രാഘവോ തെക്കേ തൊടിയിലെ തെങ്ങിന് വളമിടാറായി. ഇത്തവണയും അവന്റെ പൈസ വരില്ലന്നാ തോന്നണേ,

Malayalam Story, mallu kadha , kadha

 രാഘവോ തെക്കേ തൊടിയിലെ തെങ്ങിന് വളമിടാറായി. ഇത്തവണയും അവന്റെ പൈസ വരില്ലന്നാ തോന്നണേ,നീ ഇച്ചിരി ചാണകവും ഇച്ചിരി തൂപ്പലും വെട്ടിയിട്ടു മൂടിയേക്ക്.. അല്ലെങ്കിൽ തന്നെ കറീല് അരക്കാനേ കിട്ടുന്നില്ല..”


സുകുമാരേട്ടൻ രാഘവനെ തടഞ്ഞു നിറുത്തി കൊണ്ടു അക്കാര്യം പറയുമ്പോൾ രാഘവൻ ആ പറമ്പിലേയ്ക്ക് ഒന്നു കൂടെ നോക്കി..

ഇനിയും കായ്ക്കാത്ത നാലു തൈ തെങ്ങും, നനവ് കിട്ടാതെ ഉണങ്ങി

തുടങ്ങിയ നാലു വാഴയും അതിൽ അരിയെത്താത്ത നാലു കുലയും നിൽപ്പുണ്ട്.. പാവം എന്തുമാത്രം കൃഷി ഉണ്ടായിരുന്ന സ്ഥലമായിരുന്നു…..

ഷർട്ടൂരി കഴുക്കോലിലേക്ക് തിരുകി വെയ്ക്കുന്നതിനിടയിൽ രാഘവൻ ഒന്നു മൂളി കൊണ്ടു ഒന്നും മിണ്ടാതെ തിരിച്ചു നടന്നു..


“സീതേച്ചി ഇച്ചിരി കഞ്ഞിവെള്ളം..”


അടുക്കള ഭാഗത്തെ തിണ്ണയിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ടു രാഘവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..


“നീ എത്തിയോടാ.. കഞ്ഞി ആയിട്ടില്ല എന്നാലും കഞ്ഞി വെള്ളം ഇപ്പ എടുക്കാം മോനെ..”


പതിവുപോലെ ആ മോനെ എന്നുള്ള വിളി കേട്ടപ്പോൾ തന്നെ അവന്റെ പകുതി ക്ഷീണം വിട്ടകന്നിരുന്നു.. അല്ലെങ്കിലും മോനെ എന്നുള്ള വിളി കേൾക്കാൻ ഇവിടെ വരണം..

കള്ള് കുടിയൻ രാഘവൻ, പെണ്ണ് പിടിയൻ രാഘവൻ , കൂടപ്പിറപ്പിനെ കൊന്നവൻ എന്തൊക്കെ ഓമന പേരാണ് എനിക്കിന്നുള്ളതു.. അവൻ ഉള്ളുകൊണ്ട് ഒന്നുചിരിച്ചു.


നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികളെ തോർത്തു മുണ്ട് കൊണ്ടു ഒപ്പിയെടുത്തതിന് ശേഷം രാഘവൻ തോർത്ത്‌ മുണ്ട് തിരികെ തോളിലേക്കിട്ടു..


“ഇതാ മോനെ കഞ്ഞിവെള്ളം”


കഞ്ഞി വെള്ളം ഏറ്റുവാങ്ങുമ്പോൾ ആ കൈകൾ വിറക്കുന്നത് അവനു കാണാമായിരുന്നു.. രാഘവൻ സീതേച്ചിയുടെ കണ്ണുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി..


കരഞ്ഞു കലങ്ങിയ കണ്ണുകളിൽ അപ്പോഴും അടരുവാൻ വെമ്പുന്ന കണ്ണുനീർത്തുള്ളികൾ നിറഞ്ഞിരുന്നു..


“എന്തു പറ്റി സീതേച്ചി.

സുകുമാരേട്ടന് വല്ലതും..”


“അതേ മോനെ ഇന്നു സുധിയുടെ ആണ്ടാണ്..

