അല്പം വെള്ളം കുടിച്ച് വീണ്ടും സിസ്റ്റത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു നൈനിക ശരൺ.

Malayalam Love Story, malayalam Story,
Malayalam Love Story
Malayalam Love Story by boldskyz Entertainment 

നാളെ രാവിലെ എട്ടുമണിക്ക് തന്നെ ഡോക്ടർ പുത്തൂറുമായിട്ടുള്ള കോൺഫറൻസ് ചാർട്ട് ചെയ്തിട്ടുണ്ട്. അതിലേക്ക് വേണ്ട ഡോക്കുമെന്റ്സ് റെഡിയാക്കുകയായിരുന്നു അവൾ.

താനിരിക്കുന്ന സീറ്റിൽ നിന്നും ചില്ലുജാലകത്തിലൂടെ അവൾ എംഡിയുടെ ക്യാബിനിലേക്ക് നോക്കി.

എഡ്വിൻ നങ്ങോട്ട് അവിടെ തന്നെ ഉണ്ട്. നങ്ങോട്ട് ഗ്രൂപ്പ്‌ ഓഫ് കമ്പനിയിലെ വൈസ് പ്രസിഡന്റ് ആണ് നൈനിക. വാച്ചിലേക്ക് നോക്കുമ്പോൾ സമയം 8:30 pm. ഒരുവിധം വർക്ക് ഫിനിഷ് ആകാറായപ്പോൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തു.

നിലാ കാളിംഗ്….!!

” ഹലോ അമ്മ… ” മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തു.

” നിലാ… എന്തെടുക്കുവാ…? അപ്പുറത്തെ സീതമ്മ വന്നൊ കൂട്ടിരിക്കാൻ….? കുഞ്ഞി എവിടെ..? ” ഒറ്റശ്വാസത്തിൽ ചോദിക്കേണ്ടതെല്ലാം ചോദിച്ചു.


” ങ്ഹാ അമ്മ സീതമ്മ ഇവിടെയുണ്ട്. കുഞ്ഞി ഉറക്കം പിടിച്ചു…… ”


” ഇന്നും അമ്മ ലേറ്റാണ് മോളെ… നാളെ രാവിലെ തന്നെ ഒരു കോൺഫറൻസ് ഉണ്ട്…. അതിന്റെ വർക്ക് തീർന്നില്ല. ” നൈനിക മെല്ലെ പറഞ്ഞു.


” ഇട്സ് ഓക്കേ അമ്മ …നോ പ്രോബ്ലം….. ” നില അവളെ ആശ്വസിപ്പിച്ചു. പത്തു വയസ്സ് എങ്കിലും മറ്റുള്ളവരെ വിസ്മയിപ്പിക്കും വിധം പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട് അവൾക്ക്.


” ഓക്കേ മോളെ…. കുഞ്ഞി കഴിച്ചിട്ടാണോ കിടന്നത്…? ”


” അതെ അമ്മ… ”


” ങ്‌ഹും ശരി ഡാ ടേക് കെയർ…… ” നൈനിക കാൾ ഡിസ്കണക്റ്റ് ചെയ്തു. വീണ്ടും സിസ്റ്റത്തിലേക്ക് കണ്ണുകൾ നട്ടിരുന്നു.

സമയം ഒൻപത് ആയപ്പോൾ സിസ്റ്റം ഓഫ് ചെയ്ത് അവൾ എഴുന്നേറ്റു.


” സർ….. ” എഡ്വിന്റെ ക്യാബിനിലേക്ക് ചെന്നു.


” യെസ് നൈനിക.., ഈസ്‌ ഇറ്റ് ഫിനിഷ്ഡ്..? ”

” യെസ് സർ….ദെൻ ഐ വിൽ ഗോ സർ…? ”


” ഓഹ് ഷുവർ… യു ക്യാൻ ഗോ.. ”


” താങ്ക്യൂ സർ…” അപ്പോൾ തന്നെ അവൾ ഓഫീസിൽ നിന്നും ഇറങ്ങി.


താഴെ പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ് നിറയെ കുട്ടികളായിരുന്നു. തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയിൽ അവരെ ഒന്ന് ശ്രദ്ധിക്കാൻ പോലും തനിക്ക് കഴിയുന്നില്ലയെന്ന് വേദനയോടെ അവൾ ഓർത്തു.


പച്ചക്കറി വാങ്ങണമല്ലോ…? വാച്ചിലേക്ക് ഒന്ന് നോക്കി. കടയൊക്കെ അടച്ചിട്ടുണ്ടാവും…….. അങ്ങനെയെങ്കിൽ നാളെ കുട്ടികൾക്ക് എന്ത് കൊടുത്ത് വിടും…? നാളെ ഓഫിസിലേക്ക് നേരത്തെ ഇറങ്ങുകയും വേണമല്ലോ…? നൂറു ചിന്തകളും പേറി അവൾ ടൗൺ എത്തുമ്പോൾ കണ്ടു.


ടൗണിൽ അവശേഷിച്ച ഒരു കടയും കൂടി അടക്കാനുള്ള ശ്രമത്തിലാണ് കടക്കാരൻ. ഹോൺ ഒന്ന് നീട്ടി അടിച്ചു കടക്കാരന്റെ ശ്രദ്ധ ആകർഷിച്ചു. ആ ഹോണടിയിൽ ഓട്ടോ സ്റ്റാന്റിൽ ഇനിയും സ്റ്റാൻഡ് വിടാതെ കിടന്ന മറ്റ് രണ്ടുപേരും അവളെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. കടയ്ക്കു മുന്നിൽ വണ്ടി ഒതുക്കി ഹെൽമറ്റ് ഊരി വെച്ച് അവൾ കടയിലേക്ക് കയറി ചെന്നു. രണ്ടുപേർ കടയിൽ ഉണ്ട്.


