ഇതെന്ത് കോലമാണെടീ.. നീവല്ല സീരിയലിലും അഭിനയിക്കാൻ പോയതാരുന്നോ.. കേട്യോന്റെ ചോദ്യമാണ്..

Malayalamstory k k story


Story written by boldskyz

“അല്ലാടി നീ വരുന്നില്ലേ കല്യാണത്തിന്..” കെട്യോനാണ്.. മൂപ്പരെ വകേലൊരു ബന്ധുവിന്റെ കല്യാണമാണ്. മ്മള് പോയില്ലേലും കുഴപ്പൊന്നൂല്ലാലോ.. അതോണ്ടന്നെ തലവേദനാന്നും പറഞ്ഞൊഴിഞ്ഞു.


സില്മേലൊക്കെ ആണേൽ കെട്യോൾക്ക് തലവേദന വന്നാൽ അപ്പൊത്തന്നെ ബേജാറാവുന്ന കെട്യോനോക്കെ കാണൂലെ.. ചുരുങ്ങിയത് ഒരു ബാമെങ്കിലും എടുത്ത്‌ പുരട്ടി കൊടുക്കാത്ത ആളോള്ണ്ടാവൊന്നന്നെ സംശയവാണ്.. ഇവിടൊരാൾക്കു തല വേദനയെന്നല്ല തല പോയാലും ഉം എന്നൊരു മൂളൽ മാത്രാണ്.. സന്ദർഭം അനുസരിച്ചു മൂളലിന്റെ അർത്ഥം മാറ്റി മാറ്റി വായിച്ചോണം.. ഇപോഴത്തെ മൂളലിന് നിനക്കെപ്പൊഴാ തലവേദന അല്ലാത്തെന്നാണ് അർത്ഥമെന്നെനിക്കറിയാം.. അതൊക്കെ കേട്ട് ശീലമായില്ലെന്ന്.


തല വേദനാന്നൊക്കെ ഫേസ്ബുക്കിലെങ്ങാനും ഒരു പോസ്റ്റിട്ടിരുന്നേൽ എന്തോരം ആൾക്കാര് വന്ന് ആശ്വസിപ്പിച്ചേനെ.. അതൊക്കെ കാണുമ്പോളാ കെട്യോനെ എടുത്ത്‌ കിണറ്റിലിടാൻ തോന്നാ.. പടച്ചോനെ പൊറുക്കണേ.. വെറുതെ പറഞ്ഞതാ.


ഞാനില്ലാന്ന് വെച്ചു ബിരിയാണി മുടക്കാൻ പറ്റോ ന്ന് കരുതിയാവും മൂപ്പര്‌ കുട്യോളേം കൂട്ടിക്കൊണ്ട് പോയി.. സത്യത്തില് തലവേദനയൊന്നും ഇല്ലെനും.. എപ്പോഴോ മനസ്സിലുള്ളൊരു ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി ഒരു കള്ളം പറഞ്ഞതേനും. എന്നാലും തലവേദനാന്നൊക്കെ പറയുമ്പൊ വെറുതെ നെറ്റിയിലൊന്ന്ത ടവിയെങ്കിൽ എന്നൊക്കെ ആശിച്ചുവെന്നത്‌ സത്യമാണ്‌.. ഹാ അതൊക്കെ പോട്ടേന്ന്.


വാതിലടച്ചു കുറ്റിയിട്ട ശേഷം നേരേ അടുക്കളയിലേക്കു നടന്ന്.. അഥിതികളൊന്നും വരാണ്ടിരുന്നാ മതിയാരുന്നു.. വന്നാപ്പിന്നെ എല്ലാം കൊളമാവും.