കഴിഞ്ഞ ആണ്ടിന് ഇതു പോലെ തന്നെ ആയിരുന്നു. അന്ന് മോൻ ഉണ്ടായിരുന്നില്ലല്ലോ..

കുറേ നേരം എന്തൊക്കെയോ പിച്ചും പേയും പറയും, പിന്നെ കരയും,,എന്നിട്ട് തളർന്നു ഒരു കിടപ്പാണ്…എന്റെ കയ്യിലും കാതിലും മോളുടേയും ഉള്ളത് എല്ലാം വിറ്റു പെറുക്കി ചികിൽസിച്ചതു കൊണ്ടാണ് ആളെ തന്നെ തിരിച്ചു കിട്ടിയത്.എനിക്കു പേടിയാവുന്നു.. ഇനി വിൽക്കാൻ ഈ കിടപ്പാടം മാത്രമെ ബാക്കി ഉള്ളൂ..”


“രാവിലെ തുടങ്ങിയതാ.. ആരോടും മിണ്ടാറില്ലായിരുന്നു. ഇന്ന് അവനെ പറ്റി മാത്രമാണ് സംസാരിക്കുന്നത് ബാക്കി ഉള്ളവരെ കൂടെ തീ തീറ്റിക്കാൻ..”


” എന്റെയും സൗമ്യമോളുടെയും കാര്യം നീ ഒന്ന് ആലോചിച്ചു നോക്കിക്കേ.. പത്തു മുപ്പത്തിരണ്ടു വയസ്സായി അവൾക്ക്.. തോമസേട്ടന്റെ റേഷൻ പീടികയിൽ ജോസ് പുറത്തെങ്ങാനും പോകുമ്പോൾ ഒന്നു പോയ്‌ ഇരിക്കും.. കഞ്ഞി വയ്ക്കാനുള്ള അരിയും വല്ലപ്പോഴും കുറച്ചു ചില്ലറയും കിട്ടും അതു കൊണ്ടു കഷ്ടിച്ച് ജീവിക്കുന്നു…

പറയുമ്പോൾ വല്ല്യ തറവാട്ടുകാര് വലിയകത്തു സുകുമാരൻ നായർ.. പേരിനു ഒരു കുറവും ഇല്ല… നായരായി ജനിച്ചത് ഞങ്ങളുടെ കുഴപ്പം കൊണ്ടാണോ…”


“ഒരിക്കൽ കെട്ടിയ ചെക്കൻ അപകടത്തിൽ മരിച്ചു പോയിന്ന് കരുതി വേറൊരു മംഗല്യഭാഗ്യം വന്നു ചേർന്നിട്ടില്ല എന്റെ കുട്ടിക്ക്… അവൾക്കും ആഗ്രഹം ഉണ്ടാകില്ലേ മോനെ.

അതിനെങ്ങനെയ.. നാട്ടുകാർ അല്ലെ തീരുമാനിക്കുന്നത്…

നാട്ടുകാരുടെ കണ്ണിൽ ദോഷം ഉള്ള പെണ്ണല്ലേ എന്റെ മോളു..

കല്യാണം കഴിഞ്ഞ അന്ന് തന്നെ ഭർത്താവിനെ നഷ്ടപെടുത്തിയവൾ.. ജാതക ദോഷം കൊണ്ടാണത്രെ.. ആൾക്കാരുടെ വായ് മൂടി വയ്ക്കാൻ പറ്റോ…പാവം സുധിമോൻ ഉണ്ടായിരുന്നെങ്കിൽ കടം വാങ്ങിയായാലും അവളെ ആരുടെയെങ്കിലും കയ്യിൽ പിടിച്ചു ഏൽപ്പിച്ചേനെ..”


സീത തന്റെ ഉള്ളിലുള്ള വിഷമങ്ങളൊക്കെയും രാഘവനോട് തുറന്നു പറഞ്ഞു…


“സാരല്ല്യ ചേച്ചി എല്ലാം ശരിയാവും.. അവൻ അവരെ ആശ്വസിപ്പിച്ചു …

ജയിലിലായിരുന്നപ്പോൾ ഞാനറിഞ്ഞിരുന്നു.. സുധി മരിച്ച വിവരം അപകട മരണമായിരുന്നുന്നാ പറഞ്ഞുകേട്ടത്..”