” ചേട്ടാ കാരറ്റ് എന്നാവില…? ” ഒരു കാരറ്റ് എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് അവൾ തിരക്കി.


” നാല്പത് രൂപ ” അയാൾ കൊട്ടയും എടുത്ത് അവൾക്ക് മുന്നിൽ നിന്നുകൊണ്ട് പറഞ്ഞു.


” ങ്‌ഹും അരക്കിലോ, പിന്നെ തക്കാളി കാൽക്കിലോ, കിഴങ്ങ്, സവാള, ബീൻസ്,…… അവൾ ഓരോന്നും വിലചോദിച്ച് വാങ്ങി.


” ജോലിക്ക് പോയി വരുവാണോ….? ” കടക്കാരൻ സാധനങ്ങൾ കവറിലാക്കുന്നതിനിടയിൽ അവളെ നോക്കി ചോദിച്ചു.


” അതെ ചേട്ടാ…. ” മറുപടി പറയുന്നതിനൊപ്പം അവളുടെ കണ്ണുകൾ പക്ഷേ ഓട്ടോ സ്റ്റാൻഡിലെ കഴുകൻ കണ്ണുകളുടെ കണക്കെടുപ്പ് എടുക്കുകയായിരുന്നു അവർ പോലും അറിയാതെ.


” ഇന്നാ 290/ ” അവൾക്ക് നേരെ കവർ നീട്ടി പറഞ്ഞു. പെട്ടെന്ന് ഓട്ടോ സ്റ്റാൻഡിൽ കിടന്ന ഒരുവൻ അവിടേയ്ക്ക് വന്നു.


” ഗോപലേട്ടോ ബീൻസ് എന്നാവില…..? ” അവളെ അനുകരിക്കും വണ്ണം അവനും ഒരു വഷളൻ ചിരിയോടെ ചോദിച്ചു.


അപ്പോഴേക്കും അവൾ തോളിൽ കിടന്ന ബാഗിൽ നിന്നും പണം എടുത്ത് കടക്കാരന്റെ കയ്യിൽ കൊടുക്കുമ്പോൾ അടുത്ത ചോദ്യം വന്നു.


” എവിടാ കൊച്ചേ ജോലി….? വൈകുമ്പോൾ ശമ്പളം കൂടുതൽ കിട്ടുമായിരിക്കും അല്ലിയോ….?” ഇത്തവണത്തെ കടക്കാരന്റെ ചോദ്യത്തിന് അവൾ അയാളുടെ കണ്ണുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.


കണ്ണുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പരിഹാസം അവൾ തിരിച്ചറിഞ്ഞു.


” ഇവിടെ നങ്ങോട്ട് ഗ്രൂപ്പ്‌ ഓഫ് കമ്പനിസിലാണ് …. പിന്നെ വൈകിട്ട് നിന്നാൽ കൂടുതൽ കിട്ടുന്ന പരിപാടി കോപ്പറേറ്റ് കമ്പനികളിൽ ഇല്ല. നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ജോലി തീർത്തു കൊടുക്കുക അതെത്ര നേരമായാലും….. തീർത്തിട്ടെ പോകാൻ പാടുള്ളൂ …….” അവൾ ഉറപ്പോടെ പറഞ്ഞു.


അവളുടെ ശബ്ദത്തിന്റെ ദൃഢത മനസ്സിലാക്കിയത് കൊണ്ടാവാം. പെട്ടെന്ന് അയാൾ മുഖത്തൊരു ചിരി ഫിറ്റ് ചെയ്തു.


” ങ്ഹാ നമ്മുടെ നങ്ങോട്ട് വർക്കി മാപ്പിളെടെ അല്ലിയോ..? വലിയ കമ്പനിയാ അല്ലിയോ…? ”


” ങ്‌ഹും…. ” അവൾ മൂളി.


” ങ്ഹാ എന്റെ കൊച്ചിന് അവിടെ ജോലി നോക്കിയതാ കിട്ടിയില്ല…. അവര് ഇവിടെ കിടക്കുന്ന നമുക്കൊന്നും തരില്ലെന്നെ…. ” അയാളുടെ സംസാരം അത്ര സുഖകരമല്ലെന്ന് അവൾക്ക് തോന്നി.


” ശരി ചേട്ടാ വരട്ടെ…. ” അവൾ ബാക്കി പണവും വാങ്ങി പച്ചക്കറിയുമായി വണ്ടിക്ക് അരികിലെത്തി.


ഹെൽമെറ്റ്‌ എടുത്തുവയ്ക്കുന്നതിനു മുന്നേ അവൾ ഒരു ബബിൾഗം കവർ പൊട്ടിച്ച് വായിൽ ഇട്ടു. പിന്നെ ആരെയും നോക്കാതെ ഹെൽമെറ്റും വച്ച് വണ്ടി സ്റ്റാർട്ട് ചെയ്ത് അവൾ മുന്നോട്ട് നീങ്ങി.


” ങ്‌ഹും രാത്രി സഞ്ചാരം കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല….. ” കടക്കാരൻ കൂടെയുള്ള സഹായി മനോജിനെ നോക്കി പറഞ്ഞു.