മൊബൈലില് ഇഷ്ടപെട്ട പാട്ടും വെച്ചോണ്ടൊരു കുക്കിങ്.. അതൊരു സ്വപ്നമായിരുന്നു.. എല്ലാരുള്ളപ്പം അതൊന്നും നടക്കൂല.. വല്ല മതപ്രസംഗവും ആണേല് ഉമ്മ എതിരൊന്നും പറയൂല.. മാത്രല്ല കുട്യോളുടെ ഓൺലൈൻ ട്യൂഷൻ ആയെപ്പിന്നെ പാട്ട് പോയിട്ട് പാ പോലും വെച്ചോണ്ട് കുക്ക് ചെയ്യാൻ കയ്യൂല.. അത്രേം തിരക്കായി.


പങ്കജ് ഉദാസിന്റെ ഗസലാണ്.. സ്റ്റോവിലെ തീനാളങ്ങൾ വരെ പാട്ടാസ്വദിക്കുന്നുണ്ടെന്ന് തോന്നി.. അത്രക്ക് താളാത്മകമായാണ് കത്തുന്നെ.. കാണാൻ തന്നെ എന്തൊരു ചേലാ.. അല്ലാത്തപ്പോ ആർക്കോവേണ്ടി പുകയുന്ന പോലേ തോന്നും.. ഏതാണ്ട്‌ മ്മളെ പോലൊക്കെ തന്നെ.


ഫുഡ് റെഡിയാക്കി അടച്ചുവെച്ചു.. ഇനിച്ചെന്ന് കുളിച്ചു ഡ്രസ് മാറണം.. കുളിക്കുമ്പോഴും കഴിയാവുന്നത്ര ഉച്ചത്തിൽ പാട്ട്പാടിത്തന്നെയാ കുളിച്ചേ.. അടുത്തൊന്നും വീടില്ലാത്തത്‌ ഭാഗ്യം.. അല്ലെങ്കി വല്ല അപകടോം സംഭവിച് നിലവിളിക്കയാണെന്ന് കരുതി ഓടിപ്പാഞ്ഞു വന്നേനെ.


കുളികഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം സൗന്ദര്യം ആവോളമാസ്വദിച്ചു..


“നീയെന്തു സുന്ദരിയാടീ..


“കണ്ണുകളൊക്കെ കാണാനെന്ത് ഭംഗിയാ..


“മുടി നിവർത്തിയിട്ടത് നിനക്ക്‌ നന്നായ് ചേരുന്നുണ്ട്..


കേൾക്കുമ്പൊ തെറ്റിദ്ധരിക്കണ്ട..ഞാനെന്നോടു തന്നെ പറയുന്നതാ.. മറ്റൊരാൾ പറഞ്ഞു കേൾക്കാൻ ആഗ്രഹിക്കുന്നത് സ്വയം പറഞോണ്ടു ആശ്വസിക്കുന്നുവെന്ന് മാത്രം. അതിലൊരു സുഖമുണ്ട്.


മേക്കപ്പിടുമ്പോ വല്ലാത്തൊരു സന്തോഷമുണ്ടായിരുന്നു.. വയസാം കാലത്താണ് ഓളുടെ ഒരു ഒരുങ്ങലെന്ന് പറഞോണ്ടു കോൺഫിഡൻസ് ലെവൽ താഴ്ത്താൻ ആരുമില്ലാത്തതിന്റെ ധൈര്യമാ.


പ്ലേറ്റ് കഴുകി ഭക്ഷണം വിളമ്പി വെച്ചു കുടിക്കാനുള്ള വെള്ളവും. എല്ലാമൊരുക്കി വച്ചത് കാണാൻ തന്നെയൊരു ഭംഗിയാ.. “വാ ചൂടാറും മുന്നെ വന്ന് കഴിക്ക്.. ഞാനെന്നെ തന്നെ ക്ഷണിച്ചു. വിനയത്തോടെ ചെന്ന്‌ കൈ കഴുകി കസേരയിലിരുന്നു.. ഷബ്‌നയുടെ വാക്കുകൾ കടമെടുത്താൽ ഞാൻ തന്നെ രാജാവ്.. രാജാവിന് സ്വല്പം ഗമയൊക്കെ ആവാം.


