Posts

ആൾക്കൂട്ടത്തിൽ തനിയെ….

 

ആൾക്കൂട്ടത്തിൽ തനിയെ….
Malayalam Love Story 


ട്രെയിൻ ഇറങ്ങി പതിവ് പോലെ സതീശൻ കാലുകൾ നീട്ടി വലിച്ചു നടന്നു. എങ്ങോട്ടും നോക്കിയില്ല… സൈഡിലേയ്ക്ക് എണ്ണ തേച്ചു ചീകി ഒതുക്കി വച്ച മുടിയ്ക്ക് ഒരു അനക്കം പറ്റിയിട്ടില്ല. എങ്കിലും അയാൾ അതൊന്നു കൂടി കൈ കൊണ്ട് പതിച്ചു വച്ചു.

റോഡിനരുകിലെ കലുങ്കിൽ അവൾ ഇരിപ്പുണ്ട്.

അയാൾ ഒന്ന് പാളി നോക്കി.

പതിവുകാരെ ആരെയോ കാത്തിരിക്കുക ആകും.


ശരീരം വിൽക്കുന്ന സ്ത്രീകളുടെ ശരീര ഭാഷ പോലെ ഒരുങ്ങാൻ അവൾ നന്നേ പാട് പെട്ടിട്ടുണ്ടെന്നു തോന്നുന്നു.

പിഞ്ഞി തുടങ്ങിയ ചുവന്ന സാരി അവളുടെ കറുപ്പ് നിറത്തെ അധികം ആയി എടുത്തു കാണിക്കുന്നുണ്ട്.

ക്ഷീണിച്ചു നീണ്ട മുഖത്തിന്‌ ചേരാത്ത വലിയ കുങ്കുമപൊട്ട്…

വാടിയ പിച്ചിപൂ മുടിയിൽ ചുറ്റി വച്ചിട്ടുണ്ട്.

കറുപ്പ് വീണ കൺതടത്തിൽ കരിമഷി കൂടി പടർന്നത്തോടെ വല്ലാത്തൊരു മുഖം..

പ്രതീക്ഷയോടെ നോക്കുന്ന അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടോ?

ചിരി ആണോ അത്….

അല്ല…ഗോഷ്ടി കാണിക്കുന്ന പോലെ വികൃതമായ… വരുത്തി തീർത്ത ഒരു ഭാവം…

അയാൾ ശ്രദ്ധിക്കുന്നു എന്ന് തോന്നിയത് കൊണ്ടാകും അവൾ ഒന്നിളകി ഇരുന്നു. മാറിലെ സാരി തിടുക്കത്തോടെ കുറച്ചു വലിച്ചു താഴ്ത്താൻ ശ്രമിച്ചു.

അയാൾ ഒരു വെറുപ്പോടെ കാലുകൾ നീട്ടി വച്ചു നടന്നു.

ജോലി കഴിഞ്ഞു വരുമ്പോൾ ഇതിപ്പോൾ പതിവ് കാഴ്ച ആയിട്ടുണ്ട്.

ആരെ ആകും അവൾ കാത്തിരിക്കുന്നത്……

ചിലപ്പോൾ ഓരോ ദിവസവും ഓരോ ആളുകൾ ആയിരിക്കും അവളെ തേടി വന്നു പോകുന്നത്….

***********************

വീട്ടിൽ ചെന്ന് കയറുമ്പോൾ വീട് ഇരുളിൽ ആണ്ടു കിടന്നു…

ലൈറ്റിന്റെ സ്വിച്ച് പരതിയിട്ട് കാണുന്നില്ല. ഇതു വരെയും ഇങ്ങനെ ലൈറ്റ് ഇടേണ്ടി വന്നിട്ടില്ല. മൊബൈൽ ടോർച് കത്തിച്ചു നോക്കാം എന്നാണ് ആദ്യം കരുതിയത്. പിന്നെ അയാൾ കണ്ണുകൾ അടച്ചു പിടിച്ച് ഒരു അന്ധന്റെ സൂക്ഷ്മ ശ്രദ്ധയോട് കൂടി ചുമരിൽ പരതി ലൈറ്റിന്റെ സ്വിച്ച് കണ്ടെത്തി.

ആദ്യം നീണ്ട ഒരു ബെൽ ആണ് മുഴങ്ങിയത്. കാളിങ് ബെല്ലിന്റെ സ്വിച്ച് ആണ്. അതിനു അടുത്ത സ്വിച്ച് പരതി ലൈറ്റ് തെളിച്ചു.

അടച്ച കണ്ണുകൾ തുറന്നപ്പോൾ വെട്ടം പരന്നിട്ടുണ്ട്. ബാഗിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു.