” ങ്ഹാ കാലം മാറിയില്ലേ ചേട്ടാ…., ഇപ്പോഴത്തെ പിള്ളേർക്ക് ഇഷ്ടം ഈ രാത്രി നടക്കുന്നതാ…. പണ്ടത്തെ പേടിയൊന്നും ഇല്ല…… പെൺകുട്ടികളൊക്കെ കുറച്ചുകൂടി ധൈര്യശാലികൾ ആയിട്ടുണ്ട്…… ” മനോജ്‌ ശുദ്ധമായി സംസാരിച്ചത് കടക്കാരന് അത്രയ്ക്കങ്ങ് ദഹിച്ചില്ല.


” ഓഹ്ഹ് പുരോഗമന ചിന്താഗതി അല്ല ഞാൻ ഉദ്ദേശിച്ചത്…., ചെലവളുമാരുണ്ട് അഴിഞ്ഞാടി നടക്കുന്നോളുമാര്……. എന്നിട്ട് പറയുന്നത് ജോലിക്ക് പോയെന്ന് വീട്ടിലെ കഴിവുള്ള ആണുങ്ങൾ ഉണ്ടാവില്ല… അതിലൊന്നാ ഈ പോയവളും…. അത് അവളുടെ മുഖത്ത് തന്നെ എഴുതി വച്ചിട്ടുണ്ട്….. ” കടക്കാരൻ ഓട്ടോക്കാരൻ ഗിരീഷിനെ നോക്കി പറഞ്ഞു. അവൻ ചിരിച്ചു, മനോജ്‌ നിശബ്ദനായി അയാളുടെ ജോലി തുടർന്നു.


” ങ്ഹാ ഗോപലേട്ടൻ അറിയത്തില്ലേ ആ പുള്ളിക്കാരി ഇവിടെ നമ്മുടെ പിള്ള സാറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതാ, രണ്ട് പിള്ളേര് കൂടെയുണ്ട്…. ” ഗിരീഷ് ചിരിയോടെ കുറച്ചു ബീറ്റ്റൂട്ട് എടുത്ത് ത്രാസിൽ ഇട്ടുകൊണ്ട് പറഞ്ഞു.


” ആണോ…? അപ്പൊ കെട്ടിയോനില്ലേ..? ” ഗോപാലൻ തിരക്കി.


” ങ്ഹാ അത് അറിയാന്മേല… ”


” ങ്‌ഹും കാണത്തില്ലായിരിക്കും. അതാ അവക്ക് ഇത്ര വകവെപ്പില്ലാത്തെ….. ” ഗോപാലൻ തുടർന്നു.


” ചേട്ടാ ഞാൻ ഇറങ്ങിയേക്കുവാ…. ” അയാളുടെ സഹായി മനോജ്‌ അയാളെ നോക്കി പറഞ്ഞു.


” ങ്‌ഹും ശരി….. ” അയാൾ അമർത്തി മൂളി.


പരദൂഷണം പറയാൻ പെണ്ണുങ്ങളെക്കാൾ ബെസ്റ്റ് ഇങ്ങേരാ…. മുന്നോട്ട് നടക്കുന്നതിനിടയിൽ മനോജ് പിറുപിറുത്തു.



വീട്ടിലെത്തുമ്പോൾ ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു…..!!


സീതമ്മയാണ് വന്ന് വാതിൽ തുറന്നത്. നല്ല സ്ത്രീയാണ് അവർ. വീട്ടിൽ തനിച്ചാണ് താമസം. അവരുടെ രണ്ട് ആൺമക്കളും വിദേശത്താണ് എങ്കിലും അതിന്റെ ഗുണമൊന്നും സീതമ്മയ്ക്ക് കിട്ടാറില്ല. പറമ്പിൽ നിന്ന് കിട്ടുന്ന നാളികേരവും അടയ്ക്കയും കുരുമുളകും ഒക്കെയാണ് വരുമാനമാർഗം.

” കുട്ടികൾ കിടന്നോ സീതമ്മേ…. ” നൈനിക ചോദിച്ചു.


” ഉവ്വ് കിടന്നു മോളെ…. ”


അവൾ പച്ചക്കറി ബാഗ് അടുക്കളയിൽ വെച്ച് നേരെ കുട്ടികളുടെ മുറിയിലേക്ക് ചെന്നു.

ചേച്ചിയും അനുജത്തിയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നുണ്ടായിരുന്നു. മാറിക്കിടന്നപുതപ്പ് അവർക്ക് മേലേക്ക് എടുത്തിട്ടു കൊണ്ട് അവൾ തിരിയവേ സീതമ്മ ആ മുറിവാതിക്കൽ എത്തി.


” മോള് ചെന്ന് കുളിച്ചോ… കഴിക്കാനുള്ളത് ഞാൻ ചൂടാക്കി വെച്ചിട്ടുണ്ട്. ”


” ങ്ഹാ ശരി…. ” പുറത്തേക്കിറങ്ങുന്നതിനിടയിൽ അവൾ ഒന്ന് തിരിഞ്ഞു നിന്നു. സീതമ്മയുടെ കൈകളിൽ പിടിച്ചു.


” ഒരുപാട് നന്ദിയുണ്ട്…. ” നിറയുന്ന കണ്ണുകൾ അവർ കാണാതിരിക്കാൻ ശ്രമിച്ച് അത്രയും പറഞ്ഞ് അവൾ അടുത്ത മുറിയിലേക്ക് പോയി.


ഡ്രസ്സ്‌ മാറ്റി, വാഷിംഗ്‌ മെഷീനിൽ അലക്കാൻ ഇട്ട തുണികൾ നനച്ചിട്ട്‌ കുളിയും കഴിഞ്ഞ്

അത്താഴം കഴിക്കാൻ ടേബിളിന് അരികിൽ ഇരിക്കുമ്പോൾ സീതമ്മ അവളുടെ മുഖത്തേക്ക് നോക്കി.