” അതു അവിടെ നിൽക്കട്ടെ.. സത്യത്തിൽ എന്താ സംഭവിച്ചത് സീതേച്ചി.. സുകുമാരേട്ടൻ ഇത്ര കണ്ടു തളർന്നു പോകാൻ..”

അച്ഛന് മുന്നേ മോനെ കൊണ്ടോയില്ലേ. ഇനി കൊള്ളിവയ്ക്കാൻ ആരും ഇല്ലാലോ മോനെ…

സീത മുണ്ടിന്റെ തലപ്പു കൊണ്ടു മുഖം അമർത്തി തുടച്ചു കൊണ്ടു അടുക്കളയുടെ ചുവരിലേയ് ക്ക് ചാരി നിന്നു…


“അളിയനും അളിയനും കൂടി കല്യാണം കഴിഞ്ഞ അന്ന് കവലയിലേക്ക് ഒന്നുപോയതാ…തിരിച്ചു വന്നത് വെള്ളതുണിയിൽ പൊതിഞ്ഞാണ് എന്ന് മാത്രം..കൊല്ലം അഞ്ചാറായില്ലേ.. ഓർമ്മിക്കാൻ ഇഷ്ടം ഉണ്ടായിട്ടല്ല കണ്ണിൽ നിന്നും മായുന്നില്ല മോനെ..”


“എന്റെ ആധിയിപ്പോൾ എന്റെ മോളുടെ കാര്യം ആലോചിച്ചിട്ടാ..

എന്റെ മോനെ..

ഞങ്ങളുടെ കാര്യം കഴിഞ്ഞാൽ എന്റെ മോളുടെ കാര്യം…” അവൾ തനിച്ചാകില്ലേ..”

അതു പറഞ്ഞതും തടുത്തു നിറുത്തിയ അണക്കെട്ട് പൊട്ടിയതുപോലെ സീത വീണ്ടും പൊട്ടി കരഞ്ഞു..


ഇതെല്ലാം കണ്ടും കേട്ടും അടുക്കള വാതിലിനു പിറകിൽ ഒരാൾ നിൽപ്പുണ്ടായിരുന്നു സൗമ്യ..


രാഘവേട്ടന്റെ മുഖത്തു നോക്കുവാൻ പോലും കഴിയാതെ കുറ്റബോധത്താൽ കണ്ണുനീർ പൊഴിച്ചു കൊണ്ടു…. അവൾ തിരിഞ്ഞു നിന്നു കൊണ്ടു തന്റെ മിഴികളൊപ്പി..

സത്യത്തിൽ അറിയാതെയാണെങ്കിലും ഞാനായിരുന്നില്ലെ രാഘവേട്ടന്റെ ജീവിതം നശിപ്പിച്ചതു.. പാവം എന്നിട്ടും എന്നോട് ഇതു വരെ കടുപ്പിച്ചു ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ലാ.. എന്റെ മുഖത്തു പോലും നോക്കിയിട്ടില്ല…പാവത്തിന് വെറുതേ ആശ കൊടുത്തു വഞ്ചിച്ചു…


അവൾ കഞ്ഞിയ്ക്ക് തീ തള്ളിവെച്ചു കൊണ്ടു. തന്റെ പഴയ കാലത്തേയ്ക്ക് തിരിച്ചു നടന്നു…


. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് ഭവാനി ചേച്ചിയുടെ വീട്ടു പടിക്കലിൽ തന്നെയും നോക്കി കണ്ണുരുട്ടി കാണിക്കുന്ന ആ രാഘവേട്ടനെ അവൾക്ക് മറക്കുവാൻ കഴിഞ്ഞിരുന്നില്ല..പേടിയായിരുന്നു..


പാടത്തും പറമ്പിലും ഭവാനി ചേച്ചിയോടൊത്തു പണിക്കു വരുമ്പോൾ മുണ്ട് വളച്ചു കുത്തി പൊടി മീശ പിരിച്ചു കാണിക്കുന്ന ആ ചേട്ടനെ കാണുമ്പോഴേക്കെ അവൾ ഓടി ഒളിക്കുമായിരുന്നു..