നിശബ്ദമായ അന്തരീക്ഷത്തിൽ തനിച്ച്…

കുറച്ചു നാൾ മുൻപ് വരേ വന്നു കയറുമ്പോൾ അമ്മ ഉണ്ടാരുന്നു.

ഇന്നലെ ആയിരുന്നു അമ്മയുടെ പതിനാറ്….

അമ്മയുടെ മരണ ശേഷം ആദ്യം ആയാണ് ഇന്ന് ജോലിക്ക് പോകുന്നത്.

അമ്മ ഇല്ലാത്ത വീട്ടിലേക്ക് വന്നു കയറിയപ്പോൾ അയാൾക്ക് ഒരു തളർച്ച തോന്നി.

ഇല്ലെങ്കിൽ വന്നു കയറുമ്പോൾ നടു വളഞ്ഞു പോയ ശരീരവുമായി ആയാസപ്പെട്ട് ഒരു ഗ്ലാസ്‌ കട്ടൻ ചായ കൊണ്ട് തരിക പതിവുണ്ട്.

എന്നെ കൊണ്ട് വയ്യാ സതീശാ.. ഞാൻ ചാവുന്നേനു മുന്നേ നീ എവിടുന്നേലും ഒരു പെണ്ണിനെ വിളിച്ചോണ്ട് വാ…

മ്മ്… തൃശൂർ അങ്ങാടിയിൽ നിരത്തി നിർത്തിട്ടുണ്ട് പെണ്ണിനെ വിൽക്കാൻ.അതീന്നു ഒന്നിനെ വാങ്ങി വരാം…അല്ല പിന്നെ. ആവുന്ന കാലത്ത് പെണ്ണ് നോക്കിട്ട് കിട്ടീട്ടില്ല. എന്നിട്ടിപ്പോ
ഈ പ്രായത്തിൽ…..

നീയെന്തിനാ എന്നോട് തൊള്ള കീറുന്നെ…. ഞാൻ അങ്ങ് പോയാൽ നിനക്ക് ആരുണ്ട് നാഴി കഞ്ഞി വച്ചു തരാൻ… ഒന്നും നോക്കേണ്ടന്നെ.. എവിടുന്നേലും ഒന്നിനെ കെട്ടി കൊണ്ട് വന്നാൽ….എനിക്ക് പോണോടത്ത് സമാധാനിക്കാർന്നു…

അവരുടെ പീള കെട്ടിയ വെളുത്തു കുഴിഞ്ഞ കണ്ണുകൾ ഈറനാവുന്നത് കാണെ അയാൾക്ക് വിഷമം തോന്നി..

ആവുന്ന കാലത്ത് അന്നെഷിക്കാഞ്ഞിട്ട് ആണോ…

സതീശൻ പിറുപിറുത്തു..

ബ്രോക്കർ നാണുവേട്ടന് പത്തും നൂറും കൊടുത്തു മടുത്തപ്പോൾ ആണ് ഇനി പെണ്ണിനെ കാണിച്ചു തന്നിട്ട് പൈസ തരു എന്ന് നിർബന്ധം പിടിച്ചത്.

അന്ന് നാണുവേട്ടൻ പറഞ്ഞത്.

എന്റെ സതീശാ… തുറന്നു പറയുന്നോണ്ട് ഒന്നും തോന്നരുത്… നിന്റെ ഈ എണ്ണ തേമ്പി ഒട്ടിച്ചു വച്ച മുടീം കോന്ത്രമ്പല്ലും ഈ പുറത്തേക്ക് തുറിച്ച കണ്ണും പാടത്തു കോലം വച്ച പോലത്തെ ബോഡിയും കണ്ടാൽ ആരു പെണ്ണ് തരാൻ ആണ്. തന്നേമല്ല.നീ അധികം ആരോടും മിണ്ടാത്ത കൊണ്ട് നിനക്ക് കുറച്ചു ബുദ്ധി കുറവ് ഉണ്ടോ ന്നു പോലും നാട്ടുകാർ അടക്കം പറേന്നുണ്ട്…

അപ്പൊ ഇത്ര നാളും എന്റെ ന്നു കാശ് വാങ്ങിച്ചു എന്നേ പറ്റിക്കാരുന്നു ല്ലേ?

ഏയ്. അതൊക്കെ വണ്ടിക്കാശും വഴി ചെലവും ആരുന്നു.നിനക്ക് പെണ്ണ് അന്നെഷിച്ചു ഞാൻ ഈ നാട് വിട്ട് അടുത്ത നാടുകളിൽ വരേ തിരക്കി.. നിന്റെ ഈ ഫോട്ടോ കാണുമ്പോ തന്നെ ആൾക്കാർ എന്നെ ഒരു വല്ലാത്ത നോട്ടം ആണ്….ന്നാ.. ഇത് നീ തന്നെ വച്ചോ.. ഇത്രേം നാളത്തെ എക്സ്പീരിയൻസ് വച്ചു ഞാൻ പറയാണ് ട്ടാ.. നിനക്ക് പെണ്ണ് കിട്ടാൻ സാധ്യത വളരെ കുറവാണ്..