” മോളെ ഞാൻ പറയുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല. എങ്കിലും ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് പറയുന്നു….., രണ്ടു പെൺകുട്ടികൾ അല്ലേ അച്ഛൻ ഇല്ലാത്ത അവരെ വളർത്താൻ മോള് നല്ലതായി കഷ്ടപ്പെടുന്നുണ്ടെന്നറിയാം. എങ്കിലും മോളും ചെറുപ്പം അല്ലേ..? ഇത്രയും വൈകി വരുന്ന ജോലി വിട്ട് മറ്റൊരു ജോലിക്ക് മോൾ ശ്രമിക്കണം. എല്ലാവരുടെയും കണ്ണിൽ ഇത്രയും താമസിച്ച് വരുന്നതൊന്നും ശരിയായി കാണണമെന്നില്ല. നമുക്ക് ചുറ്റുമുള്ളവർ പല അഭിപ്രായക്കാരല്ലേ അവർക്കില്ലേ പലതും പറയാൻ. നമ്മളെക്കുറിച്ച് നമ്മൾ ഉറക്കെ വിളിച്ചു പറയുന്ന സത്യത്തേക്കാൾ ശക്തി ഒരാൾ നമ്മളെ കുറിച്ച് പതിയെ പറയുന്ന കള്ളത്തരത്തിന് ഉണ്ടാവും…… അതാണ് ഇന്നത്തെ നമ്മുടെ സമൂഹവും സമൂഹത്തിന്റെ കാഴ്ചപ്പാടും.. ” സീതമ്മ പറഞ്ഞു നിർത്തുമ്പോൾ നൈനിക പുഞ്ചിരിച്ചു.


പിന്നെ കഴിക്കുന്നതിനിടയിൽ മിഴികൾ ഉയർത്തി അവരെ നോക്കി.


” അറിയാം… എല്ലാം എനിക്ക് നന്നായി അറിയാം. സീതമ്മ പറയുന്നതിനെ ഞാൻ ധിക്കരിക്കുകയാണെന്ന് വിചാരിക്കരുത്. സീതമ്മ പറഞ്ഞതുപോലെ നമ്മുടെ സമൂഹവും സമൂഹത്തിന്റെ കാഴ്ചപ്പാടും അതിന് നമ്മൾ തന്നെയല്ലേ ഉത്തരവാദികൾ….? ഇങ്ങനെയൊക്കെ പേടിച്ച് നമ്മൾ പിന്മാറുമ്പോൾ ഈ സമൂഹത്തിനും സമൂഹത്തിന്റെ കാഴ്ചപ്പാടിനും പിന്നീട് എന്തു മാറ്റമാണ് സംഭവിക്കുക…..? ഇപ്പോൾ സീതമ്മ എന്നോട് പറഞ്ഞത് സീതമ്മയുടെ സ്വന്തം അഭിപ്രായം മാത്രമല്ലെന്ന് എനിക്കറിയാം. ഒരുപാട് പരദൂഷണ കമ്മിറ്റി നമ്മുടെ ചുറ്റുമുണ്ട്…. പറയുന്നവർ പറയട്ടെ….. പിന്നെ ഈ ജോലി വിട്ട് വേറെ ജോലി നോക്കിയാലും ഏത് പ്രൈവറ്റ് സ്ഥാപനങ്ങളും ഇങ്ങനെയൊക്കെ തന്നെയാ നമ്മളെ ഏൽപ്പിക്കുന്ന ജോലി തീർക്കുക എന്ന് മാത്രമേയൊള്ളു… അത് എത്രനേരം എടുത്താലും….. ഇല്ലെങ്കിൽ പിന്നെ പണിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരും…. അത്ര തന്നെ… “അവൾ പറഞ്ഞു.


” മ്മ്മ്ഹ്ഹ്….. മോള് പറഞ്ഞത് ശരിയാണ്. എല്ലാവരുടെയും വായടപ്പിക്കാൻ നമുക്ക് പറ്റില്ല. പക്ഷേ ഞാൻ പറഞ്ഞതിൽ ഒരു കാര്യം കൂടി ഉണ്ട്… കുട്ടികളെ ശ്രദ്ധിക്കാൻ മോൾക്ക് സമയം തീരെ കിട്ടാതെ വരുന്നു….., അവർക്ക് വേണ്ടി മോള് എല്ലാം ചെയ്താലും നിങ്ങൾക്കിടയിൽ ഒരു അകലം അത് ശേഷിക്കുന്നു….” സീതമ്മ അവൾക്ക് കുടിക്കാനുള്ള വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ച് വെച്ചുകൊണ്ട് പറഞ്ഞു.


” അകലം….. ഹ്മ്മ്മ്മ്…… ” അവൾ ഒന്ന് നെടുവീർപ്പിട്ടു.


കഴിച്ചെഴുന്നേറ്റ് പാത്രങ്ങളുമായി സിങ്കിനടുത്തേക്ക് നടക്കുമ്പോഴും മനസ് അകലം എന്ന ആ വാക്കിൽ കൊരുത്തു കിടന്നു……!!


പാത്രങ്ങൾ കഴുകി ഒതുക്കി, കുട്ടികളുടെ മുറിയിലേക്ക് വന്നു. കുട്ടികൾക്കൊപ്പമാണ് അവളും കിടക്കുന്നത്. നൈനിക കുട്ടികളെ ഇരുവരെയും പൊതിഞ്ഞു പിടിച്ച് കണ്ണുകൾ അടച്ചു കിടന്നു. അടുത്ത മുറിയിൽ മറ്റൊരു സിംഗിൾ ബെഡ് ഉണ്ടായിരുന്നു അതിലാണ് സീതമ്മ കിടക്കാറ്…..!!