മേലേ കാവിലെ വേലയ്ക്ക് പൊരിവിൽപ്പനക്കാരൻ തന്റെ കൈക്കു കയറി പിടിച്ചപ്പോൾ ആ കൈ തല്ലിയൊടിച്ച ആ ചേട്ടനോട് അന്നായിരുന്നു ആദ്യമായി ഒരു ഇഷ്ട്ടം തോന്നിയത്.. പലപ്പോഴും നന്ദി പറയാൻ ചിരിച്ചു കൊണ്ടു ചെല്ലുമ്പോഴും കണ്ണുരുട്ടി കാണിക്കുന്ന ആ കണ്ണുകളോടു വല്ലാത്ത ഒരു ഇഷ്ട്ടം തോന്നി..


പ്രായപൂർത്തിയായ പെണ്ണിന് ഒരു ആണിനോട് തോന്നുന്ന ഇഷ്ട്ടമായി അതു വളർന്നു.. ഊണിലും ഉറക്കത്തിലും ആ കണ്ണുകളെ പ്രണയിക്കാൻ തുടങ്ങി…പലപ്പോഴും എന്റെ ഭാവമാറ്റങ്ങളിൽ നിന്നും രാഘവേട്ടനു ബോധ്യം വന്നിട്ടുണ്ടെങ്കിലും “എടി പെണ്ണെ നിന്റെ ഭ്രാന്ത് ഇച്ചിരി കൂടുന്നുണ്ട്” എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു..


പങ്കജത്തിന്റെ വീട്ടിൽ നിന്നും രാത്രിയിൽ ഇറങ്ങി പോയ രാഘവേട്ടനെ നാട്ടുകാർ കെട്ടിയിട്ടുതല്ലിയെന്നറിഞ്ഞപ്പോഴാണ് അതു വരെ ഉണ്ടായിരുന്ന സ്നേഹത്തിൽ ആദ്യമായി കരിനിഴൽ വീണത്….


പണിക്കാശ് കൊണ്ടു കൊടുക്കുവാൻ പോയതാണെന്ന് അന്നയാൾ എല്ലാവരോടുമായി പറഞ്ഞത് ഞാനും നാട്ടുകാരും വിശ്വസിച്ചിരുന്നില്ല..


എല്ലാവരെയും പോലെ ഞാനും വിളിച്ചു പെണ്ണ് പിടിയൻ രാഘവൻ…എനിക്കു വേണ്ട ഈ പിശാചിനെ… മനസ്സിൽ വെറുപ്പായിരുന്നു… അന്യ സ്ത്രീയിൽ സുഖം തേടുന്നവനെ ഏതു പെണ്ണാ ഇഷ്ട്ടപെടുക…


എന്നാൽ കാലം സത്യം തെളിയിച്ചു…


അറിയാൻ ഒരുപാട് വൈകി പോയി… അന്ന് ഈ സത്യം എനിക്കറിയാമായിരുന്നുവെങ്കിൽ ഈ രാഘവന്റെ പെണ്ണായി ഞാൻ ജീവിച്ചേനെ…അവൾ അടർന്നു വീണ മിഴി നീർ തുള്ളികളെ ചൂണ്ടു വിരലാൽ തൂത്തുകളഞ്ഞു..

അവൾ തന്റെ മനസ്സിനോട് സ്വയം ചോദ്യങ്ങളുയർത്തി..ഒരായുസ്സിന്റെ സ്നേഹം രാഘവേട്ടൻ തനിക്കു തന്നിട്ടില്ലേ.. താനും രാഘവേട്ടനോട് ഒന്നിച്ചു ജീവിക്കാൻ കൊതിച്ചിട്ടില്ലേ..

വാശിയായിരുന്നില്ലേ പുതിയ ഒരു ജീവിതത്തിലേയ്ക്ക് എന്നെ തള്ളിവിട്ടത്..

എന്നിട്ടും വിധിയല്ലെ എന്നിൽ വില്ലനായത്..