നാണുവേട്ടൻ കയ്യിലേയ്ക്ക് വച്ചു തന്ന ഫോട്ടോ സതീശൻ ഒന്ന് നോക്കി.

കല്യാണ ആലോചനക്ക് വേണ്ടി ടൗണിലെ ജനത സ്റ്റുഡിയോവിൽ പോയി എടുത്ത ഫോട്ടോ ആണ്.

സതീശൻ ആ ഫോട്ടോ ചെറുതായി കീറി നിലത്ത് എറിഞ്ഞു.

പെണ്ണും പിടക്കോഴിം ഒന്നും വേണ്ടാ… ഇങ്ങനെ പോയാൽ മതി..

സതീശാ… അമ്മയുടെ ചിലമ്പിച്ച വിളി ഒന്ന് കേൾക്കാൻ അയാൾ കൊതിച്ചു.

കുറച്ചു നേരം കൂടെ അവിടെ ഇരുന്നു…

കുളിച്ചു വന്ന് അടുക്കളയിൽ പോയി നോക്കി.

കാലത്ത് വച്ച ചോറ് ഇരിപ്പുണ്ട് കലത്തിൽ.

ചീനചട്ടിയിൽ കോവക്ക മെഴുക്കുപുരട്ടി.ഉപ്പില്ലാത്ത മെഴുക്കുപുരട്ടി.

ഉച്ചക്ക് ചോറ്റു പാത്രത്തിൽ നിന്നും വാരി കഴിക്കുമ്പോൾ ആണ് കറിയിൽ ഉപ്പിട്ടിരുന്നില്ലെന്ന് മനസ്സിൽ ആയത്.മറന്നു പോയി…

ആദ്യം ആയാണ് അടുക്കളയിൽ പരീക്ഷണം നടത്തുന്നത്.

ദൂരെ കൂട്ടം കൂടി ഇരുന്ന് തമാശകൾ പറഞ്ഞു ഭക്ഷണം ഷെയർ ചെയ്തു കഴിക്കുന്ന സഹ പ്രവർത്തകരെ നോക്കി വേഗം ആ ചോറ് വാരി വിഴുങ്ങി.

അയാൾ എവിടെയും ഒറ്റയ്ക്ക് ആയിരുന്നു.

ആൾക്കൂട്ടത്തിൽ തനിയെ…..

ആളുകളോട് കൂടി ചേരുവാനും അവരോട് സംസാരിക്കാനും കൊതി ഉണ്ട്.

പക്ഷേ…കുഞ്ഞുന്നാൾ മുതൽ മറ്റുള്ളവരുടെ കളിയാക്കൽ കേട്ട് വളർന്നത് കൊണ്ടാകും
അയാളിൽ എപ്പോഴും ഒരു അപകർഷതാ ബോധം മുന്നിട്ട് നിന്നു.അതുകൊണ്ട് തന്നെ എല്ലായിടത്തും അകൽച്ച ഭാവിച്ചു നിന്നു…

ഒക്കെ അതു പോലെ അടച്ചു വച്ചു. ജഗിൽ കുറച്ചു വെള്ളം പകർന്നു എടുത്തു.

ലൈറ്റ് എല്ലാം ഓഫ് ചെയ്തു കനത്ത ഇരുട്ടിൽ കണ്ണും തുറന്നു കിടന്നപ്പോൾ സതീശന്റെ കണ്ണുകൾ നിറഞ്ഞു… ഇരു ചെന്നിയിലൂടെയും ആ കണ്ണുനീരിനെ ഒഴുകാൻ വിട്ട് വെറുതെ കിടന്നു.

ആരും ഇല്ലാതെ തനിച്ചായി പോയിരിക്കുന്നു.അമ്മ ആയിരുന്നു ഒരു ബലം. കുട്ടിക്കാലത്ത് തന്റെ വൈരൂപ്യങ്ങളെ കുറിച്ച് പറഞ്ഞു കൂട്ടുകാർ കളിയാക്കുമ്പോൾ ഒക്കെ അമ്മ ആണ് സമാധാനിപ്പിക്കുക.