രണ്ടു ദിവസങ്ങൾ ഓഫീസിൽ നല്ല തിരക്കായിരുന്നു. ഓഡിറ്റിങ്ങും മീറ്റിങ്ങുകളുമായി നൈനിക ആകെ ക്ഷീണിതയായി. എങ്കിലും അവൾ വൈകിട്ട് ക്ലാസ്സ്‌ ടൈം കഴിയുന്ന വേളയിൽ കുട്ടികളെ ഫോണിലൂടെ ബന്ധപ്പെട്ടു.തമാശകൾ പങ്കിട്ടു.


പിറ്റേന്നത്തേക്ക് സൺ‌ഡേ ആയിരിന്നിട്ട് കൂടി ഓഫീസിൽ ഇന്റെർണൽ മീറ്റിംഗ് ചാർട്ട് ചെയ്തിരുന്നതിൽ നിന്നും അവൾ ഒഴിവായി ലീവ് എടുത്താണ് അന്ന് ഓഫീസിൽ നിന്നും ഇറങ്ങിയത്….!!


കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു. വഴി വിജിനമായിരുന്നു. വണ്ടി സൈഡ് ഒതുക്കി ഇറങ്ങി റെയിൻ കോട്ടിട്ടു. അല്ലെങ്കിലും എട്ടുമണി കഴിയുമ്പോൾ തന്നെ ഈ റോഡ് വിജനമാകും…..!!

ചുറ്റും ഒന്ന് നോക്കി അവൾ മനസ്സിൽ ഓർത്തു.


ടൗൺ കഴിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോഴാണ് അവൾ അത് കണ്ടത് ഒരു പെൺകുട്ടിയെ ഒരുവൻ ബലമായി അവിടെ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോയ്ക്കരികിലേക്ക് വലിച്ചിഴയ്ക്കുന്നു . ഹൃദയത്തിൽ ഒരു വെള്ളിടി വെട്ടി. അവൾ നീട്ടി ഹോണടിച്ചു കൊണ്ട് അവർക്കരുകിൽ ബ്രേക്ക്‌ ചവിട്ടുമ്പോൾ പാർക്ക് ചെയ്തിരുന്ന വണ്ടിക്കുള്ളിൽ നിന്ന് ഒരുത്തൻ കൂടി പുറത്തേക്ക് ചാടിയിറങ്ങി.


” ഹേയ്…. എന്താ… എന്താ ഈ കാണിക്കണേ… ”

വണ്ടി നേരെ ചൊവ്വെ സ്റ്റാൻഡിൽ പോലും വെക്കാൻ സമയം എടുക്കാതെ നൈനിക ചോദിച്ചു കൊണ്ട് ചാടിയിറങ്ങി അവർക്കരുകിൽ എത്തിക്കഴിഞ്ഞിരുന്നു.


” ചേ…ച്ചീ….ചേച്ചി ന്നെ രക്ഷിക്കണേ… ” അവളെ കണ്ടതും ആ പെൺകുട്ടി കരഞ്ഞുകൊണ്ട് അവൾക്ക് നേരെ കൈ നീട്ടി.


” ഹേയ്….വിടെടോ…എന്തിനാ ഈ കുട്ടിയെ.. ” ആ പെൺകുട്ടിക്ക് നേരെ അടുത്തുകൊണ്ട് അവൾ അത് ചോദിക്കുമ്പോൾ ഒരുവൻ അവളുടെ മുടിക്കുത്തിൽ കയറി പിടിച്ചിരുന്നു.


” ഹ അങ്ങനെ അങ്ങ് നീ പറയുമ്പോൾ അവളെ വിടാൻ നീയാരാടി അവൾടെ..? ങ്‌ഹേ ആരാടി #%%%%%# മോളെ നീ……? ”

നൈനികയുടെ മുഖം ചുവന്നു. ഒരു നിമിഷം കണ്ണുകൾ ഇറുക്കി അടച്ചു.


തന്റെ മുടിക്കുത്തിൽ പിടിച്ചവന്റെ കൈത്തണ്ടയിൽ അവളുടെ പിടിമുറുകവേ വേദന കൊണ്ട് അവന്റെ കൈ അയയുന്നത് അവളറിഞ്ഞു. പിന്നെ കാണുന്നത് ഒന്ന് ഉയർന്നു പൊങ്ങി നിലത്ത് നിലയുറപ്പിച്ചവളെയും

ആഹ്ഹ്ഹ്… അമ്മേ…..എന്ന് നിലവിളിച്ചു കൊണ്ട് തെറിച്ചു വീണവനെയുമാണ്.


മുന്നിൽ ആ പെൺകുട്ടിയെ പിടിച്ചിരുന്നവന്റെ കൈ അവളിൽ നിന്നും അയഞ്ഞു. ഭയത്തോടെ അവൻ പിന്നോട്ട് ചുവടു വെക്കുമ്പോൾ നൈനിക ഒട്ടും പതറാതെ അവനടുത്തേക്ക് ചുവടു വെച്ചു. ഓടാൻ തുനിഞ്ഞ അവന്റെ കൈയിൽ അവളുടെ പിടിമുറുകി.


” എന്താടാ…? നിനക്ക് എന്നെ ഓർമ്മയുണ്ടോ കഴിഞ്ഞ ദിവസം നമ്മൾ ആ പച്ചക്കറി കടയിൽ വെച്ച് ദേ ഇങ്ങനെ അടുത്ത് അടുത്ത് കണ്ടായിരുന്നു…. ഹ്മ്മ്മ്മ് ഓർക്കുന്നുണ്ടോടാ…. ” അവളുടെ ശബ്ദത്തിൽ കലർന്ന രൗദ്രത ഗിരീഷറിഞ്ഞു.


