വേച്ച് കെട്ടി ചിരിക്കും…നിവൃത്തിയില്ലാത്ത അച്ഛൻ്റെ ഒരു ചിരി…അത്ര മാത്രം….
പൊര നിറഞ്ഞ് നിൽക്കണ പഴമൊഴി കേട്ട് തഴമ്പിച്ച അയാള് ചെലപ്പോ രാത്രി വിങ്ങി വിങ്ങി കരയാറുണ്ട്…പൊരയിടത്തിൻ്റെ കുറിപ്പടിയെടുത്ത് ആലോചിക്കാറുണ്ട്….
അല്പ കാലം കഴിഞ്ഞ് സർക്കാര് തലത്തിലൊരു ജോലി കിട്ടിയപ്പോ, ഒന്ന് നിവർന്നു നില്ക്കാൻ പ്രാപ്തിയായപ്പോ ആ പെണ്ണ് നിറഞ്ഞൊന്ന് ചിരിച്ചു….
ചെല വൈകുന്നേരം ബാഗും തൂക്കി നടന്നു വരണ ആ പെണ്ണിനോട് കവലയിലെ ചെലോരു ചോദിക്കും,
“ആലോചന വല്ലോം നോക്കണുണ്ടോ മോളെ…?”
ഇല്ലെന്ന ഭാവത്തിൽ ഒന്ന് തലയാട്ടി, ചിരിച്ച് കൊണ്ട് അവളത് വഴി നടന്നു പോകും..
ഒരൂസം ഉമ്മറത്തിരുന്ന് കട്ടൻചായ കുടിക്കണ ശങ്കരനെ നോക്കി ചിരിച്ച് കൊണ്ട് ദല്ലാൾ വറീത് കേറി വന്നിട്ട് ചോദിച്ചു,
‘ശങ്കരേട്ടാ കൊച്ചിന് ഒരു രണ്ടു മൂന്ന് കൂട്ടരുണ്ട് എൻ്റെ ഈ കക്ഷത്തില്…സർക്കാര് ജോലിയുള്ള പെണ്ണാണെന്ന് പറഞ്ഞപ്പോ സൂക്കേട് ഉള്ളതൊന്നും കാര്യല്ലത്രേ….’
ശങ്കരൻ ഒന്നേ അത് കേട്ട് പറഞ്ഞുള്ളൂ,
“ഏയ് വേണ്ട്രോ, അവൾടെ ചിരിക്കിപ്പോ നല്ല ചേലാ…ഉള്ളില് നല്ല സമാധാനാ, നല്ല സന്തോഷാ…മോൾക്ക് തോന്നട്ടെ, എല്ലാം അറിഞ്ഞ് അവളെ ഇഷ്ടാവണ ഒരാള് വരട്ടെ…”
വറീത് ഒന്ന് ഇരുത്തി മൂളിയിട്ട് അവിടുന്ന് ഇറങ്ങി നടന്നു…
ശങ്കരൻ ഒന്ന് ദീർഘ നിശ്വാസം എടുത്തിട്ട് ഒന്ന് ചിരിച്ചു…വിടവുള്ള ഇടംപല്ല് കാണിച്ച് സുന്ദരമായി ഒന്ന് ചിരിച്ചു