നിനക്ക് എന്തേ ന്റെ കുട്ടീ കുറവ് ഉള്ളത്.കാഴ്ച്ച ല്ല്യേ… കേൾവി ല്ല്യേ.. നടക്കാൻ പറ്റണില്ല്യേ… മിണ്ടാൻ പറ്റണില്ല്യേ….ബുദ്ധി ല്ല്യേ… ഇതൊന്നും ല്ല്യാതെ ഭൂമില് എത്രയാ മനുഷ്യജന്മങ്ങൾ കഴിയണേ ന്ന് അറിയോ നിനക്ക്…സതീശാ… ജോലി എടുക്കാൻ ഒരു മനസും രോഗം ല്ല്യാത്ത ഒരു ശരീരോം തന്നില്ലേ ഈശ്വരൻ…പിന്നെ ഞാൻ മാത്രം ഇങ്ങനെ ആയിപോയല്ലോ എന്ന് ഓർത്ത് നെലോളിക്കാൻ പാടില്ല്യ കേട്ടോ. നീ സുന്ദരൻ ആടാ.. അമ്മേടെ കണ്ണില് ഈ ലോകത്ത് ഏറ്റോം സുന്ദരൻ നീയാ…

അയാൾ ആ ഇരുട്ടിൽ എങ്ങൽ അടിച്ചു കരഞ്ഞു പോയി.

ഒറ്റപ്പെടൽ ആണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്ന് തോന്നുന്നു.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെങ്കിലും ഒക്കെ ഉണ്ടായിരിക്കണം.

തലയിണയിൽ മുഖം ചേർത്ത് വേവുന്ന മനസോടെ അയാൾ കണ്ണുകൾ അടച്ചു കിടന്നു.

*****************************

അന്നും ട്രെയിൻ ഇറങ്ങി നടന്നു വരുമ്പോൾ സതീശന്റെ നോട്ടം കലുങ്കിലേയ്ക്ക് പാളി വീണു.

അവളെ കാണുന്നില്ല….

എവിടെ പോയിരിക്കും.?

നേരത്തെ ആരെങ്കിലും വന്നു കൂട്ടികൊണ്ട് പോയി കാണുമോ?

മാനം വിറ്റ് ജീവിക്കുന്ന ഇവറ്റകളെ ഒക്കെ ഉണ്ടല്ലോ…

അയാൾ എന്തിനോ തോന്നിയ അരിശത്തോടെ നടത്തം കുറച്ചു കൂടെ സ്പീഡിൽ ആക്കി.

പതിവുപോലെ വീട്ടിൽ ചെന്ന് കേറുമ്പോൾ ഇരുട്ട് തന്നെ. ഇന്ന് എളുപ്പം ലൈറ്റിന്റെ സ്വിച്ച് കണ്ടുപിടിക്കാൻ കഴിഞ്ഞു.

കുളിച്ചു വന്നപ്പോ തലേന്നത്തെ പോലെ അല്ല വിശപ്പ് തോന്നി.

പക്ഷേ ഒന്നും ഇരിപ്പില്ല.

ഇന്നലെ ഉപ്പില്ലാത്ത കറി ആയതു കൊണ്ടോ എന്തോ എണീറ്റപ്പോ ഒന്നും ഉണ്ടാക്കാൻ തോന്നിയില്ല.

കാന്റീനിൽ നിന്ന് കഴിച്ചു. വൈകുന്നേരത്തെയ്ക്ക് എന്തെങ്കിലും വാങ്ങാനും അന്നേരം ഓർമ്മ വന്നില്ല.

കൂജയിൽ നിന്ന് കുറച്ചു വെള്ളം എടുത്തു കുടിച്ചു. വിശപ്പ് അടങ്ങുന്നില്ല… എന്നാലും ഈ രാത്രിയിൽ എന്ത് ചെയ്യാൻ കഴിയും. അയാൾ വന്നു കിടന്നു. ഉറക്കം വരുന്നില്ല. നന്നായി വിശക്കുന്നുണ്ട്.

സതീശൻ ഒരു ഷർട്ട്‌ എടുത്തിട്ടു. റെയിൽവേ സ്റ്റേഷന്റെ അവിടെ ഒരു കട രാത്രിയിലും തുറന്നു ഇരിക്കുന്നത് കാണാറുണ്ട്. പിന്നെ നേരം അത്രയും ആയിട്ടും ഇല്ല.

അമ്മയുടെ മുറിയിൽ പോയി നോക്കി. ആ കട്ടിലിനു അരികിലെ ജനാലയിൽ ടോർച് ഇരിപ്പുണ്ട്. ചാർജ് കുറവായിട്ടോ എന്തോ വെളിച്ചം കുറവായി തോന്നിച്ചു.