” അയ്യോ ഞാൻ… ഞാൻ…..മാഡം…….. ഈ കൊ…ച്ചിനെ ഒന്നും ചെയ്തില്ല……” വിറയലോടെ അവനത് പറയുമ്പോൾ അവളുടെ കൈ അവന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചു. പിന്നെ ഉയർന്നു പൊങ്ങി ഒരു ചവിട്ടായിരുന്നു. തെറിച്ചു വീണ അവന്റെ അടുത്തെത്തി അവനെ വലിച്ചു പൊക്കി.


” ചെയ്തില്ല പോലും….. അന്നേ ഞാൻ നിന്റെ അസുഖം മനസിലാക്കിയതാ…. എന്താടാ രാത്രിയിൽ പെണ്ണൊന്നിറങ്ങി നടന്നാൽ പിന്നെ നിനക്കൊക്കെ ഇമ്മാതിരി ചൊറിച്ചിൽ….. ങ്‌ഹേ…..” അവന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ടായിരുന്നു ചോദ്യം.


” നിന്റെയൊക്കെ ആണത്തം കാണിക്കേണ്ടത് പൊതു വഴിയിൽ നിൽക്കുന്ന പെണ്ണിന്റെ അടുത്തല്ല നിന്റെയൊക്കെ വീട്ടിൽ ഇരിക്കുന്നവളുമാരുടെ അടുത്താ…., അതെങ്ങനെയാ നിന്നെ പോലെയുള്ള ഡാഷ് മോനൊക്കെ വീട്ടിൽ നിന്നെയൊക്കെ കാത്തിരിയ്ക്കുന്ന പെണ്ണിനെ പറ്റിയോ നീയൊക്കെ ഉണ്ടാക്കിയ മക്കളേ കുറിച്ചോ ചിന്തിക്കാൻ നേരമില്ലല്ലോ. ആ നേരം കൊണ്ട് മറ്റുള്ള പെണ്ണുങ്ങളുടെ ബ്ലൗസിന്റെ അളവെടുപ്പ് നടത്തലും അഡ്രെസ്സ് തപ്പലുമാണല്ലോ തൊഴിൽ….? എടോ വീട്ടിൽ നിനക്കൊക്കെ ഒരു പെൺ കൊച്ചുണ്ടേൽ ഇമ്മാതിരി പണിയും കൊണ്ട് ഒരുത്തൻ അതിന്റെ അടുത്തേക്ക് ചെല്ലുന്നതിനെ പറ്റി ആലോചിക്ക്. അപ്പോഴേ അല്പമെങ്കിലും മനുഷ്യത്വമുള്ള മനസാണെങ്കിൽ നിന്റെയൊക്കെ ഈ കത്തല് അവസാനിക്കൂ…………..”

അത്രയും പറഞ്ഞ് ഊക്കോടെ അവനെ പിന്നിലേക്ക് തള്ളിയെറിഞ്ഞു കൊണ്ട് അവൾ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു.


” വാ മോളെ….. ” ആ പെൺകുട്ടിയുടെ കൈകളിൽ പിടിച്ചു മുന്നോട്ട് പോകാൻ തുടങ്ങിയ അവൾ ഒന്ന് തിരിഞ്ഞു നിന്നു.


” എടോ… ആണിന് മാത്രമല്ല പെണ്ണിനും കാണും നല്ല കൈക്കരുത്ത്…. ഈ കരുത്തിന് പിന്നിൽ നല്ലൊരു ആണിന്റെ തുണയും ദൃഢതയും ഉണ്ടെടോ….. ”

പുച്ഛത്തോടെ അവന്മാരെ നോക്കി പിന്തിരിഞ്ഞു നടക്കുന്നവളെ കാൺകെ അവർ ഇരുവരും പരസ്പരം നോക്കി.


ആ കരുത്തിന് മുന്നിൽ അവർ അറിയുകയായിരുന്നു സ്വയം പര്യാപ്തയായ ഒരു സ്ത്രീയുടെ കഴിവ്…. ആ കഴിവ് വാർത്തെടുത്ത നല്ലൊരു ആണിന്റെ മിടുക്ക്……..!!


” മോളെ ഞാൻ കൊണ്ടാക്കാം എവിടെയാ വീട്… ” വണ്ടി നേരെയാക്കി കൊണ്ട് ആ പെൺകുട്ടിയെ നോക്കി നൈനിക.


ആ കുട്ടി എന്തേലും പറയുന്നതിന് മുന്നേ ഒരു ആക്ടിവാ അവർക്കരുകിലെത്തി നിന്നു.


” അച്ചാച്ചൻ…..” ആ പെൺകുട്ടി അങ്ങനെ പറഞ്ഞു കൊണ്ട് ഓടി അയാളെ കെട്ടി പിടിച്ചു.


” മോളെ… എന്താ.. എന്തുപറ്റി… ” പരിഭ്രാന്തിയോടെ അയാൾ മുന്നിൽ നിൽക്കുന്നവളെ നോക്കി.


അപ്പോഴാണ് നൈനികയും അയാളെ തിരിച്ചറിഞ്ഞത്. പച്ചക്കറി കടക്കാരൻ ഗോപാലൻ.

നടന്ന സംഭവം ആ പെൺകുട്ടി പറയുമ്പോൾ അയാൾ കുറ്റബോധത്തോടെ നൈനികയെ നോക്കി.