കഴിഞ്ഞതെല്ലാം മറക്കുവാൻ തനിക്കു കഴിയുമോ ….. ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ അവൾ നിന്നുരുകയുകയിരുന്നു…


അമ്മയുടെ മോനെ.. എന്നുള്ള വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്…


“മോനെ.. ചായ്പ്പിന്റെ നാലഞ്ച് ഓട് ഇളകി കിടപ്പുണ്ട് അതൊന്ന് ശരിയാക്കണം പിന്നെ ഒന്നു രണ്ടു വാഴ ക്കന്നു കുഴിച്ചിടണം ഒന്നും ഇല്ലെങ്കിൽ കഞ്ഞിക്കു ഒരു ഉപ്പേരിയെങ്കിലും കൂട്ടാ മല്ലോ..”

“അതു പോട്ടെ വന്നിട്ടു കുറച്ചീസം ആയല്ലേ.. .. കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഒരു കല്യാണം ഒക്കെ കഴിച്ചു ഇനിയെങ്കിലും സന്തോഷമായി ജീവിക്കാൻ നോക്കു..”

സീതേച്ചി കുറെ നാളായി മോനോട് ചോദിക്കണം എന്ന് കരുതിയ ഒരു കാര്യം ഉണ്ടു.. ചോദിച്ചോട്ടെ… മോനു വിഷമം ആവോ..


ചേച്ചി പറയ്.. ഇനി എന്തോന്ന് വിഷമം ആർക്കു വേണ്ടിയാ ഇനി വിഷമിക്കേണ്ടതു…രാഘവൻ ചിരിച്ചു കൊണ്ടു തലയാട്ടി…


“അതു വേറെ ഒന്നു മല്ല..രാജി മോളു എങ്ങിനെയാ മരിച്ചത്…

എല്ലാവരും പറയുന്നുണ്ടായിരുന്നു മോൻ ആണെന്ന്.. എല്ലാവരും അങ്ങിനെയൊക്കെ പറഞ്ഞാലും സീതേച്ചി വിശ്വസിച്ചിട്ടില്ലട്ടോ.. എനിക്കറിയാവുന്നതല്ലേ നിങ്ങൾ ആങ്ങളേനേം പെങ്ങളേം..


പിന്നെ അപ്പ എന്തുണ്ടായേ.. ഭവാനിയോട് ചോദിക്കാമെന്ന് വെച്ചാൽ ആ പാവം അതിനു ശേഷം മിണ്ടിയിട്ടില്ല നിന്നെ കൊണ്ടുപോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ രാജിയുടെ അടുത്തേക്ക് തന്നെ പോവുകയും ചെയ്തു…

എന്നോർക്കുമ്പോൾ ഇവിടുത്തെ വിഷമം ഒന്നുമല്ല.. ഒരു കുടുംബം തന്നെ വെണ്ണീർ ആയി പോയില്ലേ.. “സീത ഒരു നെടുവീർപ്പോടെ പറഞ്ഞു നിറുത്തി..


അതു കേട്ടതും പൊടുന്നനെ അവന്റെ കണ്ണുകൾ ചുവന്നു ചുണ്ടുകൾ ദേഷ്യം കൊണ്ടു വിറച്ചു…


കഞ്ഞി വെള്ളം കുടിച്ചു കൊണ്ടിരുന്ന പാത്രം അവൻ മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ടാണ് അവൻ തന്റെ രോഷം പ്രകടിപ്പിച്ചത്..


“സീതേച്ചി വേണ്ട.. ഒന്നു നിറുത്തോ.. കേട്ടു കേട്ടു മരവിച്ചതാ… ഇനിയെങ്കിലും എന്നെ ജീവിക്കാൻ അനുവദിക്കോ..അതൊരു അടഞ്ഞ അധ്യായമാണ് ഇനിയും എന്നെ ഓർമ്മിപ്പിക്കരുത്…”


പാത്രം നിലത്തു കിടന്നുരുളുന്ന ശബ്ദം കേട്ടു സൗമ്യയും അങ്ങോട്ടേയ്ക്ക് വന്നു എത്തി നോക്കി..


“മോനെ സീതേച്ചി അറിയാൻ വേണ്ടി ചോദിച്ചതാ അല്ലാതെ മോനാണ് അതു ചെയ്തതെന്ന് ഞങ്ങളാരും വിശ്വസിച്ചിട്ടില്ല.. മോനു അതിനു കഴിയില്ലന്നു സീതേച്ചിക്ക്നന്നായി അറിയാം..”