വാതിൽ പൂട്ടി ഇറങ്ങി. കാലുകൾ നീട്ടി വച്ചു നടന്നു. അര കിലോമീറ്റർ ദൂരമേ ഉള്ളു. റെയിൽവേ സ്റ്റേഷനിലേയ്ക്ക്.. അവിടെ ഒരു കട പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

പേഴ്‌സ് പോക്കറ്റിൽ തന്നെ ഇല്ലേ എന്ന് ഒരിക്കൽ കൂടെ ഉറപ്പ് വരുത്തി.

എന്താ വേണ്ടത്?

കടക്കാരന്റെ ചോദ്യത്തിന് ഒരു നിമിഷം അയാൾ പകച്ചു നിന്നു. കടയിൽ നിന്നും ഒന്നും വാങ്ങി തിന്ന് പരിചയം ഇല്ല.

മിണ്ടാതെ തുറിച്ചു നോക്കി നിൽക്കുന്ന അയാളെ കണ്ടു കടക്കാരൻ നെറ്റി ചുളിച്ചു.

പൊറോട്ടയും ബീഫും എടുക്കട്ടെ?

ആ… എന്തെങ്കിലും എടുക്ക്…

അയാൾ സതീശനെ ഒന്ന് നോക്കി പാർസൽ പൊതിഞ്ഞു കൊടുത്തു.

തിടുക്കപ്പെട്ട് നടക്കുമ്പോൾ കണ്ടു..കലുങ്കിൽ തളർന്നു ഇരിക്കുന്ന അവൾ.

ഇവൾക്ക് വീടും കുടീം ഒന്നും ഇല്ലേ… നേരത്തെ ജോലി കഴിഞ്ഞു പോകുമ്പോൾ ഇവിടെ ഇല്ലായിരുന്നല്ലോ…..ജോലി കഴിഞ്ഞു ഇപ്പോൾ വന്നതായിരിക്കും..ഇനിയും ഈ രാത്രിയിൽ ഇവിടെ ഇരിക്കുന്നത് എന്തിനു…അപ്പൊൾ ഒരു ദിവസം പലരോടൊത്ത് പോകുക ഉണ്ടാകോ…

കലുങ്കിനു അടുത്തെത്തിയപ്പോൾ സതീശൻ ഒന്ന് നിന്നു. അവൾ തളർന്ന മിഴികൾ ഉയർത്തി അയാളെ ഒന്നു നോക്കി പെട്ടെന്ന് തന്നെ എണീറ്റ് നിന്നു.

സാർ… കുറഞ്ഞ റേറ്റ് തന്നാൽ മതി…

അവൾ തിടുക്കപ്പെട്ട് അടുത്തേക്ക് വന്നപ്പോൾ സതീശൻ ഒന്ന് ഭയന്നു. അയാൾ ചുറ്റിനും നോക്കി.

അവൾ അടുത്തേക്ക് വന്നപ്പോൾ വാടിയ പിച്ചി പൂവിന്റെയും കുട്ടികൂറാ പൌഡറിന്റെയും കൂടി കുഴഞ്ഞ ഒരു സമ്മിശ്ര ഗന്ധം പരന്നു.

കണ്മഷി പടർന്ന കറുത്ത കൺതടങ്ങളിൽ ചെറിയ നീര്തിളക്കം പോലെ തോന്നിച്ചു.

നിന്റെ പേരെന്താ?

ശൈലജ..

വീട്?

ഇവിടെ അടുത്താണ്….എവിടേയ്ക്ക് ആണ് സാർ പോകേണ്ടത്?

അവളിൽ ഒരു പരിഭ്രമം നിറഞ്ഞു.

എത്രയാ നിന്റെ റേറ്റ്?

അഞ്ഞൂറ്.അവൾ മടിച്ചു മടിച്ചു പതിയെ പറഞ്ഞു.

എന്താ. കേട്ടില്ല..

സാറിന്റെ ലു ഉള്ളത് തന്നാൽ മതി.

അവൾ കൈയിൽ കയറി പിടിച്ചു കൊണ്ട് പെട്ടെന്ന് പറഞ്ഞപ്പോൾ അയാൾ ഭയന്നു പോയി.

നെഞ്ചു പട പട മിടിക്കുന്നുണ്ട്. അത്ര നേരവും വിശപ്പ് അല്ലാതെ ഒരു വികാരവും അയാൾക്ക് ഉണ്ടായിരുന്നില്ല. ഇപ്പോ വിശപ്പ് അല്ല. വയറിൽ ഒരു പ്രത്യേക തരത്തിലുള്ള ആളൽ ആണ്
ആണ്. പേടി കൊണ്ട്

വേഗം വരൂ… അവൾ തിരക്ക് കൂട്ടി.