” മോള് ബാംഗ്ലൂരിൽ നിന്ന് വരികയാ… റെയിൽവേ സ്റ്റേഷനിൽ പോകാൻ പറ്റിയില്ല. വീട്ടിൽ മോൾടെ അമ്മയ്ക്ക് സുഖമില്ലാതെ കിടപ്പിലാ…ഇങ്ങോട്ട് ലാസ്റ്റ് ബസിന് മോള് എത്തുമ്പോൾ ഞാൻ കൂട്ടാൻ വരാമെന്ന് പറഞ്ഞിരുന്നു… പക്ഷേ ഇടയ്ക്ക് വെച്ച് ടയറിന്റെ കാറ്റ് പോയി പണികിട്ടി… പിന്നെ അത് മാറ്റി വന്നപ്പോൾ വൈകിപോയി മാഡം…. ” കൈ കൂപ്പി അയാൾ അത് പറയുമ്പോൾ അവൾക്ക് അയാളോട് സഹതാപം തോന്നി.


” ങ്ഹ്ഹ് സാരമില്ല ഒന്നും സംഭവിച്ചില്ലല്ലോ ചേട്ടാ… ഇങ്ങനെയൊക്കെയാ ചില ആൾക്കാരെ നമുക്ക് മനസിലാക്കാൻ കഴിയുന്നെ…കൂടെ നിന്ന് ചിരിക്കുന്ന മുഖങ്ങളിലും കാണും ഒരു പൊയ്മുഖം…… ” അവൾ മെല്ലെ പറഞ്ഞു. പിന്നെ ആ പെൺകുട്ടിയെ നോക്കി.


” ങ്ഹാ പിന്നെ ഈ പെൺകുട്ടികളെ ഇക്കാലത്ത് കുറച്ചു കളരിയും കാരാട്ടെയും കുങ് ഫു വുമൊക്കെ പഠിക്കണം…… എപ്പോഴാ ആവശ്യം വരികാന്ന് അറിയില്ല……കേട്ടോ…. ” ആ കവിളിൽ തട്ടി പുഞ്ചിരിച്ചു.

നന്ദിയോടെ ഇരുവരും അവളെ നോക്കുമ്പോൾ നൈനിക അവരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് തിരിച്ചു.


വീടെത്തുമ്പോൾ ഇന്ന് കുട്ടികളും സീതമ്മയും സിറ്റൗട്ടിൽ ഉണ്ട്.


” അമ്മാ….. ” കുഞ്ഞി ഓടി വന്നു.


” ഇന്ന് അമ്മേടെ കുഞ്ഞൂട്ടൻ ഉറങ്ങിയില്ലേ… ” കുഞ്ഞിയെ കോരിയെടുത്ത് കൊണ്ട് അവൾ തിരക്കി.


” ഇല്ല… നാളെ നമ്മള് ഐശ്രീമു മേതിച്ചുവെലെ…. ഹിയ്‌സ് കാണാൻ പോല്ലേ….? ” കഴുത്തിൽ ചുറ്റി പിടിച്ചു കുഞ്ഞി കണ്ണ് വിടർത്തി നൈനികയെ നോക്കി ചോദിച്ചു.


” ങ്ഹ്ഹ് പോവൂല്ലോ… ഐസ് ക്രീമും ചോക്കലേറ്റുമൊക്കെ വാങ്ങാട്ടോ…. ഹിൽസ് കാണാൻ പോവാട്ടോ…… ” ആ കുഞ്ഞി കവിളിൽ ഉമ്മ വെച്ച് കൊണ്ട് അവൾ പറഞ്ഞു.


” അപ്പോൾ പാർക്കിൽ പോവില്ലേ അമ്മ…. ” നില അവളെ നോക്കി.


” പോകും മോളെ നാളെ ഫുൾ അമ്മ നിങ്ങൾക്കൊപ്പം ആണ്…. ” നൈനിക പുഞ്ചിരിച്ചു.


” ശീയമ്മേം കൊണ്ടൊവം…. ” കുഞ്ഞി അവളെ നോക്കി.


” ഉറപ്പായും നമ്മൾ നാലുപേരും കൂടിയാണ് പോണെ….. ” നൈനിക സീതമ്മയെ നോക്കി പുഞ്ചിരിച്ചു.


“ങ്ഹ്ഹ് ഇനി അമ്മ ഒന്ന് ഫ്രഷായി വരാട്ടോ….” കുഞ്ഞിയെ നിലത്ത് നിർത്തി അവൾ പറഞ്ഞു.


പിന്നെ അകത്തേക്ക് നടന്നു. വേഗം കുളിച്ചു, കുട്ടികൾക്കൊപ്പമിരുന്ന് ആഹാരം കഴിച്ചു.


ഉറങ്ങാൻ കിടക്കുമ്പോൾ മക്കൾ ഇരുവരും അവൾക്കിരുവശവും ചേർന്ന് കിടന്നു കഥകൾ പറഞ്ഞും വഴക്ക് ഉണ്ടാക്കിയും ഉറങ്ങി.


നൈനികയ്ക്ക് മാത്രം ഉറക്കം വന്നില്ല….!!


വൈകിട്ടത്തെ സംഭവം വല്ലാതെ മനസിനെ ഉലച്ചു. ആദ്യമായിട്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്…!!


ടേബിളിനു മുകളിലേക്കു നോട്ടം ചെന്നു….!!


അതോടെ അവൾ എഴുന്നേറ്റ് ടേബിളിനടുത്ത് എത്തി. കണ്ണുകൾ ഈറനായി…..!!