സീത അവനെ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു….


അത്രയും കേട്ടു കൊണ്ടിരുന്ന സൗമ്യ പെട്ടന്ന് പൊട്ടിത്തെറിച്ചു…” ഇനി ആരും ഒന്നും പറയണ്ട…”


അന്നവൾ ആദ്യമായി രാഘവേട്ടന് വേണ്ടി സംസാരിച്ചു…

“രാഘവേട്ടൻ പറയില്ല.. എനിക്കറിയാം ആ മനസ്സ്…ഒന്നു എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാ

രാഘവേട്ടനല്ല രാജിയെ കൊന്നത്…”

അതു കേട്ടു രാഘവനും, സീതയും അവളുടെ നേർക്ക് തിരിഞ്ഞു… നാലു കണ്ണുകൾ അവളുടെ അടുത്ത വാക്കുകൾക്കായി ആകാംഷയോടെ ഉറ്റുനോക്കി..


“മോളെ… നീ പറഞ്ഞു വരുന്നത്..”


“ഇനിയും ഞാൻ ഇതു പറഞ്ഞില്ലെങ്കിൽ എന്റെ മനസാക്ഷി എന്നേ വെറുതെ വിടില്ല…”

നിശബ്ദത നിറഞ്ഞ അന്തരീക്ഷത്തിൽ അവൾ വീണ്ടും പറഞ്ഞു തുടങ്ങി…


“ഈ ലോകത്തു ആ സത്യം അറിയുന്ന രണ്ടു പേർ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളു..

അതിലൊന്ന് നമ്മുടെ അച്ഛനും പിന്നെ ഭാഗ്യം കെട്ട ഈ ഞാനുമാണ്..”


“മോളേ… “ഇത്തവണ സീത കടുപ്പിച്ചാണ് വിളിച്ചത്


അമ്മയുടെ വിളി അവൾ കേട്ടില്ലെന്ന് നടിച്ചു കൊണ്ടു പറഞ്ഞു…


“സത്യമാണ് അമ്മേ ഞാൻ പറയുന്നത്…

അമ്മ എപ്പോഴും പറയാറില്ലേ സുധി ചേട്ടൻ മരിച്ചതിന്റെ വിഷമം താങ്ങാനാവാതെയാണ് അച്ഛന്റെ സമനില തെറ്റിയെന്ന്.. സത്യത്തിൽ അതല്ലായിരുന്നു…പങ്കജചേച്ചി മരിക്കുന്നതിന് മുൻപ് ഒരിക്കൽ എന്നേ കാണാൻ ഇവിടെ വന്നിരുന്നു… എല്ലാം എന്നോട് തുറന്നു പറയാൻവേണ്ടി .. അന്ന് എന്നോട് ഇക്കാര്യം പറയുന്നത് അച്ഛനും കേട്ടിരുന്നു.’ അതാണ് അച്ഛൻ്റെ സമനില തെറ്റുവാൻ കാരണം

അമ്മയുടെ മകനാണ് രാജിയെ കൊന്നതു..”

അതു കേട്ടതും തരിച്ചു നിൽക്കുന്ന രണ്ടുപേരോടായി അവൾ പറഞ്ഞു.. “എന്റെ രഘുവേട്ടൻ നിരപരാധിയാണ് ..”


ചോര പൊടിഞ്ഞ കണ്ണുകളുമായ് നില്ക്കുന്ന രാഘവനെയും സൗമ്യയെയും മാറി മാറി നോക്കി കൊണ്ടു സീത ഉച്ചത്തിൽ വിളിച്ചുകൂവി..


“ഇല്ല. ഒരിക്കലുമല്ല. എൻ്റെ മകൻ അങ്ങിനെ ചെയ്യില്ല.”


അതിനു മറുപടി പറയാതെ സൗമ്യ രാഘവേട്ടനെ ചൂണ്ടി കൊണ്ടു പറഞ്ഞു തുടങ്ങി ..