ഞാൻ നിന്നേ തിരഞ്ഞു വന്നതല്ല. ഫുഡ്‌ വാങ്ങിക്കണം ആയിരുന്നു…

ഒട്ടും മെരുക്കം ഇല്ലാത്ത ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അയാൾ തിരിഞ്ഞു നടന്നപ്പോൾ അവളുടെ മുഖം വിളറി പോയി.

സാർ..

അടഞ്ഞ ഒച്ചയിൽ അവൾ വിളിച്ചപ്പോൾ നിന്നു പോയി.

നൂറു രൂപ തന്നാലും മതി.

അയാൾക്ക് പുച്ഛം തോന്നി. അവളോട് കഠിനമായ വെറുപ്പും.

നീ വാ….

ഒപ്പം നടക്കുമ്പോൾ അയാൾ ഒന്നും ചോദിച്ചില്ല.അവളും….

ഇടയ്ക്ക് വെറുതെ തിരിഞ്ഞു നോക്കി. പിഞ്ഞിയ മഞ്ഞ നിറത്തിൽ ഉള്ള സാരി കൊണ്ട് കൂടെ കൂടെ മുഖവും കഴുത്തും അമർത്തി തുടയ്ക്കുന്ന കണ്ടു.

വീട്ടിലേയ്ക്ക് കയറിയപ്പോൾ അവൾ അമ്പരപ്പോടെ ചുറ്റും നോക്കുന്നത് കണ്ടു.

സാർ.. ഇത്..

എന്റെ വീടാണ്…

സാറിന്റെ വീട്ടുകാർ…

ഇവിടിപ്പോ ആരും ഇല്ല. നീ വരു…

അവൾ മടിച്ചു മടിച്ചു അകത്തേക്ക് കയറി.

നീ വല്ലതും കഴിച്ചോ?

ഏ…. എന്താ ചോദിച്ചേ?

ചോദ്യം കേട്ടെങ്കിലും അത് തന്നെ ആണോ എന്ന് അവൾക്ക് സംശയം തോന്നി.

നീ വല്ലതും കഴിച്ചോ ന്നു?

എനിക്ക് വേണ്ടാ..

അതെന്താ… ജോലി തീർന്നതിനു ശേഷം മാത്രം കഴിക്കു എന്നെങ്ങാനും ഉണ്ടോ?

ഇല്ല.. വിശപ്പില്ല. സാർ കഴിച്ചോളൂ…

എന്നിട്ട് തുടങ്ങാ ന്നു അല്ലേ..

അയാൾ പതുക്കെ ചിരിച്ചു…അവളെ തല ചെരിച്ചു ഒന്ന് നോക്കി. ഒരു അങ്കലാപ്പോടെ കഴുത്തിൽ കെട്ടിയ കറുത്ത ചരടിൽ വിരൽ ചുറ്റി കൊണ്ട് നിൽക്കുക ആണ്.

സതീശൻ എണീറ്റ് അവളുടെ അരികിലേയ്ക്ക് നടന്നു. അയാളുടെ പാദങ്ങൾ ഇടറുന്നുണ്ടായിരുന്നു. പിടയ്ക്കുന്ന അവളുടെ കൃഷ്ണമണികൾ… കറുത്ത ചുണ്ടിനു മേൽ കാണുന്ന വിയർപ്പ് തുള്ളികൾ… വാടിയ പിച്ചി പൂവിന്റെ മനം മടുപ്പിക്കുന്ന ഗന്ധം….അയാൾക്ക് അവളോട് വെറുപ്പും അറപ്പും ആണ് തോന്നിയത്.നൂറു രൂപയ്ക്ക് മടി കുത്തഴിക്കാൻ വന്നിരിക്കുന്ന ഒരു അഭിസാരിക…

എങ്കിലും അയാൾക്ക് സ്നേഹിക്കപ്പെടാൻ കൊതി തോന്നി. മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും ഒരു ദിവസം എങ്കിൽ ഒരു മോചനം…. പണം കൊടുത്ത് സ്നേഹം വിലയ്ക്ക് വാങ്ങുക….

അയാൾ വല്ലാത്തൊരു ആവേശത്തോടെ അവളെ പുണർന്നു.

നെറ്റിയിൽ…. കണ്ണിൽ….ചുണ്ടിൽ… കഴുത്തിൽ അയാളുടെ ചുണ്ടുകൾ പതിഞ്ഞു.

കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് അവൾ അയാൾക്ക് വശം വദയായി നിന്നു.

അയാൾ അവളെ കട്ടിലിലേ

യ്ക്ക് ക്ഷണിച്ചു.

മാറിൽ മുഖം ചേർത്തപ്പോൾ പഴകിയ വസ്ത്രത്തിന്റെ ഗന്ധം. ഒപ്പം വിയർപ്പിന്റെ ഗന്ധവും.