വിഭവങ്ങളോരോന്നായി രുചിച്ചുനോക്കി.. “കുറച്ചൂടെ വിളമ്പട്ടെ… സ്‌നേഹത്തോടെ ഞാനെന്നെ തന്നെ നിർബന്ധിച്ചു.. അങ്ങനെ നിർബന്ധിച്ചാൽ ആരായാലും കഴിച്ചു പോവില്ലേ. വയറു നിറഞ്ഞു പൊട്ടാറായി ന്ന് തോന്നിയപോ മതിയാക്കി എഴുന്നേറ്റു.


“ഇത്രേം നല്ല രുചിയോടെ മുമ്പൊരിക്കലും കഴിച്ചിട്ടില്ല.. എഴുന്നേൽക്കാൻ നേരം അത്രേം പറഞ്ഞില്ലേൽ പിന്നെന്തിനു കൊള്ളാം.. ഉണ്ടാക്കി വിളമ്പിയവർക്ക് അത് കേൾക്കുമ്പോ കിട്ടുന്ന സന്തോഷം ചെറുതോന്നുമാവില്ല.


എല്ലാരുള്ളപ്പോ കഴിച്ചൊന്ന് പോലും ചോദിക്കാൻ മറന്നൊവും..


“നീ കഴിച്ചു കാണുമെന്ന് കരുതി..”


“നിനക്കെപ്പോ വേണേലും കഴിക്കാലോ..”


“സ്വന്തം വീട്ടിലാരെലും കഴിക്കാൻ നിർബന്ധിക്കണോ”


എന്നൊക്കെയാവും എല്ലാരുടേം ന്യായങ്ങൾ.. അതൊക്കെ ശരിയാണു താനും.


എന്നാലും വല്ലപോഴും ഇതുപോലൊക്കെ ആരെലും സ്നേഹത്തോടെ കഴിപ്പിച്ചെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചു പോയിട്ടുണ്ട്.. ആരോടുപറയാൻ.. അല്ലെങ്കിത്തന്നെ ആരു കേൾക്കാൻ.. അതോണ്ടന്നെ ഇങ്ങനെങ്കിലും പൂതി തീർക്കാലൊന്ന് കരുതി.


അവരു വരാനിനിയും സമയമുണ്ട്.. “പാത്രങ്ങളൊക്കെ അവിടെ വെച്ചേക്ക്…സ്വല്പനേരം വിശ്രമിച്ചോളൂ..


ഹൊ എന്തൊരു സ്നേഹവാ.. എന്തായാലും ഒന്ന് മയങ്ങിയേക്കാം. ക്ഷീണം കൊണ്ടാവണം ഫാനിട്ട് കിടന്നപ്പോ തന്നെ കണ്ണുകൾ താനെ അടയുന്നുണ്ടായിരുന്നു.


കുട്യോളുടെ ഉച്ചത്തിലുള്ള ചിരിയും ബഹളവും കേട്ടാണ് കണ്ണ് തുറന്നെ..


“ഇതെന്ത് കോലമാണെടീ.. നീവല്ല സീരിയലിലും അഭിനയിക്കാൻ പോയതാരുന്നോ.. കേട്യോന്റെ ചോദ്യമാണ്..


“അഭിനയിക്കാൻ പോയതല്ല… ജീവിക്കുകയായിരുന്നു കുറച്ചു നേരത്തേക്കെങ്കിലും. എന്നും പറഞോണ്ടു പുറത്തേക്കു നടക്കുമ്പൊ ഇവൾക്കിതെന്ത് പറ്റിയെന്നുള്ള മട്ടില്അ ന്തം വിട്ടു നോക്കുവാരുന്നു മൂപ്പര്‌

Post a Comment

© Boldskyz. All rights reserved. Developed by Jago Desain