“ആ നിൽക്കുന്ന മനുഷ്യൻ്റെ കാലു കഴുകി വെള്ളം കുടിച്ചാലും നമ്മൾ അയാളോട് ചെയ്ത ക്രൂരതയ്ക്ക് പകരമാവില്ല.പങ്കജ ചേച്ചിയുടെ വീട്ടിൽ അന്ന് രാത്രി പോയിരുന്നത് രാഘവേട്ടനായിരുന്നില്ല,, പകരം സുധിച്ചേട്ടൻ ആയിരുന്നു ..വേറെ ഒന്നിനുമല്ല പങ്കജ ചേച്ചിയുടെ ചൂട് പറ്റി കിടക്കാൻ..”

“നീ എന്തൊക്കെയാ ഈ പറയുന്നേ.”


സീത മറുപടി പറഞ്ഞു കൊണ്ട് സൗമ്യക്കെതിരെ തട്ടിക്കയറി.


“അതേ അമ്മേ..സത്യമാണ്… രാജി ചേച്ചിയും സുധിച്ചേട്ടനും ഇഷ്ടത്തിലായിരുന്നു .. എന്നാൽ സുധിച്ചേട്ടനു പങ്കജച്ചേിയുടെ അടുത്തുണ്ടായിരുന്ന അടുപ്പം രാജി ചേച്ചി കണ്ടു പിടിച്ചു..

അതിനെ ചൊല്ലി പങ്കജചേച്ചിയുടെ വീട്ടിൽ വെച്ചു അവർ തമ്മിൽ വഴക്കുണ്ടായി.. എന്റെ ഏട്ടനല്ല നീയാണ് പങ്കജത്തിന്റെ അന്തികൂട്ടുകാരൻ എന്ന് എല്ലാവരോടും വിളിച്ചു പറയുമെന്ന് രാജി ചേച്ചി അവിടെ വെച്ചു സുധിചേട്ടനോട് പറഞ്ഞിരുന്നു..അന്ന് രാത്രിയാണ് രാജി ചേച്ചി കൊലചെയ്യപ്പെട്ടത്…

ഇരുട്ടത്ത്‌ അങ്ങിനെ പറ്റി പോയി എന്ന് സുധിച്ചേട്ടൻ പങ്കജചേച്ചിയോട് തുറന്നു പറഞ്ഞു.. ഇക്കാര്യങ്ങളെല്ലാം പുറത്തു പറഞ്ഞാൽ നിന്നെയും വകവരുത്തുമെന്ന് ചേട്ടൻ ഭീഷിണി പെടുത്തിയത്രേ..”


“അമ്മ പറയുമായിരുന്നല്ലോ പെങ്ങളെ കെട്ടിച്ചയക്കാൻ എന്റെ മോൻ അന്യ നാട്ടിൽ പോയി കഷ്ട്ടപ്പെടുവാണ് എന്ന്..

. ഒളിച്ചോടിയതാണ്.. എല്ലാവരുടെയും മുന്നിൽ നിന്നു..സത്യം എന്നെങ്കിലും പുറത്തു വരും അമ്മേ… അവസാനം കിട്ടിയില്ലേ…”


“ഈശ്വരനാണ് സുധിയെ ശിക്ഷിച്ചത്.. രാഘവൻ നല്ലവനാ മോളേ അവനു നിന്നെ ഇഷ്ട്ടമാണെന്ന് രാജി എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു… അവനു ഒരു ജീവിതം ഉണ്ടെങ്കിൽ അതു നിന്റെ കൂടെ മാത്രം ആയിരിക്കുമെന്നും എന്നോട് കരഞ്ഞു പറഞ്ഞു കൊണ്ടാണ്.. പങ്കജചേച്ചി ഈ പടിയിറങ്ങി പോയത്…”


“മരിച്ചവരെ കുറിച്ചു ഇനി എന്തു പറയാൻ എല്ലാം ഉള്ളിലൊതുക്കി ഞാനും കാലങ്ങൾ തള്ളി നീക്കി..

എന്നാൽ ഇന്ന് എന്തോ എന്റെ മനസ്സ് പറഞ്ഞു.. ഇനിയും ആ പാവത്തിനെ കുറ്റക്കാരൻ ആകരുതേയെന്ന്.. മനസ്സിൽ ഇനിയും കൊണ്ടു നടക്കുവാൻ വയ്യാമ്മേ.. എനിക്കു പേടിയാവുകയാണ്.. ഞാനും അച്ഛനെ പോലെ ആയിപോകുമോയെന്ന്..”