മടുപ്പ് തോന്നി എങ്കിലും സതീശൻ അവളിൽ അലിയാൻ കൊതിച്ചു.പണം കൊടുത്ത് ഈ ഏകാന്തതയെ കൊന്ന് കളയണം….ഇങ്ങനെ എങ്കിലും സ്നേഹം വിൽക്കാൻ ആരെങ്കിലും ഉണ്ടായെങ്കിൽ….

നിന്റെ പേരെന്താ ന്നാ പറഞ്ഞേ?

നേർത്ത കിതപ്പോടെ ചോദിച്ചു.

ശൈലജ…

അയാൾ ആവേശത്തോടെ അവളിൽ മുഖം അമർത്തി. ശൈലജയുടെ ഒട്ടിയ നെഞ്ചിൽ സ്ത്രീത്വത്തിന്റെ ഒരു മൃദുലതയും അയാൾക്കു കണ്ടെത്താൻ കഴിഞ്ഞില്ല..

മുഖം ചേർത്തപ്പോൾ അനുഭവപ്പെട്ട പാൽ മണം.. അയാൾ പിടഞ്ഞു എണീറ്റു. അമ്മയെ ഓർമ്മ വന്നു.

എന്താ സാർ.. അവളും പെട്ടെന്ന് എണീറ്റിരുന്നു.

നിനക്ക് ആരൊക്കെ ഉണ്ട്? നീ…. നീ ഒരു അമ്മ ആണോ?

മ്മ്… രണ്ടു പേര് ണ്ട്. മൂത്ത ആൾ ആറു വയസായി. താഴെ ഒന്നര വയസ്…

നിന്റെ കുട്ടികളുടെ അച്ഛൻ?

എന്റെ ഭർത്താവ്. മരിച്ചു പോയി.സ്നേഹിച്ചു കെട്ടി താ. ഞങ്ങക്ക് രണ്ടു പേർക്കും ആരും ഇല്ലായിരുന്നു. അങ്ങനെ ജീവിതം തുടങ്ങി.. പെട്ടെന്ന് ഒരു നാൾ ഞങ്ങളെ തനിച്ചാക്കി പോയ്‌ കളഞ്ഞു. വണ്ടി തട്ടിതാ…
മൂന്നു മാസം ആയതേ ള്ളൂ…

നീയെന്തിനാ ഇങ്ങനെ നടക്കുന്നെ…കണ്ടവരുടെ കൂടെ… നിന്റെ കുഞ്ഞുങ്ങളെ വളർത്താൻ ആണോ?

ഞാൻ ആരുടെ കൂടേം പോയില്ല സാറെ.. സാർ പറഞ്ഞത് നേരാ. എന്റെ കുഞ്ഞുങ്ങളെ വളർത്താൻ വേറെ കുറേ ജോലി അന്നെഷിച്ചു. ഒന്നും കിട്ടില്ല്യ.. അപ്പൊ തോന്നിതാ.. പക്ഷേ.. എന്നേ ആർക്കും വേണ്ടാ ന്നെ.. അല്ലേലും ഈ തൊഴിൽ ന് കാണാൻ കുറച്ചെങ്കിലും കോലം വേണ്ടേ…എങ്കിലും ഞാൻ പ്രതീക്ഷയോടെ എന്നും അവിടെ വന്നിരിക്കും. ആരെങ്കിലും വന്നെങ്കിൽ….. ആരും എന്നെ തേടി വന്നില്ല. ഒന്ന് നോക്കാറു പോലും ല്ല്യ….ഇന്നിപ്പോ സാർ ആണ് ആദ്യം ആയിട്ട് എന്നേ കൂടെ കൂട്ടിത്.. സാറ് വാ…

ശൈലജ വീണ്ടും മാറിലെ സാരി വലിച്ചു കളഞ്ഞു…

നീ… നീ വേഗം അതൊക്കെ എടുത്തു ഉടുക്കാൻ നോക്കു.. നിന്നേ ഞാൻ വീട്ടിൽ ആക്കി തരാം.

അയാൾ പരവേശത്തോടെ ജഗിലെ വെള്ളം വായിലേക്ക് കമിഴ്ത്തി… മൂക്കിൽ ഇപ്പോഴും ആ പാൽ മണം തങ്ങി നിൽക്കുന്നുണ്ടെന്ന് അയാൾക്കു തോന്നി..

സാറെ..

നിനക്ക് കാശ് കിട്ടിയാ പോരെ.. ഇന്നാ പിടിക്ക്…എന്റെ ആവശ്യം തീർന്നു.ഒന്ന് പോയി തരോ..