” ശരൺ…….ശരൺ….നിന്നെ എനിക്ക്… എനിക്ക് മിസ് ചെയ്യുന്നുടാ…..പറ്റുന്നില്ല…. നീ നീയില്ലാതെ…..” നിയന്ത്രിച്ച കരച്ചിൽ പുറത്തേക്ക് വന്നു.


നാളുകൾക്കിപ്പുറം ചിന്തകാടുകയറുമ്പോൾ ജനാലയ്ക്കരുകിലെത്തി മുകളിൽ തെളിഞ്ഞ നക്ഷത്രങ്ങളിലേക്ക് നോക്കി.


അവളെ നിർബന്ധിച്ചു കളരിയ്ക്കും കാരാട്ടേക്കുമൊക്കെ പറഞ്ഞു വിടുന്ന ശരണിനെ അവൾ അവിടെ കണ്ടു.


” പെൺകുട്ടികളാണെ ഇതൊക്കെ പഠിക്കണം.. ഇനി ടുവും ഫോ‌റും പഠിച്ചു വണ്ടി കൂടി റോഡിലിറക്കണം…. ” ശരൺ നൈനികയെ ചുറ്റിപിടിച്ചു മൂക്കിൻമേൽ മൂക്ക് ഉരസി പറഞ്ഞു.


” പിന്നേ അതിന് നീയുണ്ടല്ലോ എന്റെ കൂടെ… ആരേലും വന്നാൽ കൈ കാര്യം ചെയ്യാൻ ഈ ബലിഷ്‌ഠമായ കൈകളും ഈ ഉറച്ച ശരീരവും ഉണ്ടല്ലോ…. ” അവൾ കളിയായി പറഞ്ഞു കൊണ്ട് അവന്റെ താടിയിൽ പിടിച്ചു കുലുക്കി.


” ങ്‌ഹും അതൊന്നും പറയാൻ പറ്റുകേല…. എടി എങ്ങാനും ഞാൻ തട്ടി പോയാൽ പിന്നെ ആരാടി.. നമുക്ക് ഉള്ളത്…. എല്ലാരേം വെറുപ്പിച്ചു എന്റെ കൂടെ പോന്നതല്ലേ നീ…. ” ശരൺ മെല്ലെ പറയുമ്പോൾ ദേഷ്യത്തോടെ അവനെ തള്ളിമാറ്റി അവൾ.


” ദേ ശരൺ ആരുമില്ലാത്തതിലും വേദനയല്ലേ നീ ഇപ്പോൾ എന്നോട് പറയുന്ന ഈ വർത്തമാനം….” കണ്ണ് നിറച്ചപ്പോൾ അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു.


” ഓഹ് ന്റെ പെണ്ണേ നിന്നേം നമ്മുടെ കുരുപ്പുകളേം ഇട്ടേച്ചു എങ്ങോട്ട് പോവാൻ..? ഞാൻ വെറുതെ ഒരു തമാശയ്ക്ക് അങ്ങനെ പറഞ്ഞത് അല്ലേടി ….? ”

അവൻ അവളെ ആശ്വസിപ്പിച്ചു.


” ഇനിയും ഇനിയും ഇങ്ങനെയൊന്നും പറയല്ലേടാ…. അങ്ങനെയെങ്ങാനും ഉണ്ടായാ ഞങ്ങളും വരും നിന്റെ കൂടെ…. ഉറപ്പാ…. ” അവൾ കരഞ്ഞു തുടങ്ങി.


” ഓഹ് ന്റെ ദൈവമേ ഈ പെണ്ണ്…. ഞാൻ ഒന്നും പറഞ്ഞില്ല നീ വന്നെ…. ”

അങ്ങനെ പറഞ്ഞു കൊണ്ട് അവളെയും കൂട്ടി അവൻ കുട്ടികൾക്കൊപ്പം മുറ്റത്തേക്ക് ചെന്നു.


കളിയും ചിരിയുമായി അവരുടെ ലോകം പൂത്തുലയവെ അവൻ പറഞ്ഞത് സത്യമാക്കി അവർക്കിടയിൽ നിന്നും ഒരു നാൾ അവൻ യാത്രയായി……!!


പിന്നെ ഒറ്റപ്പെട്ട ജീവിതം….കുട്ടികളെ കാൺകെ അവരുടെ ജീവനുമെടുത്ത് ശരണിനൊപ്പം പോകാൻ മനസ് അനുവദിച്ചില്ല.


നമ്മുടെ മക്കളേ ഒന്നും ചെയ്യല്ലേടി…. കാണാൻ പറ്റിയില്ലേലും ഒപ്പമുണ്ടെടി പെണ്ണേ ഞാൻ…… എന്ന് അപ്പോഴൊക്കെ മനസിലിരുന്ന് ശരൺ പറയുന്ന പോലെ………….!!


പൊടുന്നനെ ഒരു കാറ്റ് വന്ന് അവളെ തലോടി പോയതും ഓർമ്മകൾക്ക് വിട നൽകി മാനത്തേക്ക് ഒന്ന് നോക്കി. ആകാശത്തെ താരകം അവളെ നോക്കി കണ്ണ് ചിമ്മി. കൂടെയുണ്ട് പെണ്ണേ……എന്ന് വീണ്ടും പറയും പോലെ….!!

അവൾ പതിയെ ജനാല അടച്ചു വന്ന് വീണ്ടും ഇരുമക്കളെയും കെട്ടിപുണർന്ന് കിടന്നു….!!


ഒരു നല്ല പ്രഭാതത്തെ വരവേൽക്കാനായി.


(തെറ്റുകൾ ക്ഷമിക്കുക

Post a Comment

© Boldskyz. All rights reserved. Developed by Jago Desain