നേർത്ത സ്വരത്തിൽ അവളുടെ വാക്കുകൾ അടർന്നു വീണപ്പോൾ സീത ഇറയത്തു തളർന്നു ഇരുന്നുപോയിരുന്നു… എല്ലാം കേട്ടിരുന്നിട്ടും ഒന്നും പ്രതികരിക്കാതെ നിൽക്കുന്ന രാഘവേട്ടനെ അവൾ ഒന്നു കൂടെ നോക്കി.. താടി രോമങ്ങളിൽ തട്ടി നിൽക്കുന്ന ആ കണ്ണുനീർ തുള്ളികളിൽ കുന്നോളം വേദനയുണ്ടായിരിക്കുമെന്ന് അവൾ തിരിച്ചറിഞ്ഞു… എല്ലാം നഷ്ടപ്പെട്ട ആ നെഞ്ചു പിടയ്ക്കുന്നുണ്ടാകും…

അതു കണ്ടു നിൽക്കാൻ കഴിയാതെ അവൾ തന്റെ മിഴികൾ പിൻവലിച്ചു…


ആ സമയങ്ങളിൽ രാഘവന്റെ മനസ്സിൽ അന്നത്തെ സംഭവം തെളിയുകയായിരുന്നു..

കുത്തിക്കെടുത്തിയ കുറ്റിചൂട്ടിന്റെ നേരിയ പ്രകാശത്തിൽ ആരോ ഓടിപ്പോകുന്നത് തനിക്ക് തോന്നിയതാവും എന്ന് കരുതി രാജി മോളെ എന്ന് വിളിച്ചു അകത്തേക്ക് കയറിയ എന്റെ തോളിലേയ്ക്ക് ചേട്ടാ എന്ന് വിളിച്ചു ചാഞ്ഞു വീണ എന്റെ കുഞ്ഞി പെങ്ങൾ …

കറന്റു വന്ന നേരത്ത് ആ കാഴ്ച കണ്ട അമ്മയുടെ ആന്തൽ..രാഘവൻ എന്ന കൊലപാതകിയിലേക്ക് തള്ളിവിടുകയായിരുന്നു…


എന്നെങ്കിലും ഒരു ദിവസം അവനെ എന്റെ കയ്യിൽ തന്നെ കിട്ടുമെന്ന് കരുതി സ്വയം കുറ്റം ഏറ്റെടുത്ത അവളുടെ പൊന്നാങ്ങള…

മനസ്സിൽ കൊണ്ടു നടന്ന പകയും, പ്രതികാരവും എല്ലാം നിമിഷ നേരം കൊണ്ടു ഒലിച്ചു പോയിരിക്കുന്നു…

ഇനിയെന്തിനു ഒരു ജീവിതം ..ഒന്നും മിണ്ടാതെ രാഘവൻ തിരിഞ്ഞു നടക്കുവാൻ തുടങ്ങിയപ്പോഴാണ് സൗമ്യ അക്കാര്യം വിളിച്ചു പറഞ്ഞത്.. “ഞാൻ രാഘവന്റെ പെണ്ണാ.. കഴുത്തിൽ താലി കെട്ടിയില്ലെങ്കിലും

ആരൊക്കെ നോക്കിയില്ലെങ്കിലും രാഘവേട്ടൻ എന്നേ നോക്കും എനിക്കുറപ്പുണ്ട്…”

അവൾ മുഖം പൊത്തി കൊണ്ടു തിരിഞ്ഞു നടന്നപ്പോൾ ..

തന്റെ കാലിൽ വീണു കിടക്കുന്ന സീതേച്ചിയെ പിടിച്ചെഴുനേൽപ്പിക്കുകയായിരുന്നു രാഘവൻ..

“മോനെ നിന്റെ അമ്മയാ പറയുന്നതെന്ന് കരുതിയാൽ മതി ശപിക്കരുത്.. എന്നെയും കുടുംബത്തിനേയും…”


ഒന്നും മിണ്ടാതെ നടന്നകലുന്ന രാഘവനെ നിറമിഴികളോടെ അവർ നോക്കി നിന്നു..

Post a Comment

© Boldskyz. All rights reserved. Developed by Jago Desain