അയാൾ അവൾക്ക് നേരെ ചീറി. ഒപ്പം ഒരു അടുക്ക് നോട്ടുകൾ അവളുടെ കയ്യിൽ ബലമായി പിടിപ്പിച്ചു.

അവൾ മിഴിഞ്ഞ മുഖത്തോടെ വേഗം ബ്ലൗസിന്റെ ഹൂക് ഇട്ട് സാരി വലിച്ചു വാരി പുതച്ചു.


ഇതാണോ നിന്റെ വീട്?

ഏയ്… ഇത് നാണി തള്ളേടെ വീടാ…

നീയിവിടെ വാടകയ്ക്ക് ആണോ?

വാടക കൊടുക്കാൻ എന്റെ ലു എവിടുന്നാ സാറെ…. ഞങ്ങൾ താമസിച്ചിരുന്ന വാടക വീട്ടിൽ ന്നു ഇറക്കി വിട്ടപ്പോ ഇവരുടെ കാരുണ്യം കൊണ്ട് ഈ ചായ്‌പ്പിൽ കിടക്കുന്നു.

നിന്റെ കുട്ടികൾ?

ചെറുത് ഉറങ്ങാ… ഉറക്കി കിടത്തിട്ടാ ഞാൻ വന്നെ.. കുറച്ചു നേരം കൂടെ അവിടെ ഇരുന്നു നോക്കാ ന്നു കരുതി വന്നതാണ്. മൂത്തത് ഇവിടെ ണ്ടാവും.

മുത്തുമണീ.. അവൾ നീട്ടി വിളിച്ചു.

മെലിഞ്ഞ ചെറിയ ഒരു പെൺകുട്ടി ഓടി വന്നു അവളെ ചുറ്റി പിടിച്ചു.അയാളെ കണ്ട് ഭയന്ന് അവളുടെ പുറകിൽ ഒളിച്ചു.

സതീശന് ആ കുഞ്ഞിനോട് വാത്സല്യം തോന്നി.

മോൾ ഇങ് വാ..

മ്മ്ഹും….സാത്താൻ അല്ലേ?…മോൾക്ക് പേടി ആണ്.. അവൾ കുഞ്ഞി കൈകൾ കൊണ്ട് മുഖം പൊത്തി.

അയാളുടെ മുഖം വിളറി പോയി. ചിരിച്ചപ്പോൾ വെളിവായ വലിയ പല്ലുകൾ അയാൾ കൈ കൊണ്ട് മറച്ചു പിടിച്ചു.

സാത്താൻ ഒന്നും അല്ല മോളേ…

അമ്മ പറഞ്ഞു ലോ. ചിലപ്പോൾ അമ്മ തിരിച്ചു വരുമ്പോൾ കൂടെ ഒരു സാത്താൻ കാണും. അന്നേരം മോള് ഓടി പോയി പുതച്ചു മൂടി ചെന്ന് കിടന്നേക്കണം എന്ന്..

ശൈലജയുടെ മുഖം വിളറി പോയി….

സാത്താൻ അല്ല മോളേ.. ദൈവം ആണ് കൂടെ വന്നത്…

ശൈലജ കയ്യിൽ അയാൾ തന്ന നോട്ടുകെട്ടുകൾ മുറുക്കെ പിടിച്ചു കൊണ്ട്
കുട്ടിയെ വാരി എടുത്ത് കവിളിൽ ചുംബിച്ചു.

ഞാൻ പോകുന്നു,….

അയാൾ തിരിച്ചു നടന്നു. ഒന്ന് നിന്നു.

നീ വരുന്നോ.. നിന്റെ മക്കളെ കൂട്ടി. എനിക്കും ആരും ഇല്ല. ഭയമാണ് ഇപ്പോ വീട്ടിൽ ചെന്ന് കേറാൻ. ഒറ്റപ്പെട്ട ഈ ജീവിതം അധികകാലം പോകില്ലായിരിക്കും….നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ കൂടെ വാ…

ശൈലജ അത്ഭുതത്തോടെ കണ്മഷി പടർന്ന കണ്ണുകൾ വിടർത്തി അയാളെ നോക്കി.

അമ്മേ… ദൈവം വിളിക്കുന്നു…

മുത്തുമണി അമ്മയുടെ മുഖത്ത് നോക്കി…അവളുടെ കുഞ്ഞിക്കണ്ണുകളും എന്തോ അതിശയത്തിൽ വിടർന്നിട്ടുണ്ട്.

അയാൾ ഒരു പുഞ്ചിരിയോടെ കുഞ്ഞിന്റെ കവിളിൽ തട്ടി പതിയെ തിരിഞ്ഞു നടന്നു

Post a Comment

© Boldskyz. All rights reserved. Developed by Jago Desain